വാഹന മേഖലയിലെ മാന്ദ്യം മാറാന്‍ ജനുവരി കഴിയും: ടി.വി.എസ് മോട്ടോര്‍ സാരഥി

വാഹന വ്യവസായ രംഗത്തെ മാന്ദ്യം അകലാന്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടിവന്നേക്കാമെന്ന് ടി.വി.എസ് മോട്ടോര്‍ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വേണു ശ്രീനിവാസന്‍. എഞ്ചിനുകള്‍ക്ക് ബിഎസ്-6 മാനദണ്ഡം നിര്‍ബന്ധിതമാക്കിയതുള്‍പ്പെടെയുള്ള നിരവധി നയങ്ങളും നിയന്ത്രണങ്ങളും മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ 40 ശതമാനം ചെലവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 മാസമായി വാഹന വ്യവസായം മന്ദഗതിയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇരുചക്രവാഹനങ്ങളുടെ കാര്യവും അങ്ങനെതന്നെ. അഞ്ച് വര്‍ഷത്തേക്കുള്ള ഇന്‍ഷുറന്‍സ് ഒരുമിച്ചു നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് മൂലം ഫലത്തില്‍ വില 8-10 ശതമാനം വര്‍ദ്ധിച്ചു. ഉയര്‍ന്ന നിലവാരമുള്ള ഇരുചക്രവാഹനങ്ങള്‍ക്കായി എബിഎസ് നടപ്പാക്കുന്നതും വില ഉയരാന്‍ കാരണമായി.

2023 ഓടെ ത്രീ വീലറുകളും 2025 ഓടെ ഇരുചക്രവാഹനങ്ങളും പൂര്‍ണമായും വൈദ്യുതി ആയിരിക്കണമെന്ന നിതി ആയോഗിന്റെ നിര്‍ദ്ദേശത്തില്‍ വേണു ശ്രീനിവാസന്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.അതേസമയം, ആഭ്യന്തര ജ്വലന എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹനങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ വ്യക്തമാക്കിയത് ഓട്ടോമോട്ടീവ് മേഖലയിലെ നിക്ഷേപത്തെയും തൊഴിലിനെയും ഉത്തേജിപ്പിക്കുന്ന ശക്തമായ നടപടിയാണ്.-അദ്ദേഹം അഭിപ്രായപ്പെട്ടു.

കല്‍ക്കരി അധിഷ്ഠിത താപവൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ഊര്‍ജ്ജമുപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നുവെന്നു പറയാനാകില്ല. കൂടാതെ, ഇലക്ട്രിക് മോട്ടോര്‍ ഭാഗങ്ങളും ലിഥിയം ബാറ്ററികളും ഇവിടെ നിന്നുള്ളതല്ല, ചൈനയില്‍ നിന്നാണ് വരുന്നതെന്നും വേണു ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സ്, ജര്‍മ്മനി പോലെ ന്യൂക്ലിയര്‍ അല്ലെങ്കില്‍ പുനരുപയോഗ സാങ്കേതികത്വത്തിലൂടെ 60 ശതമാനം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഇലക്ട്രിക് വാഹനത്തിന് മലിനീകരണം കുറയ്ക്കാന്‍ കഴിയും.അവിടെ പോലും 2030 ഓടെ 25 ശതമാനം വാഹനങ്ങള്‍ ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it