2030ഓടെ പകുതി വാഹനങ്ങള്‍ സിഎന്‍ജി

2030ഓടെ രാജ്യത്ത് ആകെ വില്‍ക്കുന്ന കാറുകളില്‍ രണ്ടില്‍ ഒരെണ്ണം സിഎന്‍ജി ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ വലിയ വിപ്ലവമായിരിക്കും ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ് തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ക്കായിരിക്കും ഈ മാറ്റം ഏറെ പ്രയോജനപ്പെടുന്നത്.

അടുത്ത 10 വര്‍ഷം കൊണ്ട് 10,000 സിഎന്‍ജി സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ പ്രകൃതിവാതക അടിസ്ഥാനസൗകര്യ വികസപദ്ധതി ഈയിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ പെട്രോളിയം & നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ഈ മാസം അവസാനത്തോടെ 124 ജില്ലകളില്‍ കൂടി സിറ്റി ഗ്യാസ് പദ്ധതിക്കായുള്ള സിഎന്‍ജി അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനുള്ള 10ാം തവണത്തെ ബിഡ്ഡിംഗ് തുടങ്ങുന്നു. 2030ഓടെ നിരത്തിലോടുന്ന 50 ശതമാനം വാഹനങ്ങള്‍ സിഎന്‍ജി ആയിരിക്കാനുള്ള സാധ്യതകളാണ് ഈ ചുവടുവെപ്പുകളിലൂടെ തെളിയുന്നത്.

ഇന്ത്യയില്‍ സിഎന്‍ജി കാറുകള്‍ വിപണിയിലിറക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് മാരുതി സുസുക്കിയും ഹ്യൂണ്ടായിയുമാണ്. പെട്രോളിനും ഡീസലിനുമുണ്ടായ വിലവര്‍ദ്ധനയെത്തുടര്‍ന്ന് ഇപ്പോള്‍ തന്നെ മാരുതി സുസുക്കിയുടെ സിഎന്‍ജി കാറുകളുടെ ഡിമാന്റ് രാജ്യത്ത് ഇരട്ടിയായി. ഈ സാമ്പത്തികവര്‍ഷം ആദ്യപകുതിയില്‍ തന്നെ 55,000 സിഎന്‍ജി വാഹനങ്ങളാണ് മാരുതി വിറ്റഴിച്ചത്.

ഹ്യുണ്ടായിയുടെ പുതിയ സാന്‍ട്രോ സിഎന്‍ജി വകഭേദത്തിനും റെക്കോര്‍ഡ് ഡിമാന്റാണ് ഉണ്ടായത്. പെട്രോള്‍-ഡീസല്‍ കാറുകളെ അപേക്ഷിച്ച് പ്രവര്‍ത്തനച്ചെലവ് സിഎന്‍ജി വാഹനങ്ങള്‍ക്ക് വളരെ കുറവാണ്. പക്ഷെ ഈ വിഭാഗം രാജ്യത്ത് വളരണമെങ്കില്‍ സിഎന്‍ജി സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടിവരും. പുതിയ സംരംഭകര്‍ക്കും നിലവിലുള്ളവര്‍ക്കും ഇത് പുതിയൊരു ബിസിനസ് അവസരം കൂടിയായിരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it