വാടക വീട്ടിലെ ഒറ്റമുറിയില്‍ കായം നിര്‍മിച്ച് തുടക്കം, വാര്‍ഷിക വിറ്റുവരവ് 1.5 കോടി രൂപ; ഇത് മൂന്നു സഹോദരിമാരുടെ '3Vees' വിജയകഥ

മൂന്നു സഹോദരിമാര്‍ 2019 ല്‍ തുടങ്ങിയ ചെറുകിട സംരംഭം വിപണിയിലെത്തിക്കുന്നത് 16 ഉല്‍പ്പന്നങ്ങള്‍

Update:2022-07-12 17:24 IST

3Vees അഥവാ വര്‍ഷ, വൃന്ദ, വിസ്മയ എന്നീ സഹോദരിമാര്‍ 'സൂപ്പര്‍ ഹിറ്റ്' ആക്കിയ അവരുടെ സ്വന്തം ബ്രാന്‍ഡ്. വര്‍ഷ എസ് സി എം എസ് കളമശ്ശേരിയില്‍ നിന്നും എച്ച് ആറില്‍ എംബിഎ പൂര്‍ത്തിയാക്കി പല അഭിമുഖങ്ങളിലും പങ്കെടുത്തു. എന്നാല്‍ തന്നെ മോഹിപ്പിക്കുന്ന ജോലിയൊന്നും വര്‍ഷയ്ക്ക് കണ്ടെത്താനായില്ല. സംരംഭക ആകുക എന്ന ചെറിയ സ്വപ്‌നം അപ്പോഴാണ് വര്‍ഷ കുടുംബാംഗങ്ങളോട് പങ്കുവയ്ക്കുന്നത്.

ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നോക്കി നടത്തുകയായിരുന്നു അച്ഛന്‍ പ്രശാന്തിന്റെ പ്രോത്സാഹനത്തില്‍ അങ്ങനെ വീട്ടില്‍ തന്നെ ആരംഭിക്കാവുന്ന ഭക്ഷ്യോല്‍പ്പന്ന ബിസിനസിനെക്കുറിച്ച് അവര്‍ ചിന്തിച്ചു. അപ്പോഴാണ് അച്ചാറിലും സാമ്പാറിലും രസത്തിലുമൊക്കെ രസം പകരുന്ന കായം(പെരുംകായം) നിര്‍മാണത്തിന്റെ ആശയമെത്തുന്നത്.
അങ്ങനെ വാടക വീട്ടിലെ ഒറ്റമുറിയില്‍ 2019ല്‍ 3Vees എന്ന പേരില്‍ കായം ബ്രാന്‍ഡ് പിറന്നു. ബിബിഎക്കാരിയായ സഹോദരി വൃന്ദയും ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനുള്ള തയാറെടുപ്പു നടത്തുന്ന വിസ്മയയും അമ്മ സരളയും ഒപ്പം കൂടി. അങ്ങനെ 3vees കുടുംബ ബിസിനസ് സംരംഭം യാഥാര്‍ത്ഥ്യമായി. കോവിഡിന് തൊട്ടുമുന്‍പായിരുന്നു അത്. കോവിഡ് കാലത്തും ഈ ചെറു സംരംഭം തളര്‍ന്നില്ല.
ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരുമെല്ലാം 3Vees കായത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞ് സ്ഥിരം ഉപഭോക്താക്കളായി.പിന്നീട് മാര്‍ക്കറ്റിംഗ് മാര്‍ഗങ്ങള്‍ വിപുലമാക്കി. സപ്ലൈക്കോ വഴിയും പലചരക്കുകടകള്‍ വഴിയുമെല്ലാം 3Vees എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് എത്തിത്തുടങ്ങി.
സാധാരണക്കാരുടെ പ്രിയ ബ്രാന്‍ഡ്
ത്രീവീസ് ഇന്റര്‍നാഷണല്‍ കായം നിര്‍മാണത്തില്‍ നിന്ന് ആറ് മാസക്കാലം കൊണ്ട് വിറ്റുവരവ് നേടി മെല്ലെ ബിസിനസ് വിപുലമാക്കി തുടങ്ങി. ഹാന്‍ഡ് മെയ്ഡ് ആയി മാത്രം പുറത്തിറങ്ങിയിരുന്ന ഉല്‍പ്പന്നത്തിന് മെഷിനറി സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു. മുളകും മഞ്ഞളും മല്ലിയുമെല്ലാം ശുദ്ധമാക്കി ഉണക്കി പൊടിച്ച് പായ്ക്കറ്റുകളിലാക്കി. അതും വിജയമായി, അങ്ങനെ പ്രൊപ്രൈറ്റര്‍ഷിപ്പില്‍ തുടങ്ങിയ കമ്പനി ഈയിടെ പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റി.
വീടുകളോടനുബന്ധിച്ച് നാനോ സംരംഭമായി തുടങ്ങാം; കായം നിര്‍മാണത്തിലൂടെ ചെറിയ ചെലവില്‍, മികച്ച വരുമാനം നേടാം 

പിറവത്തെ അഗ്രോപാര്‍ക്കില്‍ നിന്നും ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി സിഡ്ബിയില്‍ നിന്നും വായ്പയെടുത്തായിരുന്നു ഇതെല്ലാം. ബിസിനസ് നേട്ടമായപ്പോള്‍ ബ്രേക്ക്ഫാസ്റ്റ് സിരീസിലേക്കും കമ്പനി പ്രവേശിച്ചു.




ഇന്ന് പുട്ടുപൊടിയും അപ്പപ്പൊടിയും റവയുമെല്ലാം അടങ്ങുന്ന 16 ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡിന് കീഴിലുണ്ട്.
ഓണ്‍ലൈന്‍ വഴിയും മികച്ച വില്‍പന നടക്കുന്നു. വെബ്‌സൈറ്റില്‍ നിന്നു നേരിട്ടും ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്, ഇന്ത്യാമാര്‍ട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുമായി ബിസിനസ് സഹകരണമുണ്ട്. സപ്ലൈകോ വഴി കേരളത്തിലാകെ ബ്രാന്‍ഡ് എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വര്‍ഷ പറയുന്നു. കൃത്യമായ എസ്ഒപി (standard operating procedure) പിന്തുടരുന്നതാണ് ബിസിനസില്‍ സഹായകമാകുന്നതെന്നും വര്‍ഷ പറയുന്നു.
കേവലം 50,000 രൂപയുടെ മെഷനറികളുമായി രണ്ടു ലക്ഷം രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് 50 ലക്ഷം രൂപയുടെ മെഷനറികളുണ്ട്. കഴിഞ്ഞ വാര്‍ഷിക വിറ്റുവരവ് ഒന്നരക്കോടി രൂപയാണ്. ഒറ്റ മുറിയില്‍ നിന്നും വാടക വീട് ഉല്‍പ്പാദന യൂണിറ്റ് ആക്കിയാണ് ഇപ്പോള്‍ പ്രവര്‍ത്തനം.
കുറഞ്ഞ നിക്ഷേപം, വലിയ വരുമാനം ഒരുക്കാം, മിനി സോഡ യൂണിറ്റ്

30 പേരോളമാണ് മാര്‍ക്കറ്റിംഗിനും സപ്ലൈയ്ക്കുമുള്‍പ്പെടെ 3Vees നൊപ്പം ഉള്ളത്. ഒരു നിര്‍മാണ പ്ലാന്റ് ആരംഭിക്കാനും കേരളത്തിന്റെയും പിന്നീട് തെക്കേ ഇന്ത്യയുടെയും ഭക്ഷ്യോല്‍പ്പന്ന ബ്രാന്‍ഡുകളില്‍ മുന്‍നിരയിലെത്താനുമാണ് ഈ സഹോദരിമാരുടെ പ്രയത്‌നം. സാധാരണക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആകുന്നതോടൊപ്പം വാര്‍ഷിക വിറ്റുവരവ് 5-6 കോടി രൂപയുമാക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്.ഇതിനായി ഇന്‍വെസ്‌റ്റേഴ്‌സിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഇന്‍സ്റ്റന്റ് വെറ്റ് ഗ്രൈന്‍ഡര്‍; അരച്ചെടുക്കാം കാശ്



Tags:    

Similar News