റോള്‍സ് റോയ്സ് ഫാന്റം കേരളത്തില്‍ ' ടാക്‌സി '

റോള്‍സ് റോയ്സ് ഫാന്റം കാറില്‍ ആഡംബരപ്പെരുമയോടെയുള്ള ടാക്‌സി യാത്ര ഇനി കേരളത്തിലും. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂര്‍ എത്തിച്ച 12 കോടിയോളം വില വരുന്ന ഗോള്‍ഡന്‍ ഫിനിഷിങ്ങിലുള്ള റോള്‍സ് റോയ്സ് ഫാന്റം കാര്‍, ടാക്‌സി നമ്പര്‍ പ്ലേറ്റുമായി ടോള്‍ പ്ലാസ കടക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ വൈറലായിക്കഴിഞ്ഞു.
ശതകോടീശ്വരന്മാരുടേയും സിനിമ താരങ്ങളുടേയും സ്വകാര്യ അഹങ്കാരമായ മോഹന വാഹനമാണ് ടാക്‌സിയായി ഓടിക്കുന്നത്. ടൂറിസം രംഗത്ത് കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിന് ആവഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ റോള്‍സ് റോയിസ് സവാരിയും ബോബി ഓക്സിജന്റെ 28 റിസോര്‍ട്ടുകളിലൊന്നില്‍ താമസവുമൊരുക്കുന്നതാണ് പാക്കേജ്.
ഒരു പ്രത്യേക പ്ലാറ്റ്‌ഫോമിലാണ് ഫാന്റം നിര്‍മ്മിച്ചിരിക്കുന്നത്. ബോഡി, പെയിന്റ്, മരപ്പണികള്‍, തുകല്‍ ജോലികള്‍ എന്നിവയുള്‍പ്പെടെയുള്ള അന്തിമ അസംബ്ലി വെസ്റ്റ് സസെക്‌സിലെ ഗുഡ് വുഡിലുള്ള റോള്‍സ് റോയ്‌സ് പ്ലാന്റില്‍ ഓരോ ഉപഭോക്താവിന്റെയും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് പൂര്‍ത്തിയാക്കുന്നത്. റോള്‍സ് റോയ്സ് പാരമ്പര്യത്തിന് അനുസൃതമായി മിക്ക ജോലികളും കൈകൊണ്ട് ചെയ്യുന്നു.
അലുമിനിയം സ്‌പേസ്‌ഫ്രെയിം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം എക്‌സ്ട്രൂഷനുകള്‍ ജലവൈദ്യുതി ഉപയോഗിച്ച് നോര്‍വേയില്‍ ഉല്‍പാദിപ്പിക്കുകയും ഡെന്‍മാര്‍ക്കില്‍ ഷേപ്പ് ചെയ്യുകയും അവസാനം ജര്‍മ്മനിയില്‍ കൈകൊണ്ട് വെല്‍ഡ് ചെയ്യുകയും ചെയ്യുകയാണ്.1630 മില്ലി മീറ്റര്‍ ഉയരം, 1990 മില്ലി മീറ്റര്‍ വീതി, 5830 മില്ലി മീറ്റര്‍ നീളം ആണ് ഫാന്റത്തിന്റെ ബാഹ്യ അളവുകള്‍. 2,485 കിലോഗ്രാം ഭാരമുള്ള വാഹനത്തിന് 5.9 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണിതിന്റേത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline