ഹ്യുണ്ടായ് ഇന്ത്യ പുതിയ സെഡാന് പേരിട്ടു: 'ഓറ'

ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്ന പുതിയ കോംപാക്ട് സെഡാന്റെ പേര് പ്രഖ്യാപിച്ചു - 'ഓറ'. സുഖസൗകര്യങ്ങള്‍, സുരക്ഷ, രൂപഭംഗി, സാങ്കേതികവിദ്യ എന്നിവയെല്ലാം ചേര്‍ന്ന ആധുനിക മോഡല്‍ ആവും ഓറ എന്ന് ഹ്യൂണ്ടായ് അറിയിച്ചു.
ഈ മാസം അവസാനത്തോടെയോ ഡിസംബറിന്റെ തുടക്കത്തോടെയോ ഓറ അവതരിപ്പിക്കുമെന്നാണ് സൂചന.കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയ ഗ്രാന്‍ഡ് ഐ 10 നിയോസ് ഉള്‍പ്പെടെ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യക്ക് നിലവില്‍ 12 കാര്‍ മോഡലുകളുണ്ട്. ഇതിനു പുറമേയാണ് ഇലക്ട്രിക് എസ്യുവി 'കോന'.
ഗ്രാന്‍ഡ് ഐ 10 നിയോസ് മാതൃകയിലുള്ള കോംപാക്ട് സെഡാനാണ് ഓറ എന്ന് വിപണി പ്രതീക്ഷിക്കുന്നു. ഇതുവരെ ലഭ്യമായ ടെസ്റ്റ് വാഹനങ്ങളുടെ അവ്യക്തമായ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത് എക്സെന്റിനെക്കാള്‍ ഒഴുക്കുള്ള ഡിസൈന്‍ ആയിരിക്കും ഓറയ്ക്ക് എന്നാണ്. ശുഭാപ്തിവിശ്വാസത്തിന്റെ ആകര്‍ഷണീയത, അതിര്‍വരമ്പുകള്‍ ഭേദിച്ച് മുന്നോട്ട് പോകാനുള്ള തൃഷ്ണ എന്നീ ആശയങ്ങള്‍ 'ഓറ'യില്‍ സമന്വയിക്കുന്നതായി ഹ്യൂണ്ടായ് വിശദീകരിക്കുന്നു.
ടാറ്റ മോട്ടോഴ്സാണ് ഇന്ത്യയില്‍ കോംപാക്ട് സെഡാന്‍ സെഗ്മെന്റിന്റെ ഉപജ്ഞാതാക്കള്‍. ഇന്‍ഡിഗോ സിഎസ് എന്ന നാലു മീറ്ററിന് താഴെ നീളം വരുന്ന സെഡാന്‍ 2008 ലാണ് ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചത്. പിന്നീടാണ് മാരുതി സുസുക്കി ഡിസയര്‍, ഫോക്സ്വാഗണ്‍ അമേയോ, ഹോണ്ട അമെയ്സ്, ഫോര്‍ഡ് അസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവ ഈ വിഭാഗത്തിലേക്കെത്തിയത്. ഇക്കൂട്ടത്തിലെ ഹ്യുണ്ടായ് മോഡലാണ് എക്സെന്റ്. മാരുതിയുടെ ഡിസയര്‍ പോലെ വമ്പന്‍ വിജയമാവാന്‍ എക്സെന്റിനായില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline