മൂര്‍ഛയേറിയ ട്രാഫിക് നിയമം തൊട്ടരികെ; പിടി വീണാല്‍ 'കടുത്ത വില' നല്‍കേണ്ടിവരും

രാജ്യസഭ ഈയിടെ പാസാക്കിയ മോട്ടോര്‍ വാഹന നിയമ (ഭേദഗതി) ബില്ലിന് പല്ലും നഖവും വളരെ കൂടുതലാണെന്ന വിമര്‍ശനം ഉയരുന്നു. ബില്‍ വ്യവസ്ഥ ചെയ്യുന്ന കടുത്ത ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്, കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ക്ക് പിതാവ് / രക്ഷാകര്‍ത്താവ് കൂടി ശിക്ഷിക്കപ്പെടും. ട്രാഫിക് കുറ്റത്തിന് നിങ്ങളുടെ മകനോ മകളോ പിടിക്കപ്പെട്ടാല്‍, 25,000 രൂപ പിഴയും അറസ്റ്റും നിങ്ങള്‍ നേരിടേണ്ടിവരും.
അഴിമതി ഇല്ലാതാക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗതം നിയന്ത്രിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് 2019 ലെ മോട്ടോര്‍ വാഹന നിയമ (ഭേദഗതി) ബില്‍ ലക്ഷ്യമിടുന്നത്. നിയമനിര്‍മാണം ജൂലൈ 23 ന് ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും മൂന്നു പുതിയ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്താന്‍ വേണ്ടി ഇത് വീണ്ടും ലോക്‌സഭയിലേക്ക് അയയ്ക്കും.
ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി ദേശീയ ഗതാഗത നയം ബില്‍ നിര്‍ദ്ദേശിക്കുന്നു. ട്രാഫിക്കുമായി ബന്ധപ്പെട്ട വിവിധ കുറ്റങ്ങള്‍ക്ക് കര്‍ശന ശിക്ഷയും മരണത്തിന് 5 ലക്ഷം രൂപയും മോട്ടോര്‍ വാഹന അപകട കേസില്‍ ഗുരുതരമായ പരിക്കിന് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം ഉള്‍പ്പെടെ ഉയര്‍ന്ന പിഴ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.
എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴിയൊരുക്കാത്തതിന്റെ പേരില്‍ പിടിക്കപ്പെട്ടാല്‍ 10,000 രൂപ പിഴയുണ്ടാകും. അയോഗ്യരാക്കിയിട്ടും വാഹനമോടിക്കുന്നതിനുള്ള പിഴയും 10,000 രൂപ. ഡ്രൈവിംഗ് ലൈസന്‍സ് ലംഘനത്തിന്് ഒരു ലക്ഷം രൂപ വരെ. അമിതവേഗത്തിന് 1,000 - 2,000 രൂപ. മറ്റു പിഴകളുടെ പട്ടിക:
ഡ്രൈവിംഗിനിടെ കൈകൊണ്ട് ഫോണ്‍ ഉപയോഗിക്കുന്നതും സിഗ്നല്‍ ലൈറ്റ് മാനിക്കാതിരിക്കുന്നതും 5,000 രൂപ പിഴ ശിക്ഷ വരുത്തിവയ്ക്കും. ഒരു വര്‍ഷം വരെ തടവും ലഭിക്കാം.ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴശിക്ഷ 5,000 രൂപ. അയോഗ്യരാക്കിയിട്ടും വാഹനമോടിക്കുന്നവരാകട്ടെ 10,000 രൂപ നല്‍കണം. ഇതുവരെ 500 രൂപയായിരുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2018 ല്‍ 66% റോഡപകടങ്ങള്‍ സംഭവിച്ചത് ഓവര്‍ സ്പീഡ് കാരണമായിരുന്നു. ഇനി അമിത വേഗത്തിനു പിടിക്കപ്പെടുന്ന എല്‍എംവിക്ക് 1,000 രൂപയും ഇടത്തരം പാസഞ്ചര്‍ വാഹനത്തിന് 2,000 രൂപയും പിഴ ഈടാക്കും. മുമ്പത്തെ പിഴ 400 രൂപയായിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിച്ചെന്ന കുറ്റത്തിനാകട്ടെ 5,000 രൂപ വരെയാകും പിഴ ഇനി.
മദ്യപിച്ചു വണ്ടിയോടിച്ചാല്‍ 10,000 രൂപ വരെ നല്‍കേണ്ടിവരാം. പെര്‍മിറ്റ് ഇല്ലാത്ത വാഹനം ഉപയോഗിക്കുന്നതിനുള്ള പിഴ 10,000 രൂപയാകും. വാഹനങ്ങളില്‍ അമിതഭാരം കയറ്റിയാല്‍ വലിയ തുക നഷ്ടമാകാം. അധിക ടണ്ണിന് 20,000 രൂപയും 2,000 രൂപയുമാകും പിഴ. അതേസമയം, ഓരോ അധിക യാത്രക്കാരുടെയും പേരില്‍ 1,000 രൂപ ഈടാക്കും.
കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാക്കും.ചട്ടം ലംഘിച്ച് പിടിക്കടുന്ന ഓരോരുത്തരുടെയും പേരില്‍ 1,000 രൂപ നല്‍കേണ്ടിവരും. ഇരുചക്ര വാഹനങ്ങളുടെ ഓവര്‍ലോഡിംഗിന് 2,000 രൂപ. ലൈസന്‍സിന് മൂന്ന് മാസത്തേക്ക് അയോഗ്യത വരാനും ഇതിടയാക്കും. ഹെല്‍മെറ്റ് ഇല്ലാത്തതിന് 1,000 രൂപയാകും പിഴ. ലൈസന്‍സിന് മൂന്ന് മാസത്തേക്ക് അയോഗ്യതയും.
പ്രായപൂര്‍ത്തിയാകാത്തവരെ ട്രാഫിക് കുറ്റത്തിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം വിചാരണയ്ക്കു വിധേയരാക്കും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും. രക്ഷിതാക്കള്‍ വ്യക്തിപരമായി ഏറ്റുവാങ്ങേണ്ടിവരുന്ന ശിക്ഷയ്ക്കു പുറമെയാണിത്.