മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇനി വേണ്ടെന്ന് ഇന്ത്യ

Update: 2020-01-09 11:29 GMT

മലേഷ്യയില്‍ നിന്നുള്ള സംസ്‌കരിച്ച പാമോയില്‍ ഇറക്കുമതിക്ക് ഇന്ത്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കശ്മീര്‍ വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായും ഇന്ത്യയുടെ താത്പര്യത്തെ മാനിക്കാതെ പ്രസ്താവന നടത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിനു പരോക്ഷ തിരിച്ചടി നല്‍കുന്നതാണ് ഈ നീക്കം.

ഇന്ത്യയിലേക്ക് ഏറ്റവുമധികം ശുദ്ധീകരിച്ച പാമോയില്‍ എത്തിക്കുന്നത് മലേഷ്യയില്‍ നിന്നാണ്. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇനി അസംസ്‌കൃത പാമോയില്‍ ഇറക്കുമതി ചെയ്യണം. അതാകട്ടെ ഏറ്റവും കൂടുതലെത്തുന്നത് ഇന്തോനേഷ്യയില്‍ നിന്നാണ്. അതിനാല്‍ തന്നെ ഈ നീക്കം പ്രത്യക്ഷത്തില്‍ മലേഷ്യക്ക് ദോഷകരവും ഇന്തോനേഷ്യക്ക് ഗുണകരവുമാകും.

പാക്കിസ്ഥാന്‍ കൂടി അവകാശവാദം ഉന്നയിക്കുന്ന ജമ്മു കശ്മീര്‍ ഇന്ത്യ അതിക്രമിച്ച് തങ്ങളുടെ അധീനതയിലാക്കിയെന്നായിരുന്നു മഹാതിര്‍ മൊഹമ്മദിന്റെ പ്രസ്താവന. ഇതിന് പിന്നാലെ രാജ്യത്തെ പാമോയില്‍ സംസ്‌കരിക്കുന്ന കമ്പനികള്‍ക്കും വ്യാപാരികള്‍ക്കും മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യരുതെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ അസംസ്‌കൃത പാമോയില്‍, സോയോയില്‍, സോയാബീന്‍ ഓയില്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു.

പരമ്പരാഗതമായി ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതിയുടെ മൂന്നിലൊന്ന് ഇന്തോനേഷ്യയില്‍ നിന്നായിരുന്നു. എന്നാല്‍ ശുദ്ധീകരിച്ച പാമോയിലിന്റെ തീരുവ 2019 ല്‍ ഇന്ത്യ കുറച്ചതോടെ ഇന്തോനേഷ്യയെ മറികടക്കാന്‍ മലേഷ്യക്കു കഴിഞ്ഞു.ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാമോയില്‍ ആണ്. രാജ്യം പ്രതിവര്‍ഷം 9 ദശലക്ഷം ടണ്ണിലധികം പാമോയില്‍ വാങ്ങുന്നു. പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന്. ലോകത്തിലെ ഏറ്റവുമധികം പാമോയില്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. തൊട്ടു പിന്നിലാണ് മലേഷ്യ.

മലേഷ്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പാമോയില്‍ നിര്‍ണ്ണായകമാണ്.മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.8 ശതമാനവും മൊത്തം കയറ്റുമതിയുടെ 4.5 ശതമാനവും വരും ഇത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സ്വകാര്യവുമായ മലേഷ്യന്‍ റിഫൈനറികള്‍ അവരുടെ ശുദ്ധീകരിച്ച ഉല്‍പ്പന്നത്തിന് പുതിയ ആവശ്യക്കാരെ കണ്ടെത്താന്‍ ഇനി വിഷമിക്കും.പാം ഓയില്‍ വ്യവസായത്തിന്റെ ഉത്തരവാദിത്തമുള്ള മലേഷ്യയുടെ പ്രാഥമിക വ്യവസായ മന്ത്രി തെരേസ കോക്ക് ഇതേപ്പറ്റി പ്രതികരിക്കാന്‍ വിസമ്മതിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കം മലേഷ്യക്ക് തിരിച്ചടിയാകുമെങ്കിലും ഇന്ത്യയിലെ പാം ഓയില്‍ സംസ്‌കരിക്കുന്നവര്‍ക്ക് നേട്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പാം ഓയിലില്‍ വില ഇനിയും ഉയരുമെന്നതാണ് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന കാര്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News