Begin typing your search above and press return to search.
ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്തം വില്‍പ്പനയില്‍ 1.45 ശതമാനം വര്‍ധന
രാജ്യത്തെ ഇരുചക്ര വാഹന നിര്‍മാണ രംഗത്തെ വമ്പന്മാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഫെബ്രുവരി മാസത്തെ മൊത്തം വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് നേരിയ വര്‍ധന മാത്രം. കഴിഞ്ഞകാലയളവിനേക്കാള്‍ 1.45 ശതമാനം വില്‍പ്പനയാണ് വര്‍ധിച്ചത്. 5,05,461 ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞുപോയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,98,242 യൂണിറ്റുകള്‍ കമ്പനി വിറ്റഴിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് പ്രസ്താവനയില്‍ പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന കഴിഞ്ഞ മാസം 4,63,723 യൂണിറ്റായിരുന്നു. 2020 ഫെബ്രുവരിയില്‍ ഇത് 4,79,310 യൂണിറ്റായിരുന്നു. 3.25 ശതമാനം ഇടിവാണ് ഈ വിഭാഗത്തിലുണ്ടായത്.
മൊത്തം സ്‌കൂട്ടര്‍ വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ച് 41,744 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 18,932 ആയിരുന്നു. ആഭ്യന്തര വിപണിയിലെ വില്‍പ്പനയില്‍ നേരിയ വര്‍ധനവാണുണ്ടായത്. 4,84,433 യൂണിറ്റാണ് ആഭ്യന്തര വിപണിയില്‍ കഴിഞ്ഞമാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,80,196 യൂണിറ്റായിരുന്നു.
അതേസമയം കഴിഞ്ഞ മാസത്തെ കയറ്റുമതി 21,034 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 18,046 ആയിരുന്നു.
Next Story
Videos