രണ്ടാം വരവില്‍ അടിച്ചു കയറാന്‍ ഫോര്‍ഡ്, ഇത്തവണ ശ്രദ്ധ ഇതു മാത്രം

ഇന്ത്യയിലേക്കുള്ള രണ്ടാം വരവില്‍ ട്രാക്കൊന്നു മാറ്റിപ്പിടിച്ച് അടിച്ചു കയറാനുള്ള ഒരുക്കത്തിലാണ് ലോകത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ ഫോര്‍ഡ്. ആഗോള വിപണികളിലേക്കുള്ള ബാറ്ററി ഇലക്ട്രിക് വാഹനങ്ങളിലായിരിക്കും (battery electric vehicles/BEVs) ആദ്യഘട്ടത്തില്‍ കമ്പനിയുടെ മുഖ്യ ശ്രദ്ധ.

മുന്‍പത്തേതുപോലെ ഇന്റേണല്‍ കംമ്പൂട്ടേഷന്‍ എന്‍ജിന്‍ (ICE) വാഹനങ്ങളില്‍ ഇത്തവണ നിക്ഷേപം നടത്താന്‍ അമേരിക്കന്‍ കമ്പനി മുതിരില്ല. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ബിസിനസ് തുടങ്ങിയ ശേഷം ഐ.സി.ഐ വാഹനങ്ങളുടെ യൂണിറ്റുകള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഇടവേളയ്ക്ക് ശേഷം

2021ലാണ് നീണ്ട കാലത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഫോഡ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. മത്സരം അതിശക്തമായതോടെ നഷ്ടം കൂടിയതാണ് കമ്പനിയെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചത്. ഇവിടെ നിലനിന്ന കാലയളവില്‍ ഫിഗോ, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡേവര്‍, ആസ്പയര്‍ തുടങ്ങിയ ജനപ്രിയ ഐ.സി.ഇ മോഡലുകള്‍ അവതരിപ്പിച്ചിരുന്നു. ഗുജറാത്തിലെ സനന്ദിലെ പ്ലാന്റിലായിരുന്നു പ്രധാന ഉത്പാദനം. 2022ല്‍ ഈ പ്ലാന്റ് ടാറ്റ മോട്ടോഴ്‌സിന് വിറ്റു. ചെന്നൈയ്ക്കടുത്തുള്ള മാറാമലി നഗറില്‍ ഉണ്ടായിരുന്ന പ്ലാന്റ് അടച്ചു പൂട്ടുകയും ചെയ്തു. ഫോര്‍ഡ് വാഹന ഉടമകള്‍ക്ക് വേണ്ട സ്‌പെയര്‍പാര്‍ട്ടുകള്‍ ഇവിടെയാണ് നിര്‍മിച്ചിരുന്നത്. ഇവിടെയാണ് വൈദ്യുത കാറുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മുന്‍പ് എന്‍ഡവര്‍ നിര്‍മിച്ചിരുന്നത് ഇവിടെയാണ്.
ഇപ്പോള്‍ ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറുമ്പോള്‍ ഫോര്‍ഡും ബി.ഇ.വിയില്‍ സ്ഥാനം ഉറപ്പാക്കാനൊരുങ്ങുകയാണ്. 2025 ഇ.വി വിപണിയുടെ വര്‍ഷമായിരിക്കുമെന്ന് വിശ്വസിക്കുന്ന ഫോര്‍ഡ് ചെന്നൈയിലെ പ്ലാന്റ് ബാറ്ററി അധിഷ്ഠിത മോഡലുകളുടെ അസംബ്ലിംഗിനായി മാത്രമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈയിടെ യു.എസ് സന്ദര്‍ശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ഫോര്‍ഡ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിവര്‍ഷം 200,000 വാഹനങ്ങളും 340,000 എഞ്ചിനുകളും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ചെന്നൈ പ്ലാന്റ്. പ്രവര്‍ത്തനം പുരനാനംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം അവസാനം കമ്പനി അധികൃതര്‍ തമിഴ്‌നാട് സന്ദര്‍ശിക്കുന്നുണ്ട്.

കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാന്‍

ബാറ്ററി ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള BEV ഘടകങ്ങള്‍ക്കായി ശക്തമായ ഒരു വിതരണ ഇക്കോസിസ്റ്റം സ്ഥാപിക്കാനാണ് ഫോര്‍ഡ് ആദ്യപടിയായി ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്. അതിനുശേഷമായിരിക്കും ഈ മോഡലുകള്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുക.
2050 ഓടെ ആഗോളതലത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാന്‍ ശ്രമത്തിന്റെ ഭാഗമായി, ഫോര്‍ഡ് അതിന്റെ മുഴുവന്‍ വാഹന നിരയും വൈദ്യുതീകരിക്കാനും നിര്‍മ്മാണ പ്ലാന്റുകളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും 2035-ഓടെ എല്ലാ വിധ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളിലേക്കും മാറാനും ലക്ഷ്യമിടുന്നുണ്ട്.
തമിഴ്‌നാട്ടിലെ ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സില്‍ 12,000 ജീവനക്കാരാണ് ഫോര്‍ഡിനുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തില്‍ 2500-3000 പേര്‍ക്ക് കൂടി ജോലി നല്‍കാനും ലക്ഷ്യമിടുന്നു.
Related Articles
Next Story
Videos
Share it