നിങ്ങളുടെ കാര്‍ വില്‍ക്കാം, നല്ല വിലയ്ക്ക്; വഴികളിതാ

പുതിയ കാര്‍ വാങ്ങുമ്പോള്‍ ബുദ്ധിമുട്ടുകളില്ലാതെ പഴയ വാഹനം നല്‍കാന്‍ മിക്ക കാര്‍ നിര്‍മാതാക്കള്‍ക്കും അവരുടേതായ അംഗീകൃത യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകളുണ്ടാകും. പുതിയ കാര്‍ ഡീലര്‍ വഴി നിങ്ങളുടെ വാഹനം വില്‍ക്കുന്നതായിരിക്കും ഏറ്റവും സൗകര്യപ്രദമായ മാര്‍ഗം. പക്ഷേ ധനപരമായി ഇത് അത്ര മികച്ച ഡീല്‍ ആകണമെന്നില്ല.

അല്‍പ്പം ശ്രമകരമാണെങ്കില്‍ക്കൂടിയും നിങ്ങള്‍തന്നെ നേരിട്ട് കാര്‍ വില്‍ക്കുന്നതു വഴി 10-15 ശതമാനം വില കൂടുതല്‍ കിട്ടിയേക്കാം. കാരണം വളരെ ലളിതമാണ്. നിങ്ങളില്‍ നിന്ന് കാര്‍ വാങ്ങുമ്പോള്‍ സര്‍വീസിനും മറ്റുള്ള തുകയോടൊപ്പം ലാഭവും കണക്കാക്കിയായിരിക്കും ഡീലര്‍ വിലയിടുക. അതുകൊണ്ടുതന്നെ വില്‍ക്കുന്നയാള്‍ക്ക് ഡീലര്‍ഷിപ്പില്‍ നിന്ന് കുറഞ്ഞ തുകയായിരിക്കും ലഭിക്കുക.

എന്നാല്‍ ഇടനിലക്കാരെ (ഡീലര്‍ഷിപ്പ്, ബ്രോക്കര്‍മാര്‍) ഒഴിവാക്കിയാല്‍ നിങ്ങളുടെ കാറിന് മികച്ച വില ലഭിക്കും. നിങ്ങളുടെ യൂസ്ഡ് കാര്‍ എങ്ങനെ വില്‍ക്കാമെന്നും യൂസ്ഡ് കാറിന് എങ്ങനെ മികച്ച റീസെയ്ല്‍ മൂല്യം നേടാം എന്നുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

എങ്ങനെ മികച്ച വില നേടാം?

നല്ല വില ലഭിക്കാന്‍ നിങ്ങളുടെ കാറിന്റെ പുറംഭാഗവും ഉള്‍വശവും നല്ല വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും കാറിന്റെ സാങ്കേതികവശങ്ങള്‍ അറിയണമെന്നില്ല. അവര്‍ കാറിന്റെ കണ്ടീഷന്‍ വിലയിരുത്തുന്നത് അത് പുറമെ എങ്ങനെയാണിരിക്കുന്നത് എന്നു നോക്കിയാവും.

എളുപ്പത്തിലും കാര്യമായ ചെലവില്ലാതെയും ശരിയാക്കാവുന്ന ചെറിയ കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുക. ഇതുവഴി നിങ്ങളുടെ വാഹനത്തിന്റെ പ്രശ്‌നങ്ങളുടെ എണ്ണം കുറയ്ക്കാം. ടയറും ബാറ്ററിയും മാറ്റുക, കാര്‍ പെയ്ന്റ് ചെയ്യുക തുടങ്ങിയ ചെലവേറിയ കാര്യങ്ങള്‍ക്കു പകരം മോശമായ ഹെഡ് ലാംപ് മാറ്റി പുതിയത് ഘടിപ്പിക്കാം. ബൂട്ട് സീറ്റിനടിയില്‍, ഡാഷ് ബാര്‍ഡില്‍ തുടങ്ങി കാറിന്റെ ഉള്ളില്‍ എല്ലായിടത്തുനിന്നും നിങ്ങളുടെ പെഴ്‌സണലായ സാധനങ്ങള്‍ മാറ്റിയിട്ടുവേണം വാങ്ങാന്‍ വരുന്നവരെ വാഹനം കാണിക്കാന്‍.

വില എത്രയാകണം?

യാഥാര്‍ത്ഥ്യബോധത്തോടെ വാഹനത്തിന് വിലയിട്ടാല്‍ വില്‍പ്പന എളുപ്പത്തില്‍ നടത്താനാകും. നിങ്ങളുടെ അത്ര കണ്ടീഷനും പഴക്കവും ഇന്ധക്ഷമതയും ഉള്ള അതേ മോഡലിന് എത്ര വില വിപണിയില്‍ ലഭിക്കുമെന്ന് ഒരു അന്വേഷണം നടത്തുക. വളരെ കൂടിയ വില പ്രതീക്ഷിച്ചാല്‍ അധികംപേര്‍ നിങ്ങളെ വിളിക്കാതിരിക്കാം. വാങ്ങാന്‍ വരുന്നവര്‍ വില പേശും എന്നതുകൊണ്ട് അത് കണക്കാക്കിവേണം വിലയിടാന്‍. വിലയിടുന്നതില്‍ ഒരു മനഃശാസ്ത്രമുണ്ട്. നാല് ലക്ഷമാണ് നിങ്ങളുടെ ഉദ്ദേശിക്കുന്നതെങ്കില്‍ 3.95 ലക്ഷം രൂപ എന്നിടുക. അഞ്ച് ലക്ഷത്തിന് പകരം 4.95 ലക്ഷം രൂപ എന്നിങ്ങനെ.

എന്തൊക്കെ രേഖകളാണ് ആവശ്യം?

പേയ്‌മെന്റ് മുഴുവനായി ലഭിച്ചതിനുശേഷം മാത്രം രേഖകള്‍ കൈമാറുക. എല്ലാ രേഖയിലും ബയറുടെ പേര് എഴുതിച്ചേര്‍ക്കേണ്ട സ്ഥലങ്ങളില്‍ അവ കൃത്യമായി എഴുതുക. സര്‍ക്കാര്‍ നല്‍കിയ ഫോട്ടോ അടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകളുടെ (ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പാസ്‌പോര്‍ട്ട്) കോപ്പി വാങ്ങുന്നയാളുടെ പക്കല്‍ നിന്നു വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്.

വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ താഴെപ്പറയുന്ന രേഖകള്‍ ആവശ്യമാണ്:

1. ഫോം നമ്പര്‍ 29 & ഫോം നമ്പര്‍ 30
2. ഡെലിവറി നോട്ട് & സെയ്ല്‍സ് ഡീഡ്
3. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്
4. RTO ടാക്‌സ് രേഖകള്‍
5. ഇന്‍ഷുറന്‍സ് പോളിസി
6. PUC സര്‍ട്ടിഫിക്കറ്റ്
7. ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍
8. ഫിനാന്‍സ് NOC (ആവശ്യമെങ്കില്‍)

വില്‍പ്പനയ്ക്കു ശേഷം

പുതിയ RTO നിയമം അനുശാസിക്കുന്നത് ആര്‍ സി ബുക്ക് വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റുന്നതിന്റെ ഉത്തരവാദിത്തം വില്‍പ്പനക്കാരന് ആണെന്നാണ്. പേരു മാറ്റിയ ആര്‍സി ബുക്കിന്റെ ഒരു കോപ്പി വാഹനം വാങ്ങിയ ആളുടെ അടുത്തുനിന്നും വാങ്ങാം. ഉടമസ്ഥതയുടെ വിവരങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റില്‍ കയറി പരിശോധിക്കുകയും വേണം.

ഓണ്‍ലൈനില്‍ എങ്ങനെ വില്‍ക്കാം?

ചില മികച്ച ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ നിങ്ങളുടെ കാര്‍ ലിസ്റ്റ് ചെയ്താല്‍ വാങ്ങുന്നവരുമായി നിങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെടാനാകും. ഓണ്‍ലൈനായി പോസ്റ്റ് ചെയ്യുമ്പോള്‍ സാധ്യമായ അത്രയും ഫോട്ടോകള്‍ (കുറഞ്ഞത് 5-10) പരസ്യത്തില്‍ ചേര്‍ക്കുക. കാറിനെക്കുറിച്ച് സാധ്യമായ അത്രയും വിവരങ്ങള്‍ ലഭിക്കുന്ന തരത്തില്‍ വിവിധ ആംഗിളിലുള്ള ഫോട്ടോകളാണ് പോസ്റ്റ് ചെയ്യേണ്ടത്.

കാറിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ഒരിക്കലും പരസ്യത്തില്‍ ചേര്‍ക്കരുത്. പകരം കാറിന്റെ ഫീച്ചേഴ്‌സ്, ഗുണഗണങ്ങള്‍ (ഉദാഹരണത്തിന് സിംഗിള്‍ ഓണര്‍, ഇന്ധനക്ഷമത, ശ്രദ്ധാപൂര്‍വമുള്ള ഉപയോഗം, സ്ഥിരമായ സര്‍വീസിംഗ്, അപകടം ഉണ്ടായിട്ടില്ല, ഗരേജിന്റെ ഉള്ളിലുള്ള പാര്‍ക്കിംഗ് തുടങ്ങിയവ ഉള്‍ക്കൊള്ളിക്കുകയും വേണം. നിങ്ങളുടെ വീട്ടിലെയോ ഓഫീസിലെയോ നമ്പര്‍ നല്‍കാതെ മൊബീല്‍ നമ്പര്‍തന്നെ നല്‍കുന്നതായിരിക്കും നല്ലത്.

(സാം കെ.എസ്- ഓട്ടോമൊബീല്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍. ഫോണ്‍: ഇ-മെയ്ല്‍: sam@act.solutions)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it