കാര്‍ ദീര്‍ഘകാലം നിര്‍ത്തിയിടുമ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

By മുജീബ് റഹ്മാന്‍, മാനേജിംഗ് ഡയറക്റ്റര്‍, റോയല്‍ ഡ്രൈവ്, കോഴിക്കോട്

ലോക്ക് ഡൗണിനെ തുടര്‍ന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. കാറുമായി ഒന്നു പുറത്തൊക്കെ ചുറ്റണമെന്ന് ആഗ്രഹമുണ്ടെങ്കിലും പോലീസിന്റെ അടിയും കേസുമൊക്കെ ഉണ്ടാകുമെന്നോര്‍ത്ത് പലരും വാഹനത്തെ ശ്രദ്ധിക്കുന്നു പോലുമില്ല. എന്നാല്‍ ദീര്‍ഘനാള്‍ അനക്കാതെ വെക്കുന്ന കാര്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞ് പുറത്തിറക്കാന്‍ നോക്കുമ്പോഴായിരിക്കും പണി തരുന്നത്. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകാം. ഇതാ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എ സി

ദീര്‍ഘനാള്‍ നിര്‍ത്തിയിടുമ്പോള്‍ എസിയുടെ പ്രഷര്‍ വര്‍ധിച്ച് സേഫ്റ്റി വാള്‍വ് വഴി ഗ്യാസ് പുറന്തള്ളാന്‍ സാധ്യതയുണ്ട്. നിശ്ചിത അളവില്‍ കൂടുതല്‍ പ്രഷര്‍ ഉണ്ടായാല്‍ മാത്രമേ ഈ വാള്‍വ് തുറക്കുകയുള്ളൂ. തുറന്നില്ലെങ്കില്‍ ജംഗ്ഷനിലുള്ള ഒറിംഗ്‌സിനെയും മറ്റും കേടാക്കി ഗ്യാസ് ലീക്ക് ആവും. ഓട്ടോമാറ്റിക്കായി ഗ്യാസ് പുറന്തള്ളുമ്പോള്‍ എസി കേടാവാനുള്ള സാധ്യതയുണ്ട്.

ടയര്‍

ഒരേ പൊസിഷനില്‍ നിശ്ചിത കാലം നിര്‍ത്തുമ്പോള്‍ പഴക്കം ചെന്ന ടയറുകളാണെങ്കില്‍ വളഞ്ഞു പോകാന്‍ സാധ്യതയുണ്ട്. ആഡംബര കാറുകളുടെ കാര്യത്തിലാണെങ്കില്‍ ഭാരം കൂടിയ ഇവ അലോയ് വീലുകളെ പോലും ബാധിക്കാം. വീല്‍ സ്പീഡ് സെന്‍സറുകളില്‍ ഫംഗസ് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് പരിഹരിക്കുന്നതിനായി വര്‍ക്ക് ഷോപ്പില്‍ പോകേണ്ടി വരികയും വലിയ ചെലവ് വരുത്തി വെക്കുകയും ചെയ്യും.

വൃത്തിയായിട്ടില്ലെങ്കില്‍

വാഹനം ക്ലീനായിരിക്കണം. കാറിനക്ക് ഭക്ഷണാവശിഷ്ടം ഉണ്ടെങ്കില്‍ ഉറുമ്പ് വരാനും അത് വയറിംഗ് അടക്കമുള്ള ഭാഗങ്ങളെ കേടാക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ദീര്‍ഘനാള്‍ വാഹനം നിരത്തിലോടിക്കാന്‍ കഴിയില്ലെങ്കില്‍ നന്നായി ക്ലീന്‍ ചെയ്ത് വെക്കുക.

ഹാന്‍ഡ് ബ്രേക്ക്

ദീര്‍ഘകാലം നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഹാന്‍ഡ് ബ്രേക്കിന് തകരാര്‍ സംഭവിച്ചേക്കാം. പിന്നീട് എടുക്കുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് മാറ്റിയാലും വാഹനം നീങ്ങണമെന്നില്ല

എയര്‍ സസ്‌പെന്‍ഷന്‍

ആഡംബര കാറുകള്‍ നിര്‍ത്തിയിടുമ്പോള്‍ ശ്ര്ദ്ധിക്കേണ്ടതുണ്ട്. ചരിഞ്ഞ സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടാല്‍ എയര്‍ സസ്‌പെന്‍ഷന്‍ കേടാകാം. ഉയരം കൂട്ടിയും കുറച്ചും ഇടേണ്ട. മീഡിയം ലെവലില്‍ ഇട്ട് നിര്‍ത്തണം. ഇനി ഏതെങ്കിലും കാരണത്താല്‍ താഴ്ന്നു പോയിട്ടുണ്ടെങ്കില്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മീഡിയം നിലയിലേക്ക് തനിയെ വരും. അതു വരെ കാത്തിരുന്ന ശേഷം മാത്രം വാഹനം മുന്നോട്ടെടുക്കുക.

പവര്‍ വിന്‍ഡോ, സണ്‍റൂഫ്

പവര്‍ വിന്‍ഡോ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പൊക്കുകയും താഴ്ത്തുകയും ചെയ്യുക. സണ്‍ റൂഫ് അടച്ചു തുറക്കുക.

വാഹനം ലോക്ക് ചെയ്യണം

നിര്‍ത്തിയിടുന്ന വാഹനം ലോക്ക് ചെയ്യാന്‍ മറക്കരുത്. സൗണ്ട് സിസ്റ്റമോ മറ്റെന്തിങ്കിലുമോ ഓഫ് ചെയ്യാന്‍ മറന്നു പോയിട്ടുണ്ടെങ്കില്‍ ലോക്ക് ചെയ്താല്‍ തനിയെ ഓഫായിക്കൊള്ളും. ബാറ്ററി വീക്ക് ആകുന്നത് ഇങ്ങനെ തടയാനാകും.

ഇരുട്ടില്‍ പാര്‍ക്ക് ചെയ്യേണ്ട

വാഹനം ഇരുട്ടില്‍ പാര്‍ക്ക് ചെയ്താല്‍ എലിയടക്കമുള്ള ജീവികള്‍ വാഹനത്തിനുള്ളിലേക്ക് എത്താം. അത് വരുത്തി വെക്കുന്ന നാശനഷ്ടം ചെറുതായിരിക്കില്ല. അതുകൊണ്ട് നല്ല വെളിച്ചമുള്ളിടത്ത് തന്നെയാവാം പാര്‍ക്കിംഗ്.

ബാറ്ററി

ഏതെങ്കിലും വിധത്തില്‍ ബാറ്ററി വീക്ക് ആയാല്‍ മറ്റു വാഹനങ്ങള്‍ കൊണ്ടു വന്ന് കാര്‍ സ്റ്റാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് സൗകര്യമുള്ള സ്ഥലത്തായിരിക്കണം പാര്‍ക്കിംഗ്. ബാറ്ററി ടെര്‍മിനല്‍ ഡിസ്‌കണക്ട് ചെയ്യാന്‍ പലരും ഉപദേശിച്ചു കാണാറുണ്ട്. അതിന്റെ ആവശ്യമില്ല എന്നു മാത്രമല്ല, ആഡംബര കാറുകളിലാണെങ്കില്‍ ഊരിമാറ്റുന്നത് വിപരീത ഫലം ചെയ്യും. ഇന്റേണല്‍ മെമ്മറി നഷ്ടപ്പെടാന്‍ ഇടയാകുകയും പിന്നീട് വര്‍ക്ക് ഷോപ്പില്‍ കൊണ്ടു പോയാല്‍ മാത്രമേ കാര്‍ പ്രവര്‍ത്തനക്ഷമമാകൂ എന്നും മനസ്സിലാക്കണം.

വൈപ്പര്‍ ഉയര്‍ത്തുക

കാര്‍ നിര്‍ത്തിയിടുമ്പോള്‍ വൈപ്പര്‍ പൊക്കി വെക്കുക. ഗ്ലാസിന് അടുപ്പിച്ച് ആകുമ്പോള്‍ അവിടെ പൊടി അടിയാനും പിന്നീട് ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാനും സാധ്യതയുണ്ട്.

ഇന്ധനം

ടാങ്കില്‍ പകുതിയെങ്കിലും ഇന്ധനം ഉണ്ടാകുന്നതാണ് നല്ലത്.

എസിയുടെയും ടയറിന്റെയും ഹാന്‍ഡ് ബ്രേക്കിന്റേയും അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, വാഹനം നിര്‍ബന്ധമായും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടും പിന്നോട്ടും എടുത്ത് വെക്കുക എന്നുള്ളതാണ്. ബോണറ്റ് തുറന്നു നോക്കിയതിനു ശേഷം മാത്രമേ സ്റ്റാര്‍ട്ട് ചെയ്യാവൂ. അവിടെ പൂച്ചയോ മറ്റോ കയറിക്കൂടിയിട്ടുണ്ടാവാം.
കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എസിയുടെ ഫാന്‍ ഓണ്‍ ചെയ്യണം. ഒരു മിനുട്ടിന് ശേഷം മാത്രമേ എസിയിടാവൂ.
അതിനു ശേഷം 10-15 മീറ്റർ മുന്നോട്ടും പിന്നോട്ടും എടുത്ത് നോക്കാം. കുറച്ചു നേരം സ്റ്റാര്‍ട്ടിംഗില്‍ നിര്‍ത്തുക. വര്‍ക്ക് ഷോപ്പില്‍ വലിയ തുക കൊടുക്കുന്നത് ഇങ്ങനെ ഒഴിവാക്കാനാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it