ഹ്യുണ്ടായ് വെന്യു എത്തി: കോമ്പാക്റ്റ് എസ്.യു.വി രംഗത്ത് ഇനി കടുത്ത മത്സരം
വാഹനപ്രേമികള്‍ കാത്തിരുന്ന ഹ്യുണ്ടായിയുടെ എസ്.യു.വിയായ വെന്യൂ ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ വിലയും പ്രകടനമികവും ഒത്തിണങ്ങുന്ന മോഡലാണ് വെന്യു. ആറര ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്.
കോമ്പാക്റ്റ് എസ്.യു.വി രംഗത്ത് ശക്തമായ മല്‍സരത്തിന് കൂടിയാണ് വെന്യു തുടക്കമിടുന്നത്. മാരുതി വിതാര ബ്രെസ, ടാറ്റ നെക്‌സണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര എക്‌സ്‌യുവി300 തുടങ്ങിയവയാണ് വെന്യുവിന്റെ മുഖ്യ എതിരാളികള്‍.
11 വേരിയന്റുകളില്‍ വെന്യു ലഭ്യമാണ്. ഏഴ് പെട്രോള്‍ വകഭേദങ്ങളും നാല് ഡീസല്‍ വകഭേദങ്ങളും. ബേസ് മോഡലായ 1.2 കാപ്പ പെട്രോള്‍ ഇ വേരിയന്റിന്റെ എക്‌സ് ഷോറൂം വില 6.5 ലക്ഷം രൂപയാണ്.
എട്ടിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് വെന്യുവിനുള്ളത്. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി ടെക്‌നോളജിയാണ് വെന്യുവിന്റെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന്. സേഫ്റ്റി, സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് ആക്‌സസ്, അലേര്‍ട്ട് സര്‍വീസസ്, ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബേസ്ഡ് ലാംഗ്വേജ് ഇന്‍പുട്ട്‌സ്... തുടങ്ങി 33 ഫീച്ചറുകള്‍ അടങ്ങിയ സാങ്കേതികവിദ്യയാണിത്.
ഉയര്‍ന്ന മോഡലില്‍ ക്രൂസ് കണ്‍ട്രോള്‍, സണ്‍റൂഫ്, വയര്‍ലസ് ചാര്‍ജിംഗ്, റെയര്‍ എസി വെന്റുകള്‍, പാര്‍ക്കിംഗ് കാമറ തുടങ്ങിയ സവിശേഷതകളുണ്ട്.