കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് കാറുകള്‍  അവതരിപ്പിക്കാന്‍ കിയ മോട്ടോഴ്‌സ്

സൗത്ത് കൊറിയന്‍ വാഹനനിര്‍മാതാവായ കിയ മോട്ടോഴ്‌സ് ഇന്ത്യക്കായി വില കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഹ്യുണ്ടായ് മോട്ടോഴ്‌സുമായി സഹകരിച്ചാണ് പുതിയ പദ്ധതി.

ഹ്യുണ്ടായിയുമായി സഹകരിച്ച് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് പുതിയ മോഡലുകളാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ വിലക്കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങള്‍ ഇതില്‍ നിന്നുമാറി വ്യത്യസ്തമായ പദ്ധതിയായിട്ടാണ് നടപ്പാക്കുന്നത്.

''ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യമായ ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളെയും സര്‍ക്കാര്‍ നയങ്ങളെയും ആശ്രയിച്ചാണ് ഇന്ത്യയിലേക്ക് ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ അവസരമുണ്ടാകുമ്പോള്‍ ഇന്ത്യയിലേക്ക് എപ്പോള്‍ വേണമെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും.'' കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്‍ പ്രസിഡന്റും സിഇഒയുമായ ഹാന്‍-വൂ പാര്‍ക് പറയുന്നു.

ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇവിടെ ചെലവുകൂടുതലാണെന്നും സര്‍ക്കാര്‍ പിന്തുണയില്ലാതെ ഇവിടെ അവ വില്‍ക്കുന്നത് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കിയ മോട്ടോഴ്‌സിന്റെ ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ്, ഇലക്ട്രിക്, ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ ആഗോള വിപണിയില്‍ വില്‍ക്കുന്നുണ്ട്.

Related Articles

Next Story

Videos

Share it