ടൂറിസ്റ്റ് പെര്‍മിറ്റിലുള്ള അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നിയമവിരുദ്ധം: ഹൈക്കാടതി

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഓടുന്ന ബസുകള്‍ക്ക് വിനോദസഞ്ചാരികളെ മാത്രം കയറ്റാനേ നിയമാനുസൃതമായി സാധ്യമാകൂ എന്നും മറ്റ് യാത്രക്കാരെ കയറ്റാനോ രണ്ട് നിശ്ചിത സ്ഥലങ്ങള്‍ക്കിടയില്‍ സ്ഥിരമായി സര്‍വീസ് നടത്താനോ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്റ്റേജ് കാര്യേജ് ലൈസന്‍സെടുക്കാതെ ഇപ്പോള്‍ നടക്കുന്ന ദീര്‍ഘദൂര, അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിയമാനുസൃതമല്ലെന്ന പരാമര്‍ശമാണ് ഹൈക്കാടതിയുടെ ഉത്തരവിലുള്ളത്.

സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകളുടെ ബലത്തില്‍ സ്റ്റേജ് കാര്യേജ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനെതിരെ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ ചെക്ക് റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്ത് ബെംഗളൂരുവിലെ എസ്.സനിത്ജനും എസ്ആര്‍എസ് ട്രാവല്‍സും സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടുള്ളതാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തെത്തുടര്‍ന്നു മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ ഓപ്പറേഷന്‍ 'നൈറ്റ് റൈഡേഴ്‌സ്' പരിശോധനയാണ് എസ്ആര്‍എസ് ട്രാവല്‍സിനെയും മറ്റും പ്രകോപിപ്പിച്ചത്.

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകളില്‍ ഓടുന്ന ബസുകള്‍ പരിശോധിക്കാനും പിഴ ചുമത്താനും സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യാഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.എന്നാല്‍ കേരള മോട്ടോര്‍ വാഹന നിയമപ്രകാരം മജിസ്‌ട്രേട്ട്, എംവിഐ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍, എസ്‌ഐ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു വാഹനങ്ങളുടെ പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധിക്കാനും പിടിച്ചെടുക്കാനും അധികാരമുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it