ടാറ്റാ, ലെയ്ലാന്‍ഡ് ട്രക്ക് വില്‍പ്പന പകുതിയായി

രാജ്യത്ത് ബസുകള്‍ ഒഴികെയുള്ള ഇടത്തരം, ഹെവി-ഡ്യൂട്ടി വാണിജ്യ വാഹനങ്ങളുടെ (എം & എച്ച്‌സിവി) വില്‍പ്പന ഓഗസ്റ്റില്‍ പകുതിയായി കുറഞ്ഞു. സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ബാരോമീറ്ററായി കണക്കാക്കപ്പെടുന്ന മേഖലയാണിത്. മോശം സമ്പദ്വ്യവസ്ഥയും ഉപഭോഗ മാന്ദ്യവുമാണ് ഇതിനു കാരണമെന്ന് ട്രക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പ്രതിമാസ വില്‍പ്പനാ റിപ്പോര്‍ട്ട് പറയുന്നു.
ടാറ്റാ മോട്ടോഴ്‌സ്, അശോക് ലെയ്ലാന്‍ഡ്, വോള്‍വോ ഐഷര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ മുന്‍നിര എം & എച്ച്‌സിവി നിര്‍മാതാക്കളുടെ മൊത്തം വില്‍പ്പന 31,067 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 59.5 ശതമാനമാണ് ഇടിവ്. വിപണിയിലെ മാന്ദ്യം മൂലം ട്രക്ക് നിര്‍മ്മാതാക്കള്‍ 49 ടണ്ണിനു മുകളിലുള്ള ഡ്യൂട്ടി ട്രക്കുകള്‍ക്ക് 9,00,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
2020 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ് -6 എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പായി കൂടുതല്‍ വില്‍പ്പനയുണ്ടാകുമെന്ന പ്രതീക്ഷയുണ്ട് കമ്പനികള്‍ക്ക്. ഉത്സവ സീസണും പ്രതീക്ഷ ഉയര്‍ത്തുന്നു.
മാര്‍ക്കറ്റ് ലീഡറായ ടാറ്റാ മോട്ടോഴ്സിന്റെ ഹെവി ഡ്യൂട്ടി ട്രക്ക് വില്‍പ്പന 58 ശതമാനം താഴ്ന്ന് 5,340 യൂണിറ്റായി. ഉയര്‍ന്ന ടണ്ണേജുള്ള അശോക് ലെയ്ലാന്‍ഡിന്റെ ട്രക്ക് വില്‍പ്പന 70 ശതമാനം ഇടിഞ്ഞ് 3,336 യൂണിറ്റുമായി.രാജ്യത്ത് വില്‍ക്കുന്ന 10 ട്രക്കുകളില്‍ ഏഴിലധികവും നിര്‍മ്മിക്കുന്ന കമ്പനികളാണിവ.
ഈ സാഹചര്യത്തില്‍ കമ്പനി ചില്ലറ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നു ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ് (വാണിജ്യ വാഹനങ്ങള്‍) ഗിരീഷ് വാഗ് പറഞ്ഞു. കമ്പനിയുടെ റീട്ടെയില്‍ വില്‍പന മൊത്ത വില്‍പനയേക്കാള്‍ 25 ശതമാനം മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ ഗുണപരമായ ഫലം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം മാത്രം വളര്‍ച്ചയാണു നേടിയത്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഫലമാണിത്. 0.6 ശതമാനം വളര്‍ച്ചയോടെ ഉല്‍പ്പാദന മേഖലയും മോശമായി.