ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍;മാര്‍ച്ച് 10

Update: 2020-03-10 07:02 GMT

1. ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണ നീക്കത്തിനു തിരിച്ചടി

ഓഹരി വിപണിയിലും ക്രൂഡ് ഓയില്‍ വിലയിലും ഉണ്ടായ വന്‍ ചാഞ്ചാട്ടം ഭാരത് പെട്രോളിയം കോര്‍പ്പറേഷനെ (ബിപിസിഎല്‍) സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷണം. ബിപിസിഎല്‍ ഓഹരി വില താഴേക്കു പോകുന്നതു മൂലം ഓഹരി വില്‍ക്കാനുള്ള നീക്കം വൈകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2. ആഭ്യന്തര വിമാന യാത്രകളിലെ കുറവ് 15 ശതമാനം

കൊറോണ വൈറസ് ഭയന്ന് ഉപയോക്താക്കള്‍ യാത്രകള്‍ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പുതിയ ബുക്കിംഗിലും ആഭ്യന്തര വിമാന യാത്രകളിലും ഏകദേശം 15 ശതമാനം കുറവു വന്നതായുള്ള കണക്ക് പുറത്തുവന്നു. അതേസമയം, ഇന്ധന വിലയിലുണ്ടായ ഇടിവ് വിമാനക്കമ്പനികള്‍ക്ക് പരിമിതമായ ആശ്വാസമേകുന്നുണ്ട്. അന്താരാഷ്ട്ര യാത്രകളെ ഇതിലധികമായാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്.

3. പെട്രോളിയത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കില്ല

ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞെങ്കിലും പെട്രോളിയത്തിന്റെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം തല്‍ക്കാലം തയ്യാറാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. ഇന്ധന വിലകള്‍ താഴുന്നത് മൂലം പണപ്പെരുപ്പം കുറയുന്നതോടെ വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയുമെന്നതാണ് കാരണം.

4. യെസ് ബാങ്കിനെ റീട്ടെയില്‍ ബാങ്ക് ആക്കാന്‍ പദ്ധതി

പ്രതിസന്ധിയിലായ യെസ് ബാങ്കിലെ കോര്‍പ്പറേറ്റ് വായ്പകളുടെ വലിയൊരു ഭാഗം വിറ്റഴിച്ചുകൊണ്ട്  റീട്ടെയില്‍ ബാങ്കിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രം യെസ് ബാങ്കിന്റെ പുതിയ ചുമതലക്കാരനായ പ്രശാന്ത് കുമാര്‍ റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ചു.റാണ കപൂറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പിന്തുടര്‍ന്നുവന്നതിന് നേരെ വിപരീതമായ ശൈലിയാണ് പ്രശാന്ത് കുമാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

5. ജി -20 വളര്‍ച്ചാ നിരക്ക് താഴ്ത്തി  മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ്

ജി -20 രാജ്യങ്ങള്‍ 2020 ല്‍ 2.1 ശതമാനം വളര്‍ച്ച നേടുമെന്ന മുന്‍കാല കണക്കില്‍ 0.3 ശതമാനം കുറവു വരുത്തി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്.കൊറോണ വൈറസ് കാരണമുള്ള ആഗോള മാന്ദ്യത്തിന്റെ വെളിച്ചത്തിലാണ് പ്രവചനം തിരുത്തിയത്.യുഎസ്, യൂറോ രാജ്യങ്ങള്‍, ജപ്പാന്‍, ജര്‍മ്മനി, യുകെ തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളും ചൈന, ഇന്ത്യ, ബ്രസീല്‍, റഷ്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര സമ്പദ്വ്യവസ്ഥകളും ജി -20 ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News