ഇലക്ട്രിക് വാഹനങ്ങൾക്കായി  സംസ്ഥാനത്ത് മികവിന്റെ കേന്ദ്രം 

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഉത്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രം കേരളത്തിൽ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വൈദ്യുതവാഹനനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

"ഇലക്ട്രിക് വാഹനനയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നയം നടപ്പാക്കുമ്പോൾ ലോകത്തിലെ വൈദ്യുതവാഹനരംഗത്ത് മികച്ച മത്‌സരക്ഷമത കേരളത്തിന് കാഴ്ചവെക്കാൻ സഹായമാകും. ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ് ലോക നിലവാരത്തിലുള്ള പരിശീലനവും നൈപുണ്യവികസനവും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുക്കുന്നത്," മുഖ്യമന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സിയും ഇലക്ട്രിക് ബസ്സുകൾ ഉൾപ്പെടുത്താൻ ആരംഭിച്ചിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ വൈദ്യുതക്കാറുകളും, ബോട്ടും ഓട്ടോകളും നയത്തിന്റെ ഭാഗമായി സർക്കാർ പ്രോത്‌സാഹിപ്പിക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള റീചാർജിംഗ് പോയൻറുകളും വരും, മുഖ്യമന്ത്രി അറിയിച്ചു.

വൈദ്യുതവാഹന നയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റീയറിംഗ് കമ്മിറ്റിയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി ഭാഗമാണ്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുത വാഹന നയത്തിലേക്ക് മാറുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.

കേരള ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-ഓട്ടോയുടെയും എൻ.ഡി.എസ് എക്കോ മോട്ടോഴ്‌സിന്റെ ഇ-സ്‌കൂട്ടറിന്റെയും ശില്പശാലയിൽ അവതരിപ്പിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it