''സ്വിഫ്റ്റിനെയും ജിംനിയെയും തൊട്ട് കളി വേണ്ട'', ടൊയോട്ടയോട് മാരുതി

മാരുതി സുസുക്കിയുടെ ഐക്കോണിക് താരങ്ങളായ സ്വിഫ്റ്റിനെയും ജിംനിയെയും കൂടി ഒപ്പം കൂട്ടാമെന്ന മോഹത്തിലായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. എന്നാല്‍ ടൊയോട്ടയുടെ മോഹം തുടക്കത്തിലെ നുള്ളിക്കളഞ്ഞ് മാരുതി സുസുക്കി. ഇരു കമ്പനികളും സഹകരിച്ച് പല മോഡലുകളും പുറത്തിറക്കിയിട്ടുണ്ടെങ്കിലും പ്രസ്റ്റീജിയസ് ബ്രാന്‍ഡുകളെ കൈമാറാന്‍ മാരുതിക്ക് താത്പര്യമില്ല. സ്വിഫ്റ്റും ജിംനിയും പങ്കുവയ്ക്കണമെന്ന് ടൊയോട്ട ആവശ്യമുന്നയിച്ചെങ്കിലും മാരുതി 'നോ' പറഞ്ഞതായാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരസ്പരം കാറുകള്‍ കൈമാറ്റം ചെയ്ത് റീബാഡ്ജ് ചെയ്ത് പുറത്തിറക്കുന്നത് ഇപ്പോള്‍ വിപണിയില്‍ ട്രെന്‍ഡാണ്. ടൊയോട്ടയും മാരുതിയും അന്താരാഷ്ട്രതലത്തിലുള്ള സഹകരണത്തിലൂടെ ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ പുറത്തിറക്കി. സാങ്കേതികവിദ്യകള്‍ പങ്കുവച്ച് ലാഭം നേടുക എന്നതാണ് ഇതിനു പിന്നിലുള്ള ഉദ്ദേശ്യം.

കടം കൊണ്ട നാല്‌ മോഡലുകള്‍
മാരുതി സുസുക്കിയുടെ രണ്ട് മോഡലുകളാണ് റീ ബാജ്ഡ് ചെയ്ത് ടൊയോട്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. മാരുതിയുടെ ശ്രദ്ധേയ മോഡലുകളിലൊന്നായ ബലേനോ പ്രീമിയം ഹാച്ച് ബാക്ക് ഗ്ലാന്‍സ എന്ന പേരിലാണ് ടൊയോട്ട വില്‍ക്കുന്നത്. മാരുതിയുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ (എം.പി.വി) എര്‍ട്ടിഗയെ റൂമിയോണ്‍ എന്ന പേരിലും അവതരിപ്പിച്ചിട്ടുണ്ട്.
തിരിച്ച് മാരുതിയും ചില മോഡലുകള്‍ കടം വാങ്ങി അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പുതിയതായിരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ് വേര്‍ഷനായ ഇന്‍വിക്‌റ്റോ. ഇതുകൂടാതെ ഇരുവരും ചേര്‍ന്ന്‌ നിര്‍മിച്ച ഹൈബ്രിഡ് എസ്.യു.വിയായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ഗ്രാന്‍ഡ് വിറ്റാരയെന്ന പേരില്‍ മാരുതി വിപണിയിലെത്തിക്കുന്നുണ്ട്.
മാരുതിയുടെ ക്രോസ് ഓവര്‍ മോഡലായ ഫ്രോന്‍ക്‌സിന്റെ റീബാഡ്ജിംഗ് പതിപ്പ് എത്തിക്കാന്‍ ടൊയോട്ട ഒരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. ഇതു കൂടാതെ മാരുതി ഉടന്‍ വിപണിയിലവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് വാഹനമായ ഇ.വി.എക്‌സിന്റെ ടൊയോട്ട പതിപ്പ് അര്‍ബന്‍ എസ്.യു.വി എന്ന പേരിലും പുറത്തിറക്കുമെന്നാണ് അറിയുന്നത്.
ടൊയോട്ടയ്ക്ക് നേട്ടമായി കൈമാറ്റം
നിലവില്‍ മാരുതിയില്‍ നിന്ന് കടം കണ്ട മോഡലുകള്‍ വഴി ടൊയോട്ട നല്ല വളര്‍ച്ച നേടുന്നുണ്ട്. ടൊയോട്ടയുടെ പ്രതിമാസ വില്‍പ്പനയുടെ 25 ശതമാനവും മാരുതി നല്‍കിയ ഗ്ലാന്‍സയുടേയും റൂമിയന്റെയും വില്‍പ്പന വഴിയാണ്.
ജിംനിയെ സ്വന്തം ബ്രാന്‍ഡിലവതരിപ്പിച്ച് കൂടുതല്‍ വിപണി നേടാമെന്ന പ്രതീക്ഷയിലായിരുന്നു ടൊയോട്ട. നിലവില്‍ അതേ ശ്രേണിയില്‍ ടോയൊട്ടയ്ക്ക് ഫോര്‍ച്യൂണര്‍ എന്നൊരു മോഡലുണ്ടെങ്കിലും ഉയര്‍ന്ന വില മൂലം പലര്‍ക്കും അത് വാങ്ങാനാകുന്നില്ല. ഈ വിടവ് പരിഹരിക്കാന്‍ ജിംനിയിലൂടെ സാധിക്കുമായിരുന്നു.
മാരുതിയെ സംബന്ധിച്ചും ഇത് ലാഭമാകുമായിരുന്നെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. കാരണം ജിംനിയ്ക്ക് തുടക്കത്തിലുണ്ടായിരുന്ന വില്‍പ്പന വളര്‍ച്ച ഇപ്പോള്‍ നിലനിര്‍ത്താനാകുന്നില്ല. ജൂണ്‍- നവംബര്‍ കാലയളവില്‍ 15,476 യൂണിറ്റ് വിറ്റെങ്കിലും നവംബറിലെ മാത്രം വില്‍പ്പന 1,020 യൂണിറ്റ് മാത്രമാണ്. വില്‍പ്പന കുറവാണെങ്കിലും ടൊയോട്ടയ്ക്ക് നല്‍കി വില്‍പ്പന കൂട്ടാന്‍ മാരുതിക്ക് താത്പര്യമില്ല.
ഇരു മോഡലുകളും കമ്പനിയുടെ ബ്രാന്‍ഡ് ഐഡന്റിയില്‍ മുഖ്യ പങ്കുവഹിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാരുതി സുസുക്കി ടൊയോട്ടയുടെ ആവശ്യം തഴഞ്ഞത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it