വാഹനവില്‍പ്പന വീണ്ടും ഇടിഞ്ഞു, വില്ലനായത് ബിഎസ് ആറും കൊറോണയും

ബിഎസ് മാനദണ്ഡങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്നതിന് ഒരു മാസം ശേഷിക്കേ വാഹനനിര്‍മാതാക്കളുടെ ശ്രദ്ധ നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റ് തീര്‍ക്കുന്നതിലായിരുന്നു. എന്നാല്‍ വാങ്ങല്‍ തീരുമാനം മാറ്റിവെച്ചിരിക്കുന്ന ഉപഭോക്താക്കളുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ വാഹനവില്‍പ്പന വീണ്ടും ഇടിയുകയാണുണ്ടായത്.

കൊറോണ വൈറസ് ഭീതിയില്‍ ചൈനയിലെ പ്ലാന്റുകള്‍ അടച്ചത് സപ്ലൈ ചെയ്ന്‍ തടസപ്പെടുത്തിയതും വില്‍പ്പന കുറയാന്‍ കാരണമായി. മികച്ച വില്‍പ്പന കാഴ്ചവെച്ചിരുന്ന എംജി മോട്ടോഴ്‌സിന് ഇത് തിരിച്ചടിയായി. ഇവരുടെ ചൈനീസ്, യൂറോപ്യന്‍ സപ്ലൈ ചെയ്‌നെ ബാധിക്കുകയും ഉല്‍പ്പാദനം തടസപ്പെടുകയും വില്‍പ്പന ഇടിയുകയും ചെയ്തു. ാെ

മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുക്കിയുടെ പാസഞ്ചര്‍ കാര്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 2.3 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആള്‍ട്ടോ, എസ്‌പ്രെസോ എന്നിവയടങ്ങുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 11 ശതമാനം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കോമ്പാക്റ്റ് കാറുകളുടെ വില്‍പ്പന 3.9 ശതമാനം ഇടിഞ്ഞു. സിയാസിന്റെ വില്‍പ്പന 17.5 ശതമാനമാണ് ഇടിഞ്ഞത്.

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഡൊമസ്റ്റിക് സെയ്ല്‍സ് കഴിഞ്ഞ മാസം 10.3 ശതമാനം താഴ്ന്നു. മഹീന്ദ്ര & മഹീന്ദ്രയ്ക്കും കനത്ത വെല്ലുവിളിയുടെ മാസമായിരുന്നു. കമ്പനിയുടെ പാസഞ്ചര്‍ വാഹനവില്‍പ്പന 58 ശതമാനവും കൊമേഴ്‌സ്യല്‍ വാഹനവില്‍പ്പന 25 ശതമാനവും ഇടിഞ്ഞു.

ടാറ്റ മോട്ടോഴ്‌സിന്റെ ഡൊമസ്റ്റിക് സെയ്ല്‍സ് 34 ശതമാനമാണ് ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 57,221 യൂണിറ്റ് വിറ്റെങ്കില്‍ ഈ വര്‍ഷം ഇതേ സമയം 38,002 എണ്ണമാണ് വിറ്റത്. ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഡൊമസ്റ്റിക് സെയ്ല്‍സില്‍ 46.26 ശതമാനം ഇടിവാണുണ്ടായത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it