''എനിക്ക് നോ പറയാന്‍ അറിയില്ല'' ഉമ്മന്‍ ചാണ്ടി നല്‍കിയ പ്രത്യേക അഭിമുഖം

2016 ല്‍ ഉമ്മന്‍ ചാണ്ടി ധനം മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖം വായിക്കാം

Update: 2023-07-18 13:02 GMT

Image: Dhanam file

''വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ എനിക്കൊരു സ്ത്രീ കത്തെഴുതി. താങ്കള്‍ മുഖ്യമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒന്നാം നമ്പര്‍ കാറില്‍ കയറുന്നത് ടി വിയില്‍ കണ്ടപ്പോള്‍ പണ്ട് റിക്ഷയില്‍ കയറ്റി ഞങ്ങളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മ വന്നുവെന്നായിരുന്നു ആ കത്തില്‍'' 2016 ല്‍ ഉമ്മന്‍ ചാണ്ടി ധനം മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖം വായിക്കാം.

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

ഞാനൊരു ഈശ്വര വിശ്വാസിയാണ്. വിശ്വാസത്തെക്കാള്‍ കൂടുതല്‍ ദൈവ ഭയമാണുള്ളത്. അതിനാല്‍ രാവിലെ എണീറ്റാലുടനെ ദൈവാനുഗ്രഹത്തി നായും നല്ല ദിവസത്തിനായും പ്രാര്‍ത്ഥിക്കും,

ഇഷ്ട ഭക്ഷണം?

എന്തും കഴിക്കും. പക്ഷെ ചെറുപ്പം മുതല്‍ക്കേ കപ്പയാണ് കൂടുതല്‍ ഇഷ്ടം. അരുവിക്കര തെരെഞ്ഞെടുപ്പ് കാലത്ത് ആദിവാസി കേന്ദ്രങ്ങളില്‍ പോയപ്പോള്‍ കപ്പയോടൊപ്പം എട്ടുപത്ത് തരം ചമ്മന്തി തന്നു. ഞാനതേറെ ആസ്വദിക്കുകയും ചെയ്തു.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് നമ്മള്‍ പൂര്‍ണ്ണ മനുഷ്യനാകുന്നത്. നമ്മളെക്കൊണ്ട് കഴിയുന്ന വളരെ ചെറിയ കാര്യം പോലും ചെയ്തുകൊടുക്കുന്നത് വലിയ നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് എനിക്ക് ഏറ്റവും അധികം സംതൃപ്തി ലഭിക്കുന്നതും.

മാറ്റാനാഗ്രഹിക്കുന്ന ഒരു സ്വഭാവം?

ഒരാളോടും നോ എന്നുപറയാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതിന്റേതായ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുണ്ട്.

താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം ?

ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ങ്ങാതെ കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നൊരു തെറ്റിധാരണ പലര്‍ക്കുമുണ്ട്. യഥാര്‍ത്ഥത്തില്‍ അത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ്. കാരണം ഏതെങ്കിലും ഒരു ജോലി തീര്‍ക്കാതെ കിടന്നാല്‍ എനിക്ക് ഒട്ടും ഉറങ്ങാന്‍ സാധിക്കില്ല. അതിനാല്‍ എല്ലാ ജോലിയും ചെയ്തു തീര്‍ക്കുന്നത് എനിക്ക് ഉറങ്ങാന്‍ വേണ്ടിയാണ്.

നേരിട്ട വെല്ലുവിളികള്‍ ?

ബാലജനസഖ്യം മുതല്‍ താഴെ തട്ടില്‍ നിന്നുമാണ് ഞാന്‍ പൊതുപ്രവര്‍ത്തകനായത്. സംഘടനാ പ്രവര്‍ത്തനത്തിന് പലപ്പോഴും കൈയ്യില്‍ പൈസയുണ്ടാവില്ല. വിമോചന സമരകാലത്ത് കോട്ടയത്തേക്ക് ബസില്‍ പോകാന്‍ കാശില്ലാത്തതിനാല്‍ ടുത്താല്‍ അന്ന് ട്രെയില്‍ റിസര്‍വേഷന്‍ കിട്ടുമായിരുന്നു. പക്ഷെ പൈസ യില്ലാത്തതിനാല്‍ വെല്ലിങ്ടണ്‍ ഐലന്റില്‍ ചെന്ന് അണ്‍ റിസേര്‍വ്ഡ് കം സീറ്റിനടിയില്‍ പാര്‍ട്ട്‌മെന്റില്‍ കയറിപ്പോയിട്ടുണ്ട്. ആളുകള്‍ ഇരിക്കുന്ന പേപ്പര്‍ വിരിച്ച് കിടന്നിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ കോഴിക്കോട് ഡി.സി.സി ഓഫീസിന്റെ വരാന്തയിലും കിടന്നുറങ്ങിയിട്ടുണ്ട്.

വിശ്രമിക്കുന്നത് എങ്ങനെ?

അതിനൊരു പ്രത്യേക സമയം എനിക്കാവശ്യമില്ല. മുഖ്യമന്ത്രിയായിരിക്കേ മിക്കപ്പോഴും രാത്രി ഒരു മണിക്കാണ് ഓഫീസില്‍ നിന്നിറങ്ങുക. കാറില്‍ കയറിയാല്‍ അന്നേരം ഞാനുറങ്ങും, കാറില്‍ നിന്നിറങ്ങി വീട്ടിലെ കിടക്കയില്‍ കിടന്നാലും അന്നേരം ഉറങ്ങും.

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന രസകരമായൊരു സംഭവം?

സി.എം.എസ് കോളേജിലെ പ്രീ-യൂണിവേഴ്‌സിറ്റി തെരെഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ച് വിജയിച്ചതോടെ സുഹൃത്തുക്കള്‍ എന്നെയും കൊണ്ട് കോളേജ് കോമ്പൗണ്ടിന് പുറത്തേക്ക് വന്നു. അപ്പോള്‍ ഒരു സാധു റിക്ഷയും വലിച്ച അതുവഴി വരികയായിരുന്നു. പെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ അയാളെ പിടിച്ച് മാറ്റി റിക്ഷയില്‍ എന്നെ പിടിച്ചിരുത്തി. അതോടെ ഞാനൊരു കാഴ്ചവസ്തുവായി. വലിക്കാനറിയാത്തതിനാല്‍ റിക്ഷ ഇടക്കിടെ പൊങ്ങിപ്പോകും. റിക്ഷാക്കാരനാകട്ടെ എന്റെ വയറ്റിപ്പിഴപ്പാണേ എന്നു വിളിച്ചുകൊണ്ട് ഞങ്ങള്‍ക്ക് പിന്നാലെയുണ്ട്. ലേഡീസ് ഹോസ്റ്റലാകെ ഒന്നു ചുറ്റിയശേഷമാണ് എന്നെ സുഹൃത്തുക്കള്‍ താഴെയിറക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഞാന്‍ മുഖ്യമന്ത്രിയായപ്പോള്‍ എനിക്കൊരു സ്ത്രീ കത്തെഴുതി. താങ്കള്‍ മുഖ്യമന്ത്രി യായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഒന്നാം നമ്പര്‍ കാറില്‍ കയറുന്നത് ടി വിയില്‍ കണ്ടപ്പോള്‍ പണ്ട് റിക്ഷയില്‍ കയറ്റി ഞങ്ങളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന ഉമ്മന്‍ ചാണ്ടിയെ ഓര്‍മ്മ വന്നുവെന്നായിരുന്നു ആ കത്തില്‍.

സഹപ്രവര്‍ത്തകരില്‍ താങ്കള്‍ ഇഷ്ടപ്പെടാത്തത്?

സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്താണ് എന്റെ പ്രവര്‍ത്തനം, ഒരിക്കലും എന്റെ ഒരു സഹപ്രവര്‍ത്തകനുണ്ടാകുന്ന ഒരു വീഴ്ച മുതലെടുക്കാന്‍ ഇന്നുവരെ ശ്രമിച്ചിട്ടില്ല. ഈയൊരു പ്രവര്‍ത്തനശൈലി കാരണം എല്ലാ ഭാഗത്തു നിന്നുള്ള പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്.

ആരോപണങ്ങളില്‍ ദുഖമുണ്ടായിട്ടില്ലേ?

ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. മുഖ്യമന്ത്രി ആകുന്നതിന് മുന്‍പ് ഞാനും ഭാര്യയുമായി ട്രെയിനില്‍ പോയത് മുഖ്യമന്ത്രിയായ ശേഷം വന്‍ വിവാദമായിത്തീര്‍ന്നു. യാ ്രക്കാരുടെ ലിസ്റ്റ് ഉള്‍പ്പെടെ എല്ലാ റെക്കോര്‍ഡുകളുമായി പത്രസമ്മേളനം നടത്തിയതിനെ തുടര്‍ന്ന് ആ വിവാദം അവസാനിച്ചെങ്കിലും തെറ്റായ വാര്‍ത്ത കൊടുത്ത പത്രങ്ങള്‍ തിരുത്താന്‍ തയ്യാറായില്ല. പക്ഷെ, ഇന്ന് ഏത് വിവാദം ഉണ്ടായാലും നേരിടാനുള്ള ധൈര്യം അതിലൂടെ എനിക്ക് ലഭിച്ചു.

വിദേശരാജ്യ സന്ദര്‍ശനത്തെക്കുറിച്ച്?

ഒട്ടേറ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും കാഴ്ചകള്‍ കാണാനോ ഷോപ്പിംഗ് നടത്താനോ ഞാനൊരിക്കലും ശ്രമിച്ചിട്ടില്ല. പകരം നമ്മുടെ ആളുകളെ പരമാവധി കണ്ട് ആശയവിനിമയം നടത്തുകയാണ് പതിവ്. എവിടെപ്പോയാലും വിദേശ മലയാളികളുടെ ആത്മാര്‍ത്ഥത, സത്യസന്ധത, ജോലിയോടുള്ള ഉത്തരവാദിത്തം എന്നിവയെക്കുറിച്ചൊക്കെ വളരെ നല്ല അഭിപ്രായമാണ് കേട്ടിട്ടുള്ളത്. അതില്‍ വളരെയധികം സന്തോഷമുണ്ട്.

( ആദ്യമായി പ്രസിദ്ധീകരിച്ചത് ധനം, സെപ്റ്റംബര്‍ 15, 2016, 2018 ല്‍ പുറത്തിറക്കിയ 'പ്രശസ്തരുടെ ഉള്ളിലിരുപ്പ്' എന്ന പുസ്തകത്തിലും പ്രസിദ്ധീകരിച്ചു)

Tags:    

Similar News