വില്‍പ്പനയിടിവ്: വാഹനവിപണി നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍

പ്രളയത്തെത്തുടര്‍ന്നുണ്ടായ വില്‍പ്പനയിടിവിനെ ഇനിയും മറികടക്കാനാകാതെ കേരളത്തിലെ വാഹന വിപണി. നേരത്തെ വാഹനം ബുക്ക് ചെയ്തിരുന്ന ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും വാഹനം എടുക്കുന്നതില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.

യൂസ്ഡ് കാര്‍ വിപണിയും തളര്‍ന്നതോടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ഡീലര്‍മാര്‍. പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങളുടെ സര്‍വീസില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമാണ് ആകെയുള്ള ആശ്വാസം.

ഇന്ധനവില കുതിച്ചുയരുന്നതും ഇന്‍ഷുറന്‍സ് ചെലവ് കൂടിയതും വര്‍ധിച്ചുകൊണ്ടിരിക്കുന്ന പലിശനിരക്കുമൊക്കെ വിപണിയെ ബാധിക്കുന്നു. എല്ലാ ബിസിനസ് മേഖലകളെയും സാമ്പത്തികപ്രതിസന്ധി ബാധിച്ചതും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഉയരാത്തതുമൊക്കെ ജനങ്ങളുടെ ചെലവഴിക്കല്‍ വരുമാനം കുറച്ചു.

ആഡംബരമായി കാണുന്ന വാഹനം വാങ്ങല്‍ ഉള്‍പ്പടെയുള്ള ചെലവുകള്‍ വേണ്ടെന്നുവെക്കുകയാണ് ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍. ഇത് ബാധിച്ചിരിക്കുന്നത് ഡീലര്‍ഷിപ്പുകളെയും ഈ മേഖലയില്‍ ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തിനെയുമാണ്.

സംശയം മാറാതെ ഉപഭോക്താക്കള്‍

സെയ്ല്‍സ് കോളുകള്‍ക്ക് എങ്ങും തണുത്ത മറുപടി മാത്രമാണെന്ന് ഈ മേഖലയിലെ സെയ്ല്‍സ് ജീവനക്കാര്‍ പറയുന്നു. നേരത്തെ വാഹനം വാങ്ങാന്‍ താല്‍പ്പര്യം കാണിച്ച പലരും പിന്മാറി. വാഹനം വാങ്ങാനായി ഷോറൂമിലേക്ക് എത്തുന്നവര്‍ക്ക് ആകട്ടെ മൊത്തത്തില്‍ സംശയമാണ്. വെള്ളം കയറിയ വാഹനങ്ങള്‍ സര്‍വീസ് ചെയ്ത് വില്‍ക്കാനിട്ടിരിക്കുന്നതാണോ എന്ന ചോദ്യമാണ് സെയ്ല്‍സ് ജീവനക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. അത്തരത്തിലുള്ള ഒരു വാഹനവും ഒരു ഡീലര്‍ഷിപ്പിലും പുതിയ കാറായി വില്‍ക്കുന്നില്ലെന്ന വാക്കുകള്‍ വിശ്വസിക്കാന്‍ ഉപഭോക്താക്കള്‍ തയാറല്ല. ഷോറൂമിലെ വാഹനം അഴിച്ചുനോക്കി വെള്ളം കയറിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയാണ് വാങ്ങുന്നത്.

കാറുകളുടെ മാത്രമല്ല ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. വിവിധ ബിസിനസ് മേഖലകളിലുണ്ടായ തകര്‍ച്ചയാണ് വാണിജ്യ വാഹന വില്‍പ്പനയെ ബാധിച്ചിരിക്കുന്നത്. യൂസ്ഡ് കാറുകളും വാങ്ങാന്‍ ആളില്ല. പ്രളയത്തില്‍പ്പെട്ട വാഹനങ്ങളാണ് യൂസ്ഡ് കാര്‍ വിപണിയിലേക്ക് എത്തുന്നത് എന്ന ഭയമാണ് ഇതിന് കാരണം.

പ്രതീക്ഷയില്ലാതെ ഉല്‍സവ വിപണി

ഏറെ പ്രതീക്ഷയോടെയാണ് വാഹനവിപണി ഓണത്തെ കാത്തിരുന്നതെങ്കിലും പ്രളയത്തില്‍ മുങ്ങിയ ഓണം എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഇനി വരാനിരിക്കുന്നത് ദീപാവലിയാണ്. കേരളത്തില്‍ ദീപാവലി വലിയ വിപണിയല്ലെങ്കിലും കമ്പനികള്‍ ഓഫറുകള്‍ നല്‍കുന്നതിനാല്‍ മെച്ചപ്പെട്ട വില്‍പ്പന എല്ലാവര്‍ഷവും കേരളത്തിലും നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ദീപാവലിയില്‍ പ്രതീക്ഷയില്ലെന്ന് ഡീലര്‍മാര്‍ പറയുന്നു. ക്രിസ്മസ്, പുതുവല്‍സര വിപണിയെയാണ് ഇവര്‍ ഉറ്റുനോക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it