'സിറ്റി'ക്ക് പുതു ഭാവവും അഴകുമേകി ഹോണ്ട

ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റി ഏറെ പരിഷ്‌കരണങ്ങളോടെ പുനരവതരിച്ചു. ആഗോളതലത്തിലുള്ള അവതരണം തായ്ലന്‍ഡിലായിരുന്നു. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യന്‍ നിരത്തുകളിലുമെത്തും.

മുമ്പുണ്ടായിരുന്ന പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലുമാണ് ഇത്തവണ സിറ്റി എത്തുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാകും ഹൈബ്രിഡ് മോഡലിന്റേത്.ബിഎസ്-6 മാനമണ്ഡമുള്ളതാകും എന്‍ജിനുകള്‍. മാരുതി സിയാസ്, ഹ്യുണ്ടായി വേര്‍ണ തുടങ്ങിയ മോഡലുകളുമായി വിപണിയില്‍ മത്സരം തുടരുന്നതിന് അനിവാര്യമായ സവിശേഷതകളോടെയാകും ഹോണ്ട സിറ്റി ഇന്ത്യയിലെത്തുന്നതെന്നു തീര്‍ച്ച.

ഹോണ്ടയുടെ മറ്റ് സെഡാന്‍ മോഡലുകളായ സിവിക്, അക്കോഡ് മോഡലുകളോട് സമാനമാണ് പുതുതലമുറ സിറ്റി. ബംപറിന്റെയും ഗ്രില്ലിന്റെയും വലിപ്പം കൂട്ടി. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തെ അലങ്കരിക്കുന്നു.

ആഗോള വിപണിയില്‍ അടുത്തിടെ എത്തിയ ജാസിന്റേതിന് സമാനമാണ് ഇന്റീരിയര്‍. പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്,
ഏറ്റവും പുതിയ കണക്റ്റിവിറ്റി സവിശേഷതകള്‍, മെച്ചപ്പെട്ട ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, നവീകരിച്ച ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുള്ളതാണ് അകത്തളം.

പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന സി ഷെയ്പ്പ് എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നു.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എല്‍) ആഭ്യന്തര വിപണിയില്‍ സിറ്റി വില്‍പ്പനയ്ക്കു തുടക്കമിട്ടത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി.

ഇന്ത്യന്‍ വിപണിയില്‍ ഏഴു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവില്‍ സിറ്റിയുടെ മൊത്തം വില്‍പ്പനയില്‍ 25 ശതമാനത്തിലേറെയാണ് ഇന്ത്യയുടെ സംഭാവന. പുതു അവതാരത്തിന്റെ മുഖ്യ വിപണി മറ്റെങ്ങുമാകില്ലെന്ന തീര്‍ച്ചയാണ് ജപ്പാന്‍ കമ്പനിക്കുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it