ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍, ജനുവരി 14ന് അവതരിപ്പിക്കും

ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രം. ജനുവരി 14ന് ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ആദ്യം പൂനെയിലും ബാംഗ്ലൂരിലുമാണ് അവതരിപ്പിക്കുന്നത്. അടുത്തുതന്നെ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും വരും.
കുറഞ്ഞ വിലയായിരിക്കില്ലെങ്കിലും ആകര്‍ഷകമായ വിലയായിരിക്കും എന്നാണ് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സ് ഷോറൂം വില ഒരു ലക്ഷം രൂപയോളം പ്രതീക്ഷിക്കാം.
മുഴുവനായി ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും പോകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മറ്റു ചില ഇലക്ട്രിക് സ്‌കൂട്ടറുകളുടേത് പോലെ ഇതിന്റേത് പോര്‍ട്ടബിള്‍ ബാറ്ററിയല്ല. ഇതില്‍ ഇന്റലിജന്റ് ബാറ്ററി മാനേജ്‌മെന്റ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്റര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനെ ചേതക് ഇലക്ട്രിക് ആപ്പ് വഴി സ്‌കൂട്ടറുമായി കണക്റ്റ് ചെയ്യാനാകും. ഇതുവഴി ഡാറ്റ കമ്യൂണിക്കേഷന്‍, സെക്യൂരിറ്റി, യൂസര്‍ ഒതന്റിക്കേഷന്‍ എന്നിവ സാധ്യമാകും.
ഏതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും വിപണിയില്‍ ചേതക് ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി. റാണ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു ചേതക്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline