ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞും പുതുക്കാം; പിഴ ഇല്ല

കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ തത്കാലം പിഴ കൂടാതെ പുതുക്കി നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ തീരുമാനമായി.1000 രൂപ പിഴ ഈടാക്കിയിരുന്നത് ഒഴിവാക്കും.കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ലൈസന്‍സുകളുടെ ഉടമകള്‍ക്കാണ് ഇളവുകിട്ടുക. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കാന്‍ സാധാരണയായി ഈടാക്കുന്ന ഫീസു മാത്രം വാങ്ങി പുതുക്കിനല്‍കാമെന്നാണ് പുതിയ നിര്‍ദേശം.
കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിലെ ഭേദഗതിയെത്തുടര്‍ന്നാണ് കാലാവധികഴിഞ്ഞ ലൈസന്‍സ് പുതുക്കാന്‍ പിഴ ഈടാക്കിയിരുന്നത്. മുന്‍പ്, പിഴകൂടാതെ പുതുക്കാന്‍ 30 ദിവസം സാവകാശം അനുവദിച്ചിരുന്നു.

പുതിയ ഭേദഗതിപ്രകാരം കാലാവധികഴിയുന്നതിന് ഒരുവര്‍ഷംമുമ്പ് ലൈസന്‍സ് പുതുക്കാം. ഒരുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും വാഹനമോടിച്ച് പരീക്ഷ പാസാകണം. ഇതാണ് തത്കാലത്തേക്ക് നിര്‍ത്തിവെച്ചത്.

ഓട്ടോറിക്ഷാ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ 10,000 രൂപ പിഴ ഈടാക്കുന്നതും അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി. 3000 രൂപയായി കുറയ്ക്കാനും സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു. മോട്ടോര്‍ വാഹനവകുപ്പിന് പുതിയതായി അനുവദിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനും സേഫ് കേരള പദ്ധതിക്കുവേണ്ട വാഹനങ്ങള്‍ സജ്ജീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it