ഓട്ടോമൊബീല്‍ മേഖലയില്‍ ജോലി നഷ്ടപ്പെടുന്നത് 80,000 പേര്‍ക്ക്

ആഗോളതലത്തില്‍ ഓട്ടോമൊബീല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചടത്തോളം ഏറ്റവും മോശപ്പെട്ട സമയമായിരുന്നു ഈ വര്‍ഷം. സാമ്പത്തിക മാന്ദ്യവും സാങ്കേതികവിദ്യയിലെ മാറ്റവും ചേര്‍ന്ന് ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഡാല്‍മിയര്‍ AG, ഓഡി തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ ആഴ്ച 20,000ത്തോളം പേരെ പിരിച്ചുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം വരും വര്‍ഷങ്ങളില്‍ ഈ മേഖലയിലുള്ള 80,000ത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടും. ജര്‍മ്മനി, യുഎസ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ഇതിന്റെ ആഘാതം രൂക്ഷമാകുകയെങ്കിലും ഇന്ത്യയിലും അവസ്ഥ ഭേദമായിരിക്കില്ല.

ജര്‍മ്മന്‍ കമ്പനികള്‍ക്കൊപ്പം ജനറല്‍ മോട്ടോഴ്‌സ്, ഫോര്‍ഡ് മോട്ടോര്‍, നിസാന്‍ മോട്ടോര്‍ തുടങ്ങിയ കമ്പനികളും വന്‍തോതില്‍ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഡിമാന്റിലുണ്ടായ വലിയ കുറവാണ് ഇതിന് കാരണമായത്. വില്‍പ്പനയിടിവിനെ തുടര്‍ന്ന് ഓട്ടോമൊബീല്‍ മേഖലയിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ജോലി ചെയ്യുന്ന ചൈനയിലും നിരവധിപ്പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ ജീവനക്കാര്‍ പ്രക്ഷോഭങ്ങളും നടത്തിയിരുന്നു.

ഈ വര്‍ഷം ആഗോളതലത്തില്‍ 88.8 മില്യണ്‍ കാറുകളും ലൈറ്റ് ട്രക്കുകളുമാണ് നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 6 ശതമാനം കുറവാണ്.

ഔഡിയുടെ മാതൃകമ്പനിയായ ഫോക്‌സ് വാഗണ്‍ എജി ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചെലവേറിയ മാറ്റത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് 9500 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാല്ഡമിയര്‍ 10,000 പേരെയാണ് പിരിച്ചുവിടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  
Next Story
Share it