സൂക്ഷിക്കുക! കീലെസ് കാറുകള്‍ മോഷ്ടിക്കപ്പെടാം

കീലെസ് കാറുകള്‍ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തിക്കോളൂ. അവ മോഷ്ടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. കീലെസ് കാറുകളുടെ സംവിധാനം ആധുനിക സാങ്കേതികവിദ്യയിലൂടെ ഹാക്ക് ചെയ്യപ്പെടാം.

വെറും 30 സെക്കന്‍ഡുകള്‍ കൊണ്ട് കീലെസ് കാര്‍ കള്ളന്മാര്‍ മോഷ്ടിച്ച വീഡിയോ പുറത്തുവന്നത് കാറുടമകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇത് ആദ്യമായല്ല, ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ലോകത്ത് പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യാതൊരു ബലവും പ്രയോഗിക്കാതെ വളരെ അനായാസമായാണ് മോഷ്ടാക്കള്‍ കാറിനുള്ളില്‍ പ്രവേശിക്കുന്നതും അത് ഓടിച്ച് പോകുന്നതും. വീടുകളില്‍ നിന്നാണ് മോഷണങ്ങള്‍ കൂടുതലായും നടക്കുന്നത്.

യു.കെയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന അഞ്ച് മോഡലുകളില്‍ നാലെണ്ണവും സുരക്ഷിതമല്ലെന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് & ട്രേഡേഴ്‌സ് വാദിക്കുന്നത് പുതിയ കാറുകള്‍ കൂടുതല്‍ സുരക്ഷിതം ആണെന്നാണ്.

രണ്ട് റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. കാര്‍ കീയില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ സ്വീകരിച്ചാണ് ഇത് സാധ്യമാക്കുന്നത്. താക്കോലില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ ബ്ലോക്ക് ചെയ്യുകയാണ് ഇതിന് പരിഹാരം.

യാതൊരു വിധ സിഗ്നലുകളും പുറത്തേക്കും അകത്തേക്കും പോകാത്ത ഫാരഡേ കേജുകളില്‍ സൂക്ഷിച്ചാല്‍ മോഷണം ഒരു പരിധി വരെ തടയാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ഫാരഡേ പൗച്ചുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എന്തായാലും കാര്‍ മോഷണത്തിനെതിരെ വരും നാളുകളില്‍ കാറുടമകള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it