ഇത് തകര്‍ക്കും, സി-ക്ലാസിന്റെ അഞ്ചാം തലമുറ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് മസേഡീസ് ബെന്‍സ്

സി-ക്ലാസിന്റെ അഞ്ചാം തലമുറ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ആഡംബര കാര്‍ നിര്‍മാതാക്കളായ മസേഡീസ് ബെന്‍സ്. എന്‍ട്രി ലെവല്‍ വേരിയന്റായ സി 200 ന് 55 ലക്ഷം രൂപയാണ് വില. മുന്‍നിര എസ്-ക്ലാസ് സെഡാന് സമാനമായി പുതിയ തലമുറ സി-ക്ലാസ് സെഡാന് ആകര്‍ഷണീയമായ എക്സ്റ്റീരിയറും ഇന്റീരിയര്‍ ഡിസൈനും ലഭിക്കുന്നു. രണ്ട് ഡീസല്‍, ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് പുതിയ സി-ക്ലാസ് മസേഡീസ് ബെന്‍സ് എത്തുന്നത്. എന്‍ട്രി ലെവല്‍ സി 200 പെട്രോള്‍ വേ1രിയന്റില്‍ പുതിയ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. 204 എച്ച്പി പവറും 300 എന്‍എം ടോര്‍ക്കും ഇത് നല്‍കുന്നു.

സി-ക്ലാസ് ഡീസല്‍ ലൈനപ്പ് ആരംഭിക്കുന്നത് 56 ലക്ഷം രൂപ വിലയുള്ള സി 220 ഡി മുതലാണ്. 200 എച്ച്പി പവറും 440 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ എഞ്ചിനിലാണ് ഇത് വരുന്നത്. സി 300 ഡി പതിപ്പും സമാനമായ എഞ്ചിനുമായാണ് വരുന്നത്. 61 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില. സലാറ്റിന്‍ ഗ്രേ, മൊജാവെ സില്‍വര്‍, ഹൈടെക് സില്‍വര്‍, മാനുഫാക്തൂര്‍ ഒപാലൈറ്റ് വൈറ്റ്, കവന്‍സൈറ്റ് ബ്ലൂ, ഒബ്സിഡിയന്‍ ബ്ലാക്ക് എന്നിങ്ങനെ ആറ് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ സി 200, സി 220 ഡി എന്നിവ ലഭ്യമാകും. അതേസമയം, സി 300 ഡി മാനുഫാക്തൂര്‍ ഒപാലൈറ്റ് വൈറ്റ്, കവന്‍സൈറ്റ് ബ്ലൂ, ഒബ്സിഡിയന്‍ ബ്ലാക്ക് എന്നീ മൂന്ന് കളറുകളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. മക്കിയാറ്റോ ബീജ്, സിയന്ന ബ്രൗണ്‍, ബ്ലാക്ക് എന്നീ മൂന്ന് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും സി-ക്ലാസ് ലഭ്യമാകും.
മൂന്ന് എഞ്ചിനുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് വരുന്നത്. കൂടാതെ 48 വി മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ (ISG) സംവിധാനവും ലഭിക്കുന്നു. സി 200 മോഡലിന് 16.9 കിലോമീറ്ററും സി 220 ന് 23 കിലോമീറ്ററും ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ, സി 200, സി 220 ഡി വേരിയന്റുകള്‍ക്ക് 7.3 സെക്കന്‍ഡിന്റെ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു. അതേസമയം സി 300 ഡിക്ക് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതിയാകും.


Related Articles

Next Story

Videos

Share it