ജാഗ്വാര്‍ പ്രകടനം മെച്ചം; നഷ്ടം താഴ്ത്തി ടാറ്റ

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണി മെച്ചപ്പെട്ടതിന്റെയും പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായ കുറച്ചതിന്റെയും ഫലമായി ടാറ്റ മോട്ടോഴ്സിന്റെ നഷ്ടം കുറഞ്ഞു.216.56 കോടി രൂപയാണ് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ നഷ്ടം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,048.80 കോടി രൂപയുടെ നഷ്ടമാണ് ടാറ്റ മോട്ടോഴ്സ് രേഖപ്പെടുത്തിയത്. അവലോകന കാലയളവില്‍ കമ്പനിയുടെ മൊത്തം വരുമാനം 66,104.51 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 72,729.30 കോടി രൂപയായിരുന്നു. 9.1 ശതമാനം കുറവ്. ആഭ്യന്തര വിപണിയിലെ മാന്ദ്യമാണു മുഖ്യ കാരണം.അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്രത്യേകിച്ചും ചൈനയില്‍ പ്രകടനം മെച്ചപ്പെടുത്തി.

ഇന്ത്യയിലെ ബിസിനസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ ശുഭപ്രതീക്ഷ ഉയരുന്നുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി ബി ബാലാജി പറഞ്ഞു. വിപണിയില്‍ വിപരീത അന്തരീക്ഷം നിലനില്‍ക്കവേ പുറത്തുവന്ന കണക്കുകള്‍ നിര്‍ണ്ണായകം തന്നെയാണ്. ഒക്ടോബറില്‍ ഡിമാന്‍ഡില്‍ നേരിയ വര്‍ധനയുണ്ടായി. ഇത് നിലനിര്‍ത്താന്‍ കഴിയുകയെന്നതാണ് മുഖ്യ കാര്യം.

ടാറ്റ മോട്ടോഴ്സിന്റെ വരുമാനത്തില്‍ ഗണ്യമായ ഭാഗം ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ 2018 ജെഎല്‍ആറിന് അത്ര നല്ല വര്‍ഷമല്ലായിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതും ചൈനയിലെ ബിസിനസ് തളര്‍ച്ചയും ബ്രെക്‌സിന്റെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതാവസ്ഥയും ജെഎല്‍ആറിന് തിരിച്ചടിയായ ഘടകങ്ങളായിരുന്നു.

Related Articles

Next Story

Videos

Share it