കിയ സെല്‍റ്റോസ് 9.69 ലക്ഷം രൂപയ്ക്ക്; വില മാത്രമല്ല ഫീച്ചേഴ്‌സും 'വൗ'!

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ വാഹനമായ സെല്‍റ്റോസ് പുറത്തിറക്കി. 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ വില. ടാറ്റ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായി ക്രെറ്റ, എംജി ഹെക്റ്റര്‍ തുടങ്ങിയ വാഹനങ്ങളുമായി ഫീച്ചേഴ്‌സില്‍ വന്‍ മത്സരമായിരിക്കും സെല്‍റ്റോസ് ഓട്ടോമൊബീല്‍ രംഗത്ത് കാഴ്ച വയ്ക്കുക. സ്‌റ്റൈലിങ്ങിലും സുരക്ഷയിലും മാത്രമല്ല ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ വിലയിലും പിടിച്ചു നിക്കാനുള്ള എല്ലാ അടവുകളും പയറ്റുകയാണ് കിയ തന്റെ ആദ്യ വാഹനത്തിലൂടെ എന്നു തന്നെ ഇതിനെ കാണാം. ബിഎസ് - 6 എന്‍ജിനിലൂടെയാണ് കിയ ശ്രേണി ഇറങ്ങുന്നതെന്നും എടുത്തു പറയേണ്ടിയിരിക്കുന്നു.
ടെക്ക് ലൈന്‍ (HT) , GT ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിലാണ് സെല്‍റ്റോസിനെ പുറത്തിറക്കുന്നത്. ഇരു വകഭേതങ്ങളിലും മൂന്ന് പതിപ്പുകള്‍ വീതം വാഹനത്തില്‍ വരുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 13.49 മുതല്‍ 15.99 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. ഇന്ത്യന്‍ വാഹന വിപണി പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലും സെല്‍റ്റോസിന് വന്‍ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്. 20 ദിവസങ്ങള്‍ കൊണ്ട് 23,000 ബുക്കിങ്ങുകളുമായി സെല്‍റ്റോസ് നേരത്തെ വിപണിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
മനം കവരും ഫീച്ചേഴ്‌സ്
ടൈഗര്‍ നോസ് ഗ്രില്‍, എല്‍ഇഡി ഹെഡ് ലാമ്പ്, ബമ്പറിന്റെ താഴെ എല്‍ഇഡി ഫോഗ് ലാമ്പ്, ഡിആര്‍എല്‍, സില്‍വര്‍ ഫിനിഷ് സ്‌കിഡ് പ്ലേറ്റ് എന്നിവ മുന്‍വശത്തെ ആകര്‍ഷകമാക്കും. 18 ഇഞ്ച് മള്‍ട്ടി സ്‌പോക് അലോയി വീലും പിന്‍ഭാഗത്ത് ക്രോമിയം സ്ട്രിപ്പില്‍ ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, ബാക്ക് സ്‌പോയിലര്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയും സെല്‍റ്റോസിന്റെ ഫീച്ചേഴ്‌സാണ്.
യുവിഓ കണക്റ്റ് സാങ്കേതിക വിദ്യയിലൂടെ 37 സ്മാര്‍ട്ട് ഫീച്ചറുകളാണ് സെല്‍റ്റോസില്‍ ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ടച്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, നാവിഗേഷന്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി, വെഹിക്കിള്‍ മാനേജ്‌മെന്റ്, റിമോട്ട് കണ്‍ട്രോള്‍, കണ്‍വീനിയന്‍സ് എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് 37 ഫീച്ചറുകള്‍ ഒരുക്കിയിരിക്കുന്നത്. ആറ് എയര്‍ബാഗും നിരവധി സെന്‍സറുകളും എന്നുവേണ്ട സുരക്ഷാ സാങ്കേതിക മികവെല്ലാം ഒത്തിണങ്ങിയിരിക്കുന്നു സെല്‍റ്റോസില്‍.
കളര്‍ഫുള്‍ ക്രഷ്
ഇന്‍ടെന്‍സ് റെഡ്, അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍, പഞ്ചി ഓറഞ്ച്, ഇന്‍ലിജെന്സി ബ്ലൂ, ഗ്രാവിറ്റി ഗ്രേ, സറ്റീല്‍ സില്‍വര്‍, ക്ലിയര്‍ വൈറ്റ് എന്നിങ്ങനെ എട്ട് ഒറ്റ നിറങ്ങളിലും. ഇന്റെന്‍സ് റെഡ്/അറോറ ബ്ലാക്ക് പേള്‍, സറ്റീല്‍ സില്‍വര്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/അറോറ ബ്ലാക്ക് പേള്‍, ഗ്ലേസിയര്‍ വൈറ്റ് പേള്‍/പഞ്ചി ഓറഞ്ച്, സറ്റീല്‍ സില്‍വര്‍/പഞ്ചി ഓറഞ്ച് എന്നിങ്ങനെ അഞ്ച് ഇരട്ട നിറങ്ങളിലുമായി 13 നിറങ്ങളില്‍ വാഹനം ലഭ്യമായേക്കും.