ടോള്‍ പ്‌ളാസകളിലെ കുരുക്കഴിയും; ഡിസംബർ 1 മുതല്‍ 'ഫാസ് ടാഗ്' മാത്രം
രാജ്യത്തൊട്ടാകെ ദേശീയപാതയിലെ ടോള്‍ പിരിവ് ഡിസംബര്‍ ഒന്നു മുതല്‍ 'ഫാസ് ടാഗ്'സംവിധാനം വഴിയാക്കാന്‍ നടപടിയാരംഭിച്ചു. ഈ ഇലക്ട്രോണിക് രീതി നിര്‍ബന്ധിതമാക്കിക്കൊണ്ട് നാഷണല്‍ ഹൈവേ അതോറിട്ടിയുടെ കീഴിലുള്ള നാനൂറ്റമ്പതിലേറെ വരുന്ന ടോള്‍ പ്‌ളാസകളിലെയും കറന്‍സി ഇടപാടിനു വിരാമമിടാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുമാനിച്ചിട്ടുള്ളത്.
ഉയര്‍ന്ന നിരക്കിലുള്ള പിഴ ഈടാക്കിയശേഷമേ 'ഫാസ് ടാഗ്' സംവിധാനമില്ലാത്ത വാഹനങ്ങളെ ഡിസംബര്‍ ഒന്നിനു ശേഷം ടോള്‍പ്ലാസ കടത്തിവിടൂ. ഇനി നാലുമാസത്തിനകം എല്ലാ വാഹനങ്ങളിലും ഫാസ് ടാഗ് ഏര്‍പ്പെടുത്തേണ്ടിവരും. 2017 ഡിസംബര്‍ മുതല്‍ പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.
ഇ-പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാനുള്ള നയത്തിനു പുറമേ കറന്‍സി ഇടപാടിലെ സമയദൈര്‍ഘ്യത്താല്‍ ടോള്‍പ്ലാസകളില്‍ കുരുക്ക് രൂക്ഷമാകുന്നതൊഴിവാക്കുകയെന്ന ലക്ഷ്യവുമുണ്ട് ഫാസ് ടാഗിനു പിന്നില്‍. പുതിയ സംവിധാനത്തിലേക്കു വരുമ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഇതു പരിഹരിക്കാന്‍ മുന്‍കരുതലുകളെടുക്കണമെന്നും ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കുന്ന ഫാസ്ടാഗ് സ്റ്റിക്കറില്‍ രേഖപ്പെടുത്തിയ കോഡിലൂടെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടോള്‍ ഇടപാട് നടത്തുക. മൊബൈല്‍ ഫോണ്‍ അക്കൗണ്ടിലെന്നതുപോലെ ബാലന്‍സ് തുക തീരുന്നമുറയ്ക്ക് ടാഗ് റീചാര്‍ജ് ചെയ്യാം.
വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസ് അടച്ചാല്‍ അക്ഷയകേന്ദ്രങ്ങള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫാസ് ടാഗ് രജിസ്റ്റര്‍ ചെയ്തു കിട്ടും. ഓരോ വാഹനത്തിനും വേവ്വേറെ ടാഗ് എടുക്കണം. ഫാസ് ടാഗ് പ്രയോജനപ്പെടുത്തി ഇന്ധനം അടിക്കുന്നതിനു സൗകര്യം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് ബാങ്കുകളും ആരംഭിച്ചുകഴിഞ്ഞു.