Begin typing your search above and press return to search.
നിങ്ങളുടെ ഇഷ്ട വാഹനം കിട്ടാന്‍ കാത്തിരിക്കേണ്ടിവരും, വില്‍പ്പന കുറയും: കാരണമിതാണ്
രാജ്യത്തെ ഓട്ടോ മേഖല കടന്നുപോകുന്നത് കനത്തപ്രതിസന്ധിയിലൂടെ. ആഗോളതലത്തിലുള്ള ചിപ്പ് ക്ഷാമം പരിഹരിക്കാനാവാതെ തുടരുന്നതും സ്റ്റീല്‍ അടക്കമുള്ള ലോഹങ്ങളുടെ വില വര്‍ധിച്ചതും കോവിഡ് മഹാമാരി നീങ്ങാത്തതുമാണ് വാഹന നിര്‍മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നത്. മികച്ച വില്‍പ്പന നേടാനാകുമെന്ന് പ്രതീക്ഷിക്കുന്ന ഉത്സവ സീസണിലും വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യാനാകാത്ത സ്ഥിതിയിലാണ് വാഹന നിര്‍മാതാക്കാള്‍.
നിലവില്‍ ചിപ്പ് ക്ഷാമം കാരണം, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ വാഹന നിര്‍മാതാക്കള്‍ ഉല്‍പ്പാദനം ഗണ്യമായി വെട്ടിക്കുറിച്ചിട്ടുണ്ട്. മാരുതി സെപ്റ്റംബറിലെ ഉല്‍പ്പാദനം 60 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. ഇത് വാഹനങ്ങളുടെ ബുക്കിംഗ് കാലാവധി നീളാന്‍ കാരണമാകും. നേരത്തെ, ആറ് മാസം ബുക്കിംഗ് കാലാവധിയുണ്ടായിരുന്ന വാഹനങ്ങള്‍ ലഭിക്കാന്‍ ഒന്‍പത് മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റീല്‍ അടക്കമുള്ള ലോഹങ്ങളുടെ വിലവര്‍ധനവാണ് ഓട്ടോ മേഖല നേരിടുന്ന മറ്റൊരു പ്രതിസന്ധി. ഇത് വാഹനങ്ങളുടെ വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആറ് മാസത്തിനിടെ മാരുതി മൂന്ന് തവണയാണ് വില വര്‍ധിപ്പിച്ചത്.
അതേസമയം, ഈ ഉത്സവ സീസണില്‍ രാജ്യത്തെ വാഹന വില്‍പ്പന കുറയുമെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ മൊത്തം വാഹന വില്‍പ്പന 14.5 ശതമാനം വര്‍ധിച്ച് 13.48 ലക്ഷം യൂണിറ്റായെങ്കിലും വിതരണത്തിലെ ലഭ്യതക്കുറവ് ഉത്സവ സീസണ്‍ വില്‍പ്പനയ്്ക്ക് മങ്ങലേല്‍പ്പിക്കും.
ഫാഡ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റീറ്റെയ്ല്‍ വില്‍പ്പന 39 ശതമാനം ഉയര്‍ന്ന് 2.53 ലക്ഷം യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്. ഇരുചക്രവാഹന വില്‍പ്പന ഏഴ് ശതമാനം വര്‍ധിച്ച് 9.76 ലക്ഷമായും ഉയര്‍ന്നു. വണിജ്യ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ 26,851 ല്‍ നിന്ന് 53,150 യൂണിറ്റായാണ് ഉയര്‍ന്നത്. മുച്ചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വില്‍പ്പന യഥാക്രമം 80 ശതമാനം ഉയര്‍ന്ന് 30,410 യൂണിറ്റായും 5.5 ശതമാനം ഉയര്‍ന്ന് 71,737 യൂണിറ്റായും വര്‍ധിച്ചു.
2019 മായി താരതമ്യം ചെയ്യുമ്പോള്‍ വാഹന വില്‍പ്പനയില്‍ വലിയ കുറവാണ് കഴിഞ്ഞ മാസമുണ്ടായത്. 2019 ഓഗസ്റ്റിനേക്കാള്‍ 22.62 ശതമാനം കുറവാണ് കഴിഞ്ഞമാസത്തെ വില്‍പ്പന. ഈ ജുലൈ മാസത്തെ അപേക്ഷിച്ചും വില്‍പ്പന കുറഞ്ഞിട്ടുണ്ട്. 11,32,611 യൂണിറ്റുകളുടെ വില്‍പ്പനയാണ് ജുലൈയില്‍ നേടിയതെങ്കില്‍ ഓഗസ്റ്റില്‍ ഇത് 9.76 ലക്ഷമായി കുറഞ്ഞു. മുച്ചക്ര വാഹന വില്‍പ്പനയും 2019 ഓഗസ്റ്റിനേക്കാള്‍ 45 ശതമാനം കുറവാണ്. 2019 ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 14.71 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
Next Story
Videos