ഇന്ധനം ലാഭിക്കാന്‍ ഈസിയായ 10 വഴികള്‍

വര്‍ധിച്ചു വരുന്ന പെട്രോള്‍, ഡീസല്‍ വിലയെ പഴിക്കാതെ ഇന്ധനക്ഷമത കൂട്ടാന്‍ ശ്രമിക്കലാണ് നമ്മള്‍ ചെയ്യേണ്ടത്. ഇതാ ഇന്ധനം ലാഭിക്കാന്‍ ഏതൊരാള്‍ക്കും പാലിക്കാവുന്ന ചില നിര്‍ദേശങ്ങള്‍
കൃത്യമായ ടയര്‍ പ്രഷര്‍
ടയറില്‍ മര്‍ദം കുറവാണെങ്കില്‍ ടയറിന്റെ കൂടുതല്‍ ഭാഗം റോഡില്‍ സ്പര്‍ശിക്കാന്‍ ഇടയാകുകയും ഇത് ഘര്‍ഷണം കൂട്ടുകയും ചെയ്യും. ഇത്തരത്തില്‍ വാഹനം ഓടുന്നത് കൂടുതല്‍ ഇന്ധനം ചെലവാകാന്‍ കാരണമാകും. കമ്പനി ഓരോ വാഹനത്തിന്റെ മോഡലിനും എത്രമാത്രം പ്രഷര്‍ വേണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത് എന്ന് പരിശോധിക്കുക. ചിലതിന് മുന്‍ ടയറിനും പിന്‍ടയറിനും പ്രത്യേകം പറഞ്ഞിട്ടുണ്ടാകും. കമ്പനി നിര്‍ദേശിക്കുന്നതിനെക്കാളും കൂടുതല്‍ മര്‍ദം നിറച്ചാല്‍ അല്‍പ്പം കൂടി ഇന്ധനക്ഷമത ലഭിക്കും. പക്ഷെ മര്‍ദം ഏറെ കൂടിയാല്‍ ഘര്‍ഷണം കുറയുന്നതുകൊണ്ട് തെന്നാനുള്ള സാധ്യതയുണ്ട അതുപോലെ തന്നെ കൃത്യസമയത്ത് വീല്‍ അലൈന്‍മെൻറ് നടത്തണം. അലൈന്‍മെൻറ് തെറ്റിയെങ്കില്‍ അത് ടയറിന്റെ ആയുസ് കുറയ്ക്കുക മാത്രമല്ല, ഇന്ധനക്ഷമതയും കുറയ്ക്കും.
ഏറെ സമയമെടുക്കുന്നുവെങ്കില്‍ എന്‍ജിന്‍ നിര്‍ത്താം
രണ്ട് മിനിറ്റില്‍ കൂടുതല്‍ നിര്‍ത്തിയിടേണ്ടി വരുമ്പോള്‍ എന്‍ജിന്‍ ഓഫ് ചെയ്യുന്നതാണ് ഇന്ധനം ലാഭിക്കാന്‍ വേണ്ടത്. ഗതാഗത കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു എങ്കിലോ ആരെയെങ്കിലും കാത്തുനില്‍ക്കുന്നു എങ്കിലോ എന്‍ജിന്‍ ഓഫാക്കാം. മൂന്ന് മിനിറ്റ് എന്‍ജിന്‍ വെറുതെ പ്രവര്‍ത്തിപ്പിച്ചിടുന്നത് ഒരു കിലോമീറ്റര്‍ പോകാനുള്ള ഇന്ധനം തീര്‍ക്കും.
ഐഡില്‍ ആയിക്കിടന്നാല്‍ തനിയെ ഓഫാകുകയും ആക്സിലറേറ്ററിലോ ബ്രേക്കിലോ ചവിട്ടിയാല്‍ ഓണാകുന്നതുമായ സംവിധാനം ചില ആഡംബര കാറുകളിലുണ്ട്.
ചെറിയ യാത്രകള്‍ ഇന്ധനം കുടിച്ചുതീര്‍ക്കും
വീടിനടുത്തുള്ള ആരാധനാലയത്തിലോ മാര്‍ക്കറ്റിലോ ഒക്കെ നടന്നുപോയാല്‍ ഇന്ധനവും ലാഭിക്കാം, ആരോഗ്യവും സംരക്ഷിക്കാം. എന്‍ജിന്‍ സ്റ്റാര്‍ട്ട് ആയി വാഹനം ഓടിത്തുടങ്ങുന്നതിന് ഏറെ ഇന്ധനം വേണമെന്നതിനാല്‍ ചെറുയാത്രകള്‍ വിലയേറിയ ഇന്ധനം കുടിച്ചുതീര്‍ക്കും. അനേകം ചെറുയാത്രകള്‍ ഒന്നിച്ചാക്കി പോകാന്‍ സാധിക്കുമെങ്കില്‍ അതും ഗുണം ചെയ്യും.
തിരക്ക് തുടങ്ങും മുമ്പേ യാത്ര ചെയ്യുക
ട്രാഫിക് തിരക്ക് തുടങ്ങും മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുമെങ്കില്‍ ഇന്ധനം ഏറെ ലാഭിക്കാന്‍ കഴിയും. മാത്രമല്ല, ഗതാഗത തിരക്കേറിയ വഴി ഒഴിവാക്കി പകരം അല്‍പ്പം ദൈര്‍ഘ്യം ഏറിയതെങ്കിലും തിരക്ക് കുറഞ്ഞ നല്ല വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കുന്നതും ഇന്ധനം ലാഭിക്കാന്‍ സഹായിക്കും.
യാത്ര ശരിയായ ഗിയറില്‍ ആകട്ടെ
താഴ്ന്ന ഗിയറുകളില്‍ മാത്രം ഓടിയാല്‍ ഏറെ ഇന്ധനം വേണ്ടിവരും.
കഴിയുന്ന സാഹചര്യങ്ങളിലെല്ലാം ഏറ്റവും ഉയര്‍ന്ന ഗിയര്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. താഴ്ന്ന ഗിയറിലായിരിക്കുമ്പോള്‍ വേഗത ഉയര്‍ത്താനായി ഏറെ ആക്സലറേറ്റ് ചെയ്യുന്നത് ഇന്ധനക്ഷമത വളരെ കുറക്കും. ഉയര്‍ന്ന ഗിയറില്‍ എന്‍ജിന്‍ വലിക്കാതെ വന്നാല്‍ പെട്ടെന്നുതന്നെ ഗിയര്‍ ഡൗണ്‍ ചെയ്യുക. അല്ലാതെ അതേ ഗിയറില്‍ പോകാന്‍ ശ്രമിക്കരുത്. എത്രമാത്രം വേഗത കൈവരിക്കുമ്പോഴാണ് ഓരോ ഗിയറും മാറ്റേണ്ടത് എന്നതിന്റെ വിവരങ്ങള്‍ യൂസേഴ്സ് മാനുവലില്‍ ഉണ്ടാകും.
തിരക്ക് വേണ്ട
പെട്ടെന്നുള്ള ആക്സലറേഷന്‍, പെട്ടെന്നുള്ള ബ്രേക്ക് പിടിക്കല്‍ എന്നിവ ഒഴിവാക്കുക. പകരം എല്ലാം വളരെ സ്മൂത്ത് ആയി പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ ഇന്ധനക്ഷമത ലഭിക്കുകയുള്ളു.
വിന്‍ഡോ അടച്ചിടാം
എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം ഓടിക്കുന്നത് ഇന്ധ
നക്ഷമത വളരെ കുറയ്ക്കും എന്നത് സത്യം തന്നെ. എന്നാല്‍ അതിവേഗത്തില്‍ ഹൈവേയിലൂടെ പോകുമ്പോള്‍ ഇരുവശത്തുമുള്ള വിന്‍ഡോകള്‍ തുറന്നിടുന്നത് വായുവിന്റെ ഘര്‍ഷണം ഉണ്ടാകാന്‍ കാരണമാകും. കാറ്റ് ഉള്ളിലേക്ക്
ഇരച്ചുകയറുന്നതിനാല്‍ മുന്നോട്ടുപോകാന്‍ എന്‍ജിന് ഏറെ ശക്തി എടുക്കേണ്ടതായി വരുന്നു. ഈ സാഹചര്യത്തില്‍ എസി ഓണാക്കിയ ശേഷം വിന്‍ഡോകള്‍ അടച്ചിടുന്നത് തന്നെയാണ് നല്ലതെന്ന് പുതിയ കണ്ടെത്തലുകള്‍.
മികച്ച പരിപാലനം അത്യാവശ്യം
വാഹനം ഏറ്റവും വ്യത്തിയായി സൂക്ഷിക്കുക. എയര്‍/ഓയ്ല്‍ ഫില്‍റ്ററുകള്‍ യഥാസമയം മാറ്റുക. എന്‍ജിന്‍ കൃത്യമായി സര്‍വീസ് ചെയ്യുക. അംഗീകൃത സര്‍വീസ് സെന്ററിലാകണം സര്‍വീസ് ചെയ്യേണ്ടത്. അസാധാരണമായ ശബ്ദങ്ങളും മാറ്റങ്ങളും തിരിച്ചറിഞ്ഞ് അറ്റകുറ്റപ്പണികള്‍ നടത്തുക. ഓയ്ല്‍ കൃത്യസമയത്ത് മാറ്റുക.
അമിതഭാരം ഒഴിവാക്കുക
വാഹനത്തിന് ഭാരം കൂടുംതോറും ഓടാന്‍ ഇന്ധനവും കൂടുതലായി വേണ്ടിവരും. ഉപയോഗിക്കാത്തതോ ആവശ്യമില്ലാത്തതോ ആയ എന്തു സാധനവും വാഹനത്തില്‍ നിന്ന് എടുത്തുമാറ്റുക
നടക്കാം
മാര്‍ക്കറ്റ് പോലെ വളരെ തിരക്കേറിയ ഇടങ്ങളില്‍ പോകുമ്പോള്‍ തിരക്ക് തുടങ്ങുന്നതിന് മുമ്പേ എവിടയെങ്കിലും പാര്‍ക്ക് ചെയ്തിട്ട് നടന്നുപോകുന്നതായിരിക്കും അഭികാമ്യം. തിരക്കിനിടയില്‍ ചെറിയ ഗിയറുകളില്‍ ഓടിക്കേണ്ടി വരുമ്പോഴും നിരവധി വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യുമ്പോഴും ഏറെ ഇന്ധനം ചെലവാകും.