വ്യക്തത വരുന്നതുവരെ ഇനി കാര്‍ ഉണ്ടാക്കില്ല: കാര്‍ നിര്‍മാതാക്കള്‍

റീറ്റെയ്ല്‍ വില്‍പ്പനയുടെ കാര്യത്തില്‍ ഒരു വ്യക്തത വരുന്നതുവരെ ഇനി കാറുകള്‍ ഉണ്ടാക്കേണ്ടെന്ന് കാര്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ, റിനോ, മഹീന്ദ്ര & മഹീന്ദ്ര എന്നീ കമ്പനികളാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തെ പാസഞ്ചര്‍ വാഹനവില്‍പ്പന 51 ശതമാനം ഇടിഞ്ഞിരുന്നു. എന്നുമുതല്‍ വില്‍പ്പന സാധാരണഗതിയിലാകും എന്ന് പ്രവചിക്കാനാകാത്ത സ്ഥിതിയിലുമാണ്.

മാരുതി സുസുക്കി, ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ്, ടാറ്റ മോട്ടോഴ്‌സ്, കിയ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരുടെ പ്രഖ്യാപനം ഉണ്ടാകും. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഉല്‍പ്പാദനം നിലച്ചിരിക്കുന്ന ഫാക്ടറികളില്‍ അത് തുടരാന്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് കാര്‍ കമ്പനികള്‍ തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്. എന്ന് റീറ്റെയ്ല്‍ വില്‍പ്പന ആരംഭിക്കാനാകും, ഉപഭോക്താക്കളുടെ പ്രതികരണം എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ ഉല്‍പ്പാദനം തുടരേണ്ടതില്ലെന്ന് തീരുമാനത്തിലാണിവര്‍.

ജൂണില്‍ പ്ലാന്റ് തുറക്കാനുള്ള പദ്ധതിയാണ് റിനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യയ്ക്കുള്ളത്. ഏപ്രില്‍ 14ന് തങ്ങളുടെ സപ്ലയേഴ്‌സിന് അയച്ച മെയ്‌ലിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

സൊസൈറ്റി ഓഫ് ഇന്ത്യന് ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സിന്റെ (SIAM) കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ മാര്‍ച്ചില്‍ ഡൊമസ്റ്റിക് പാസഞ്ചര്‍ വാഹനവില്‍പ്പന 51 ശതമാനമാണ് ഇടിഞ്ഞത്. ലോക്ഡൗണ്‍ കഴിഞ്ഞാല്‍പ്പോലും ഇപ്പോഴത്തെ സാമ്പത്തികപ്രതിസന്ധി മൂലം കുറച്ചുനാളത്തേക്ക് വാഹനത്തിന് വിപണിയില്‍ ഡിമാന്റുണ്ടാകണമെന്നില്ല. ഈ സാഹചര്യത്തില്‍ ഉല്‍പ്പാദനം തുടര്‍ന്നാല്‍ സ്റ്റോക്ക് കുന്നുകൂടി പ്രതിസന്ധി രൂക്ഷമാക്കും. നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനാണ് കമ്പനികള്‍ വരും നാളുകളില്‍ പ്രാധാന്യം കൊടുക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it