പ്രതീക്ഷയോടെ ഡീലര്‍ഷിപ്പുകള്‍ തുറന്നു, പക്ഷെ വാഹനം വില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം
40 ദിവസം നീണ്ട ലോക്ഡൗണിന് ശേഷം ഓട്ടോ ഡീലര്‍ഷിപ്പുകള്‍ വീണ്ടും തുറന്നു. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങള്‍ക്ക് വേണ്ടത് സര്‍ക്കാരിന്റെ പിന്തുണയാണെന്ന് ഡീലര്‍മാര്‍ പറയുന്നു.
റെഡ് സോണുകളില്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ പ്രദേശങ്ങളിലെയും ഡീലര്‍ഷിപ്പുകള്‍ തുറന്നിട്ടുണ്ട്. മാരുതി 600 ഷോറുമുകളാണ് തുറന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ 25,000ത്തോളം ഡീലര്‍ഷിപ്പുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പ്രമുഖ ബ്രാന്‍ഡുകളെല്ലാം തന്നെ ലോക്ഡൗണ്‍ സമയത്ത് തങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കമിട്ടിരുന്നു. പക്ഷെ വാഹനം വില്‍ക്കണമെങ്കില്‍ ഡിമാന്റ് ഉയരണം. ഇതിന് സര്‍ക്കാരിന്റെ പിന്തുണ വേണം.
നികുതി കുറയ്ക്കണം
''ഇപ്പോള്‍ ഈ മേഖലയിലെ ജിഎസ്ടി 28 മുതല്‍ 40 ശതമാനം വരെയാണ്. കുറച്ചുകാലത്തേക്കെങ്കിലും ഘട്ടം ഘട്ടമായി ഇതില്‍ 50 ശതമാനത്തോളം കുറവ് വരുത്താന്‍ തയാറായാല്‍ ഇപ്പോള്‍ വില്‍ക്കുന്നതിന്റെ ഇരട്ടി വാഹനങ്ങള്‍ വില്‍ക്കാനാകും. അതുവഴി സര്‍ക്കാരിന് ലഭിക്കേണ്ട നികുതിവരുമാനം കിട്ടുകയും ചെയ്യും. അതുപോലെ സംസ്ഥാനസര്‍ക്കാര്‍ റോഡ് ടാക്‌സ് 15 വര്‍ഷത്തേക്ക് ഒന്നിച്ച് വാങ്ങുന്നതിന് പകരം അഞ്ച് വര്‍ഷം ആയി കുറച്ചാല്‍ അത് വിലയില്‍ പ്രതിഫലിക്കും. പ്രതിസന്ധി ഘട്ടം മാറിക്കഴിഞ്ഞാല്‍ ടാക്‌സ് നിരക്കുകള്‍ പഴയരീതിയിലേക്ക് കൊണ്ടുവരാം. മറ്റൊരു കാര്യം വാഹനം ഒരു ആസ്തിയായി കണക്കാക്കി വായ്പയുടെ കാലയളവ് 10 വര്‍ഷമാക്കി ഉയര്‍ത്തണം. ഇതുവഴി ഉപഭോക്താക്കളുടെ ഇഎംഐ കുറയും.'' പോപ്പുലര്‍ ഹ്യുണ്ടായിയുടെ ജനറല്‍ മാനേജര്‍ ബിജു ബി. പറയുന്നു.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സ് (SIAM) ജിഎസ്ടി 10 ശതമാനമെങ്കിലും കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷനും (FADA) പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഒപ്പം ഇന്‍സെന്റീവ് അധിഷ്ഠിതമായ സ്‌ക്രാപ്പേജ് നയവും നടപ്പിലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാനാകില്ല, അവ നശിപ്പിച്ചുകളയണം എന്നതാണ് സ്‌ക്രാപ്പേജ് നയം. ഇത് നിലവില്‍ വന്നാല്‍ മലിനീകരണം കുറയുകയും പുതിയ കാറുകളുടെ ഡിമാന്റ് കൂടുകയും ചെയ്യും.
കരുതലോടെ പ്രവര്‍ത്തനം
പതിയെ ഉപഭോക്താക്കള്‍ ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഏറെ കരുതലോടെയാണ് തങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതെന്ന് ഡീലര്‍മാര്‍ പറയുന്നു. ''ശരീരോഷ്മാവ് നോക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷോറൂം മുഴുവന്‍ സാനിറ്റൈസ് ചെയ്ത് അണുവിമുക്തമാക്കുന്നു. മാസ്‌ക് ഇല്ലാത്ത കസ്റ്റമേഴ്‌സിന് അവ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജീവനക്കാരും ഉപഭോക്താക്കളുമെല്ലാം സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നു.'' ബിജു ബി.പറയുന്നു. സാമൂഹിക അകലം പാലിക്കേണ്ട ഈ സാഹചര്യത്തില്‍ സ്വകാര്യവാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനുള്ള സാധ്യത ഈ മേഖലയ്ക്ക് പ്രതീക്ഷ പകരുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline