ക്രാഷ് ടെസ്റ്റില്‍ 'പഞ്ച നക്ഷത്ര' നേട്ടം സ്വന്തമാക്കി മഹീന്ദ്ര എക്‌സ്‌യുവി 300

ക്രാഷ് ടെസ്റ്റുകള്‍ ദയനീയമായി പരാജയപ്പെട്ടതിന്റെ
വിഷാദത്തിലായിരുന്നു അഞ്ച് വര്‍ഷം മുമ്പ് വരെ ഇന്ത്യന്‍ കാര്‍
നിര്‍മ്മാതാക്കളെങ്കില്‍ സ്ഥിതിഗതികള്‍ ആകെ മാറിക്കൊണ്ടിരുന്നു പിന്നീട്.
ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ സുരക്ഷയുടെ കാര്യത്തില്‍
ആഗോള തലത്തില്‍ മുന്നിലാണിപ്പോള്‍.
മികച്ച
സുരക്ഷാ റേറ്റിംഗുള്ള ഏറ്റവും കൂടുതല്‍ കാര്‍ മോഡലുകളാണ് ടാറ്റ
മോട്ടോഴ്സിനുള്ളത്. കമ്പനിയുടെ പുതിയ കോംപാക്റ്റ് സെഡാന്‍ ആല്‍ട്രോസ്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പരിശോധന ഓര്‍ഗനൈസേഷനായ യുകെ
ആസ്ഥാനമായുള്ള ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന സുരക്ഷാ
റേറ്റിംഗ് ആയ ഫൈവ് സ്റ്റാര്‍ നേടി. ടാറ്റ മോട്ടോഴ്സിന്റെ എസ്യുവി നെക്സണ്‍
2018ല്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു.
മഹീന്ദ്ര
ആന്‍ഡ് മഹീന്ദ്രയുടെ എക്‌സ് യു വി 300 ഈയിടെ 5 സ്റ്റാര്‍ റേറ്റിംഗ്
കരസ്ഥമാക്കി. മഹീന്ദ്രയില്‍ നിന്ന് ഇത്രയും ഉയര്‍ന്ന റേറ്റിംഗ് നേടുന്ന
ആദ്യ വാഹനമാണിത്.അതേസമയം, ഇന്ത്യയിലെ ബഹുരാഷ്ട്ര കാര്‍ നിര്‍മ്മാതാക്കളുടെ
മോഡലുകളൊന്നും ഇതുവരെ ആഗോള 5-സ്റ്റാര്‍ റേറ്റിംഗ് നേടിയിട്ടില്ല. 'വാഹന
സുരക്ഷാ രംഗത്ത് ഇന്ത്യ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്,' ഗ്ലോബല്‍
എന്‍സിഎപി പ്രസിഡന്റും സിഇഒയുമായ ഡേവിഡ് വാര്‍ഡ് പറഞ്ഞു.
ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ 5 സ്റ്റാര്‍ റേറ്റിംഗുകള്‍ നേടാന്‍ മത്സരിക്കുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയോടെ കാറുകള്‍ നിര്‍മ്മിക്കാനുള്ള കഴിവുണ്ടെന്ന് വ്യക്തമാക്കുന്നതായി വാഹന വിപണിയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷനുമായി (ഐആര്‍ടിഇ) പങ്കാളിത്തത്തോടെ ഇന്ത്യന്‍ കാറുകള്‍ക്കായി നടത്തിയ ക്രാഷ് ടെസ്റ്റുകളുടെ ഫലങ്ങള്‍ 2014 ല്‍ ഗ്ലോബല്‍ എന്‍സിഎപി പുറത്തുവിട്ടപ്പോള്‍ ആശങ്കയായിരുന്നു മുന്നിട്ടു നിന്നത്. പരീക്ഷിച്ച പല മോഡലുകളും ഘടനാപരമായി ദുര്‍ബലമാണെന്ന് ഫലങ്ങള്‍ വെളിപ്പെടുത്തി. മാത്രമല്ല, എയര്‍ബാഗുകളുടെ അഭാവവും വിമര്‍ശന കാരണമായി.
പഞ്ച
നക്ഷത്ര റേറ്റിങ്ങ് നേടിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കോംപാക്ട്
എസ്‌യുവി എക്സ്യുവി 300 ന് ഇടിപരീക്ഷയില്‍ ലഭിച്ചത് 37.44 പോയന്റാണ് .
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്റും എക്സ്യുവിക്ക് ലഭിച്ചു.
യാത്രക്കാരുടെ
തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ
ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്.
യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്തമായ സുരക്ഷയും
നല്‍കുന്നതിനൊപ്പം ഫുട്ട്വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ്
സാക്ഷ്യപ്പെടുത്തുന്നു.
അതിനിടെ ഇന്ത്യന്‍
വിപണിയില്‍ പ്രിയമുള്ള വാഹനമായി മാറിയിരിക്കുകയാണ് എക്‌സ് യു വി 300.
അടുത്തിടെയാണ് വാഹനത്തിന്റെ വില്‍പ്പന 40,000 യൂണിറ്റ് കടന്നത്.
വിപണിയിലെത്തി 11 മാസത്തിനകമാണ് ഈ നേട്ടം. 2019 ഫെബ്രുവരി 14നായിരുന്നു
എക്‌സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്. ഡീസല്‍ പതിപ്പിനോടാണു വിപണിക്ക്
കൂടുതല്‍ പ്രിയം. കഴിഞ്ഞ 10 മാസത്തിനിടെ വിറ്റ 38,371 യൂണിറ്റില്‍ 27,809
എണ്ണവും ഡീസല്‍ എന്‍ജിനുള്ളവയാണ്. 10,562 യൂണിറ്റ് മാത്രമാണ് പെട്രോളിന്റെ
വിഹിതം. എക്‌സ് യു വി 300 വില്‍പ്പനയിലെ ഡീസല്‍ പെട്രോള്‍ അനുപാതം 72:28
എന്ന നിലയിലാണ്.
അവതരണം കഴിഞ്ഞ് വെറും 28
ദിവസത്തിനകം വാഹനം പതിമൂവായിരത്തിലേറെ ബുക്കിംഗ് നേടിയതായി മഹീന്ദ്ര
അവകാശപ്പെട്ടിരുന്നു. അതായത് പ്രതിദിനം ശരാശരി 465 ബുക്കിങ്. 2019
ഫെബ്രുവരിയില്‍ മാത്രം 4484 യൂണിറ്റ് വിറ്റഴിച്ചു.
മഹീന്ദ്ര
ഏറ്റെടുത്ത കൊറിയന്‍ കമ്പനിയായ സാങ്യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ
എക്സ് യുവി 300 ആയി എത്തിയത്. 1.2 ലിറ്റര്‍, 110 ബിഎച്ച്പി പെട്രോള്‍, 1.5
ലിറ്റര്‍, 115 ബിഎച്ച്പി ഡീസല്‍ എന്നിവയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. എല്ലാ
വേരിയന്റിലും രണ്ട് എയര്‍ബാഗുകള്‍ (ടോപ് വേരിയന്റില്‍ ഏഴ് എയര്‍ബാഗുകള്‍)
എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്.
റോള്‍
ഓവര്‍ വിറ്റിഗേഷന്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിറ്റ് സ്റ്റിയറിങ്
ടോര്‍ക്ക്, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളില്‍
പെടുന്നു. പെട്രോള്‍ മോഡലിന്റെ വില 7.90 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.
10.25 ലക്ഷം വിലയുള്ള വേരിയന്റും ലഭിക്കും. ഡീസല്‍ മോഡലാകട്ടെ 8.49 ലക്ഷം
മുതല്‍ 10.80 ലക്ഷം വരെയാണ് എക്‌സ് ഷോറും വില. മാരുതി സുസുക്കി വിറ്റാര
ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് എക്കോസ്പോര്‍ട്ട് തുടങ്ങിയവരാണ് മുഖ്യ
എതിരാളികള്‍.
2019 ഡിസംബറിലാണ് ബിഎസ് 6
പെട്രോള്‍ എന്‍ജിനോടെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവിലെ
ബിഎസ് 4 മോഡലുകളേക്കാള്‍ ഏകദേശം 20,000 രൂപ കൂടുതല്‍ ആണ് ഈ പുതിയ മോഡലിന്.
8.30 ലക്ഷം മുതല്‍ 11.84 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില.കമ്പനിയുടെ
ആദ്യ ബിഎസ് 6 മോഡലാണിത്.പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍
മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
എയറോ
ഡൈനാമിക് ഡിസൈന്‍ മികവ് തെളിയിക്കുന്ന വിന്‍ഡ് ടണല്‍ ടെസ്റ്റ് എക്സ് യുവി
300 നേരത്തേ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. വാഹനത്തിന്റെ
എതിര്‍വശത്തുനിന്നും ഉയര്‍ന്ന സമ്മര്‍ദത്തില്‍ വായുവോ പുകയോ
കടത്തിവിട്ടായിരുന്നു പരീക്ഷണം. ഉയര്‍ന്ന സമ്മര്‍ദത്തെ വാഹനം
അതിജീവിക്കുമെന്നതാണ് എയറോ ഡൈനാമിക് ഡിസൈനിന്റെ പ്രത്യേകത. ഇറ്റലിയിലെ
പിനിന്‍ഫരീന പ്ലാന്റിലാണ് ടെസ്റ്റ് നടത്തിയത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline