കാശ് ലാഭിക്കാം; കലക്കനാണ് വൈദ്യുത വാണിജ്യ വാഹനങ്ങള്‍
കാലം മാറി, കോലം മാറി! എങ്കിലും, നമ്മുടെ നിരത്തുകളില്‍ ഇപ്പോഴും ഓട്ടോറിക്ഷകള്‍ സജീവമാണ്. അതില്‍ പാസഞ്ചര്‍ ഓട്ടോയുണ്ട്, ഗുഡ്‌സ് ഓട്ടോയുമുണ്ട്. ട്രെന്‍ഡിംഗ് ആകുന്നത് ഇലക്ട്രിക് ഓട്ടോയാണെന്ന് മാത്രം.
പ്രകൃതിസൗഹൃദമെന്ന് പറയുമ്പോഴും ദീര്‍ഘകാലത്തില്‍ ഉടമയ്ക്ക് മികച്ച സാമ്പത്തിക നേട്ടം നല്‍കുന്നു എന്നതാണ് വൈദ്യുത (ഇലക്ട്രിക്) വാഹനങ്ങളുടെ സ്വീകാര്യതയ്ക്ക് പ്രധാന കാരണം. പരമ്പരാഗത പെട്രോള്‍/ഡീസല്‍ എന്‍ജിന്‍ കൊമേഴ്സ്യല്‍ ത്രീവീലറുകള്‍ ഉപയോഗിച്ചിരുന്ന നിരവധി കമ്പനികള്‍ ഇപ്പോള്‍ ഇലക്ട്രിക് ത്രീവീലറിലേക്ക് ചുവടുമാറ്റുകയാണ്.
പാല്‍, അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങള്‍ (എഫ്.എം.സി.ജി), ഗ്യാസ് സിലിണ്ടര്‍, ഇ-കൊമേഴ്‌സ് ഡെലിവറി, കുപ്പിവെള്ളം വിതരണം തുടങ്ങിയ മേഖലയിലെ കമ്പനികളാണ് പ്രധാനമായും ഇലക്ട്രിക് വാഹനത്തിലേക്ക് മാറുന്നത്.
ചെലവ് 30-50 ശതമാനം മാത്രം
ഒരു വാഹന ഉടമ കൂടുതല്‍ പണവും ചെലവാക്കുന്നത് ഇന്ധനത്തിനും വാഹന പരിപാലനത്തിനുമാണ്. എന്നാല്‍ പെട്രോള്‍/ഡീസല്‍ എന്‍ജിനുള്ള വാഹനവുമായി താരതമ്യം ചെയ്യുമ്പോള്‍ 30-50 ശതമാനം മാത്രം പ്രവര്‍ത്തനച്ചെലവേ വൈദ്യുത വാഹനത്തിനുള്ളൂ എന്ന് പഠനങ്ങള്‍ പറയുന്നു.
'കീ റിസോഴ്സസ് റിസര്‍ച്ച്' അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, ഡീസല്‍ ത്രീവീലറുകളെ അപേക്ഷിച്ച് ഇലക്ട്രിക് ത്രീവീലറുകളുടെ ചെലവ് 30-50 ശതമാനം വരെ മാത്രമാണ്. ഡീസല്‍ വാഹനത്തിന് ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി മൂന്ന് രൂപ ചെലവ് വരുമ്പോള്‍ സമാനശ്രേണിയിലെ ഇലക്ട്രിക് ത്രീവീലറിന് വരുന്ന ചെലവ് ശരാശരി 50-60 പൈസ മാത്രമാണ് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ധനച്ചെലവ് കണക്കാക്കുമ്പോള്‍ മാത്രം ഡീസലിനെ അപേക്ഷിച്ച് 16-20 ശതമാനം ചെലവേ ഇലക്ട്രിക് വാഹനത്തിനുള്ളൂ. മാത്രവുമല്ല, ഡീസല്‍ വാഹനത്തെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനത്തില്‍ ഘടകങ്ങള്‍ (പാര്‍ട്സ്) കുറവാണ്. ഉദാഹരണത്തിന് എന്‍ജിന്‍, റേഡിയേറ്റര്‍, കൂളിംഗ് സംവിധാനം, എക്സ്ഹോസ്റ്റ് സംവിധാനം തുടങ്ങിയവയേ ഇലക്ട്രിക് വാഹനത്തിലുണ്ടാകൂ. ഇത്, മെയിന്റനന്‍സ് ചെലവ് കുറയ്ക്കാനും സഹായിക്കുന്നു. ഫലത്തില്‍, മെയിന്റനന്‍സും ഇന്ധനച്ചെലവും കണക്കാക്കുമ്പോള്‍ മൊത്തം ചെലവ് 30-50 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഉല്‍പ്പന്ന വിതരണരംഗത്തെ കമ്പനികള്‍ ഇലക്ട്രിക് വാഹനത്തിലേക്ക് ട്രാക്ക് മാറ്റുന്നത് ചുമ്മാതല്ല. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ് ഇലക്ട്രിക് വാഹനങ്ങള്‍. അന്തരീക്ഷ മലിനീകരണമില്ല. ശബ്ദകോലാഹലമില്ല. നിയന്ത്രിക്കാനും എളുപ്പം. മാത്രമല്ല, മിക്ക സംസ്ഥാനങ്ങളും സബ്‌സിഡിയും നികുതിയിളവുകളും രജിസ്‌ട്രേഷന്‍ ഫീസ് ആനുകൂല്യങ്ങളും ഇ-വാഹനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന നേട്ടവുമുണ്ട്.
നേരത്തേ 600 രൂപ, ഇപ്പോള്‍ വെറും 20 രൂപ!
കേരളം ആസ്ഥാനമായുള്ള പ്രമുഖ പാല്‍, പാലുല്‍പ്പന്ന വിതരണക്കമ്പനിയാണ് സാപ്പിന്‍സ്. സമീപഭാവിയില്‍ തന്നെ പ്രവര്‍ത്തനം പൂര്‍ണമായും 'റിന്യൂവബിള്‍ എനര്‍ജി' അധിഷ്ഠിതമാക്കാനുള്ള നടപടികളിലാണ് കമ്പനി. ഇതിന്റെ ഭാഗമായി ഉല്‍പ്പന്ന വിതരണത്തിനുള്ള വാഹനങ്ങള്‍ ഇലക്ട്രിക് മതിയെന്ന് കമ്പനി തീരുമാനിച്ചു.
നേരത്തെ കമ്പനി 600 കിലോഗ്രാം ഭാരശേഷിയുള്ള ഡീസല്‍ വാണിജ്യ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നപ്പോള്‍ 40 കിലോമീറ്റര്‍ ഓട്ടത്തിന് ഇന്ധനച്ചെലവ് മാത്രം 600-800 രൂപയായിരുന്നു. ഇലക്ട്രിക്കിലേക്ക് ചുവടുമാറ്റിയപ്പോള്‍ ചെലവ് വെറും 20 രൂപയായി കുറഞ്ഞുവെന്ന് സാപ്പിന്‍സ് ഫാം പ്രോഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ജിജി തോമസ് പറഞ്ഞു.
വാഹനം ഡീലര്‍ഷിപ്പില്‍ നിന്ന് വാങ്ങിയശേഷം ഉല്‍പ്പന്ന വിതരണത്തിന് അനുയോജ്യമായ വിധം, ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ബോഡി മാറ്റിയെടുക്കണം (ഇന്‍സുലേറ്റഡ് വാഹനം). ഡീസല്‍ വാഹനം ഇത്തരത്തില്‍ വാങ്ങി മാറ്റിയെടുക്കുമ്പോള്‍ ചെലവ് 10 ലക്ഷം രൂപയോളമായിരുന്നു. ഇലക്ട്രിക് വാഹനത്തിന് ആകെ ചെലവ് 5 ലക്ഷം രൂപയ്ക്കടുത്തേയുള്ളൂ.
അഞ്ച് ഇലക്ട്രിക് വാണിജ്യ ത്രീവീലറുകളാണ് സാപ്പിന്‍സ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. മൂന്ന് എണ്ണം പിയാജിയോ ആപ്പെയും രണ്ടെണ്ണം അള്‍ട്ടിഗ്രീനും. 30 ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വൈകാതെ കമ്പനിയുടെ ഭാഗമാകും. ഇവ കൂടി എത്തുന്നതോടെ,. ദീര്‍ഘകാല മെയിന്റനന്‍സ് ഉള്‍പ്പെടെ പരിഗണിക്കുമ്പോള്‍ കമ്പനിയുടെ ഈ വിഭാഗത്തിലെ മൊത്തം ചെലവില്‍ 50 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വില്‍പ്പനയും മുന്നോട്ട് കേരളത്തില്‍ ഡീസല്‍ വാഹനങ്ങളുടെ ആകെ വില്‍പ്പനയെ ഇലക്ട്രിക് വാഹനങ്ങള്‍ കഴിഞ്ഞവര്‍ഷം (202223) മറികടന്നിരുന്നു. ഇതേ ട്രെന്‍ഡിലേക്ക് നീങ്ങുകയാണ് ഇലക്ട്രിക് ത്രീവീലറുകളും.
കേരളത്തിന്റെ മൊത്തം ത്രീവീലര്‍ വിപണിയില്‍ 2022-23ലെ രജിസ്‌ട്രേഷന്‍ പ്രകാരം ഇപ്പോള്‍ 12 ശതമാനം ഇലക്ട്രിക് മോഡലുകളാണ്. 2021-22ല്‍ വിഹിതം ഇതിന്റെ പാതിയിലും താഴെയായിരുന്നു. കഴിഞ്ഞവര്‍ഷം ഇലക്ട്രിക് പാസഞ്ചര്‍ ത്രീവീലറുകളുടെ വില്‍പ്പന വളര്‍ച്ച 103 ശതമാനമാണ്. ചരക്കുനീക്ക (കൊമേഴ്‌സ്യല്‍) ശ്രേണിയുടെ വളര്‍ച്ച 224 ശതമാനം. സാമ്പത്തിക ലാഭത്തിനായി കൂടുതല്‍ പേര്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് കൊമേഴ്‌സ്യല്‍ ശ്രേണിയുടെ വളര്‍ച്ചയില്‍ നിന്ന് വ്യക്തം.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് കേരളത്തിലെ ഇ-ത്രീവീലര്‍ വിപണിവിഹിതത്തില്‍ മുന്നില്‍. തൊട്ടുപിന്നില്‍ പിയാജിയോയുണ്ട്. അള്‍ട്ടിഗ്രീന്‍, ഹൈകോണ്‍ തുടങ്ങിയ കമ്പനികള്‍ക്കും കേരള വിപണിയില്‍ സാന്നിദ്ധ്യമുണ്ട്. 2022-23ല്‍ മഹീന്ദ്ര കേരളത്തില്‍ 113 ശതമാനം വില്‍പ്പന വളര്‍ച്ച നേടിയിരുന്നു. 2021-22ലെ 751 യൂണിറ്റുകളില്‍ നിന്ന് 1,599 യൂണിറ്റുകളിലേക്കാണ് മഹീന്ദ്രയുടെ വില്‍പ്പന കൂടിയത്.
ശ്രദ്ധേയ മോഡലുകള്‍
ഡീസല്‍ ഗുഡ്‌സ്/കാര്‍ഗോ ഓട്ടോറിക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ മാസം 10,000 രൂപവരെ ലാഭിക്കാമെന്നാണ് മഹീന്ദ്രയുടെ ഇലക്ട്രിക് മോഡലായ ട്രിയോയുടെ (Mahindra Treo) വാഗ്ദാനം. യാത്രാശ്രേണിയില്‍ ശ്രദ്ധനേടിയതിന് പിന്നാലെയാണ് മഹീന്ദ്ര കാര്‍ഗോ വിഭാഗത്തിലും ട്രിയോയെ അവതരിപ്പിച്ചത്. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ ഓടാം. 1.5 ലക്ഷം കിലോമീറ്റര്‍ അല്ലെങ്കില്‍ മൂന്നുവര്‍ഷം വരെ ആയുസ് ബാറ്ററിക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു.
മൂന്നുലക്ഷം രൂപയ്ക്കടുത്താണ് വാഹനവില. 95-125 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച്, മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജിംഗ്, 45 കിലോമീറ്റര്‍ ടോപ് സ്പീഡ്, 506 കിലോഗ്രാം പേലോഡ് ശേഷി എന്നിങ്ങനെ ആകര്‍ഷണങ്ങളുമായാണ് പിയാജിയോയുടെ ആപ്പെ ഇ- എക്‌സ്ട്ര കാര്‍ഗോ വേരിയന്റുകള്‍ വിപണി പിടിച്ചത്.
ആകര്‍ഷകവും ലളിതവുമാണ് രൂപകല്‍പന. മെയിന്റനന്‍സ് ചെലവ് തീരെക്കുറവാണെന്നത് തന്നെയാണ് പ്രധാന മികവ്. 3.10 ലക്ഷം രൂപ മുതലാണ് വില.
ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ കേരളത്തിലെ പുതുതാരമാണ് അള്‍ട്ടിഗ്രീന്‍. ബംഗളൂരു ആസ്ഥാനമായ കമ്പനി അടുത്തിടെ കൊച്ചിയില്‍ ഷോറൂം തുറന്നിരുന്നു. ഇ-ത്രീവീലര്‍ ശ്രേണിയിലെ ഏറ്റവും മികച്ച റേഞ്ചുള്ള 'നീവ്' മോഡലാണ് അള്‍ട്ടിഗ്രീന്‍ വിറ്റഴിക്കുന്നത്. ബാറ്ററി ഒറ്റത്തവണ ഫുള്‍ചാര്‍ജില്‍ 151 കിലോമീറ്ററാണ് എ.ആര്‍.എ.ഐ റേഞ്ചെന്നും ഓണ്‍-റോഡില്‍ 121 കിലോമീറ്റര്‍ ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 53 കിലോമീറ്ററാണ് ടോപ്സ്പീഡ്. മൂന്ന് വേരിയന്റുകളുണ്ട്. വില 4.06 ലക്ഷം രൂപ മുതല്‍.
വലിയ പ്രതീക്ഷ
ഇലക്ട്രിക് ത്രീവീലര്‍ ശ്രേണിയില്‍ കേരളം വലിയ വിപണിയായി വളരുകയാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ദക്ഷിണ മേഖലാ സെയില്‍സ് മേധാവി ജൂബിന്‍ കുര്യന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 224 ശതമാനം വളര്‍ച്ചയാണ് കേരളത്തില്‍ ഇലക്ട്രിക് കാര്‍ഗോ ത്രീവീലറുകള്‍ കുറിച്ചത്.
നിലവില്‍, രാജ്യത്തെ മൊത്തം ഇലക്ട്രിക് ത്രീവീലര്‍ വില്‍പ്പനയില്‍ ഒരു ശതമാനമാണ് കേരളത്തിന്റെ പങ്ക്. നടപ്പുവര്‍ഷം (202324) ഇത് കൂടുതല്‍ ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോരായ്മകള്‍
വൈദ്യുത വാഹനങ്ങളിലേക്ക് മാറുമ്പോള്‍ പോരായ്മകളില്ല എന്ന് കരുതേണ്ട. പെട്രോള്‍/ഡീസല്‍ വാഹനങ്ങളുമായി ദീര്‍ഘദൂര യാത്ര സാദ്ധ്യമാണ്. ഇന്ധന സ്റ്റേഷനുകളുടെ ഇടവിട്ടുള്ള സാന്നിദ്ധ്യവും നേട്ടമാണ്. നിമിഷ നേരത്തിനുള്ളില്‍ ഇന്ധനം നിറയ്ക്കുകയുമാകാം.
എന്നാല്‍, വൈദ്യുത ത്രീവീലറുകളുടെ റേഞ്ച് ശരാശരി 80-100 കിലോമീറ്ററാണ്. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വ്യാപകമല്ലാത്തതിനാല്‍ ഹ്രസ്വദൂര യാത്ര മാത്രമേ സാദ്ധ്യമാകൂ. മാത്രമല്ല, ബാറ്ററി വീണ്ടും ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കുറഞ്ഞത് 3-4 മണിക്കൂറെങ്കിലും വേണം. മിക്ക കമ്പനികളും പുതിയ ഇലക്ട്രിക് വാഹനത്തിന് 90 മുതല്‍ 100-150 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍, നിരത്തിലിറങ്ങുമ്പോള്‍ റേഞ്ച് പരമാവധി 80 കിലോമീറ്ററോളമേ കിട്ടുന്നുള്ളൂ എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ 100-120 കിലോമീറ്റര്‍ വേഗത്തിലും ഓടിക്കാം. പക്ഷേ, ഇലക്ട്രിക് ത്രീവീലറുകള്‍ക്ക് പരമാവധി വേഗം ശരാശരി 50-55 കിലോമീറ്ററോളമാണ്.