വിട പറയും നിമിഷം… ഈ വര്‍ഷം അപ്രത്യക്ഷമാകുന്ന കാറുകള്‍

വാഹനവിപണിയില്‍ പുതിയൊരു യുഗം തന്നെ സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന പല കാറുകളും ഈ വര്‍ഷത്തോടെ ഓര്‍മ്മ മാത്രമാകുകയാണ്. കടുത്ത മല്‍സരം, ഉപഭോക്താവിന്റെ പ്രതീക്ഷകള്‍ വര്‍ധിച്ചത്, കൂടുതല്‍ കണിശമാകുന്ന സുരക്ഷാ, മലിനീകരണ മാനദണ്ഡങ്ങള്‍ എന്നിവയാണ് 13ഓളം മോഡലുകള്‍ ചെറിയ കാലയളവിനുള്ളില്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടിവരുന്നതിന്റെ കാരണം. ഈ വര്‍ഷം ഒക്‌റ്റോബറോടെ പുതിയ ക്രാഷ് ടെസ്റ്റ് നിബന്ധനകള്‍ നിലവില്‍ വരും. വിപണിയില്‍ ഇപ്പോള്‍ നിലവിലുള്ള പല മോഡലുകള്‍ക്കും പുതിയ ക്രാഷ് ടെസ്റ്റില്‍ പരാജയം സംഭവിക്കാം. ഇത് ഒഴിവാക്കാന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തി വാഹനങ്ങളെ പരിഷ്‌കരിക്കേണ്ടിവരും. കൂടാതെ ബിഎസ് സിക്‌സ് എമിഷന്‍ മാനദണ്ഡങ്ങളും നിലവില്‍ വരുന്നു. ഡിമാന്റ് കുറവുള്ള വാഹനങ്ങളെ പുതിയ നിബന്ധനകള്‍ക്ക് അനുസരിച്ച് വലിയ നിക്ഷേപം നടത്തി പരിഷ്‌കരിക്കുന്നത് വാഹന കമ്പനികളെ സംബന്ധിച്ചടത്തോളം ഏറെ നഷ്ടമുണ്ടാക്കും. അതിനാല്‍ അത്തരം മോഡലുകളെ വിപണിയില്‍ നിന്ന് പിന്‍വലിക്കുക എന്ന നിലപാടായിരിക്കും പല കമ്പനികളും സ്വീകരിക്കുക. ഏതൊക്കെ മോഡലുകളാണ് ഈ വര്‍ഷം അപ്രത്യക്ഷമാകുന്നത്?
ഫിയറ്റ് വാഹനങ്ങള്‍
ഫിയറ്റ് പത്മിനി ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിച്ച ചലനം മുതിര്‍ന്ന തലമുറയ്ക്ക് ഒരിക്കലും മറക്കാനാകില്ല. എന്നാല്‍ വരുന്ന തലമുറയ്ക്ക് ഫിയറ്റ് എന്ന ബ്രാന്‍ഡ് കേട്ടുകേള്‍വി മാത്രമാകും. ഇന്ത്യയില്‍ വലിയൊരു വാഹനവിപ്ലവത്തിന് തുടക്കം കുറിച്ച ഫിയറ്റ് രാജ്യത്തുനിന്ന് വിട പറയുകയാണ്. ഇതോടെ ഇന്ത്യയിലെ നിരത്തുകളില്‍ നിന്ന് ഫിയറ്റ് ലീനിയ, ഫിയറ്റ്
പുണ്ടോ തുടങ്ങിയ മോഡലുകള്‍ അപ്രത്യക്ഷമാകും. കടുത്ത മല്‍സരത്തില്‍ വില്‍പ്പന കുറഞ്ഞതും മലിനീകരണ നിയന്ത്രണ മാനദണ്ഡവുമാണ് ഇത്തരമൊരു തീരുമാനത്തിന് കമ്പനിയെ പ്രേരിപ്പിച്ചത്. ഫിയറ്റ് അടുത്തകാലത്തൊന്നും പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയോ നിലവിലുള്ളവ പുതുക്കി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല.
ഹോണ്ട ബ്രിയോ
ഹോണ്ട തങ്ങളുടെ ചെറുകാറായ ബ്രിയോയെ വളരെ നിശബ്ദമായി വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുന്നു. ഡിമാന്റ് കുറഞ്ഞത് തന്നെയാണ് ഇതിന് കാരണം. ബജറ്റ് കാറുകളില്‍ നിന്ന് മാറാനുള്ള ഹോണ്ടയുടെ നീക്കമായും ഇതിനെ കാണാം. ബ്രിയോ പിന്‍വലിച്ചതോടെ ഈ നിരയില്‍ ഹോണ്ടയ്ക്ക് മറ്റ് കാറുകളൊന്നുമില്ല. 2001ല്‍ അവതരിപ്പിച്ച ബ്രിയോ ഇതുവരെ 97,000ത്തോളം എണ്ണമാണ് വിറ്റിട്ടുള്ളത്.
ടാറ്റ നാനോ
ലോകത്തെ ഏറ്റവും വിലക്കുറഞ്ഞ കാര്‍ എന്ന വിശേഷവുമായി വാഹന വിപണിയുടെ ലോകഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ മോഡലാണ് ടാറ്റയുടെ നാനോ. എന്നാല്‍ വാഗ്ദാനം ചെയ്ത വിലയില്‍ തുടര്‍ന്ന് വില്‍ക്കാന്‍ ടാറ്റയ്ക്ക് സാധിച്ചില്ല. ഉപഭോക്താക്കളുടെ പ്രതീക്ഷകളെ അത്രത്തോളം തൃപ്തിപ്പെടുത്താനുമായില്ല. ഡിമാന്റ് കാര്യമായി ഇടിഞ്ഞ സാഹചര്യത്തില്‍ നാനോയെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുകയായിരുന്നു.
ഹ്യുണ്ടായ് ഇയോണ്‍
സാന്‍ട്രോയുടെ വിജകരമായ രണ്ടാം വരവ് ഏറ്റവും ബാധിച്ചത് ഹ്യുണ്ടായ് കുടുംബത്തിലെ ചെറിയ അംഗത്തെ തന്നെയാണ്. വിപണിയില്‍ എത്തിയതിന് ശേഷം ഈ മോഡലിനെ കമ്പനി പുതുക്കി അവതരിപ്പിച്ചിട്ടുമില്ല. സാന്‍ട്രോ എത്തിയതോടെ പ്രസക്തി നഷ്ടമായ ഇയോണിന് വിരലിലെണ്ണാവുന്ന വില്‍പ്പന മാത്രമേ നേടാനായുള്ളു. എന്തായാലും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നതോടെ നിലവിലുള്ള മോഡലിന് അതിജീവിക്കാനായേക്കില്ല.
മഹീന്ദ്രയുടെ കാറുകള്‍
പുതിയ മലിനീകരണ, സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നതോടെ തങ്ങളുടെ വാഹനങ്ങളുടെ പോര്‍ട്ട്‌ഫോളിയോ നവീകരിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. മഹീന്ദ്ര ഇ2ഒ, നുവോസ്‌പോര്‍ട്ട്, വെരിറ്റോ, സൈലോ എന്നീ മോഡലുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. സൈലോ, നുവോസ്‌പോര്‍ട്ട് എന്നീ മോഡലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ പിന്‍വലിച്ചിരുന്നു. പഴയ മോഡലുകളെ മാറ്റി ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനി ഒരുങ്ങുന്നതിന്റെ ഭാഗമായി ഈ നീക്കത്തെ കാണാം.
മാരുതി
സുസുക്കി
ഒമ്‌നി, ജിപ്‌സി
ഇന്ത്യയില്‍ ശരാശരി 7000ത്തോളം എണ്ണം ഒമ്‌നികള്‍ ഇപ്പോള്‍ പോലും മാസം തോറും വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. എന്നിട്ടും മാരുതി സുസുക്കി ഒമ്‌നിയെ പിന്‍വലിക്കുന്നതിന് കാരണം സുരക്ഷാമാനദണ്ഡങ്ങളാണ്. ഭാവിയിലെ ക്രാഷ് ടെസ്റ്റുകളില്‍ ഒമ്‌നിക്ക് വിജയിക്കാന്‍ വിദൂര സാധ്യത പോലും ഇല്ലാത്ത അവസ്ഥയാണ്. ഓഫ് റോഡ് ആരാധകരുടെ ഇഷ്ടവാഹനമായ ജിപ്‌സിയും വിപണിയില്‍ നിന്ന് പിന്‍വലിക്കാനൊരുങ്ങുകയാണ് മാരുതി. വില്‍പ്പന കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.
ടാറ്റ സഫാരി, സുമോ
ഒരുകാലത്തെ പടക്കുതിരകളായിരുന്ന സഫാരി, സുമോ എന്നീ മോഡലുകളും ടാറ്റ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നു. ഡിമാന്റ് ഇടിഞ്ഞ സാഹചര്യത്തില്‍ വലിയ തുക നിക്ഷേപം നടത്തിയ പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഈ മോഡലുകളെ പരിഷ്‌കരിക്കേണ്ടിവരുന്നത് ലാഭകരമല്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം.