ലംബോര്‍ഗിനിയെ ചേര്‍ത്ത് പിടിച്ച് ദക്ഷിണേന്ത്യന്‍ വിപണി

ആഡംബരകാര്‍ വിപണിയിലെ രാജാക്കന്മാരായ ഇറ്റാലിയന്‍ ബ്രാന്‍ഡ്
ലംബോര്‍ഗിനിയുടെ ഇന്ത്യയുടെ മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തിലേറെയും
ദക്ഷിണേന്ത്യയില്‍ നിന്ന്. ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍
വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം
വ്യക്തമാക്കിയത്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സൂപ്പര്‍കാര്‍
വിപണി അതിവേഗത്തിലാണ് വളരുന്നതെന്ന് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. വന്‍
വിജയങ്ങള്‍ ലക്ഷ്യം വെയ്ക്കുകയും അത് നേടുകയും ചെയ്യുന്ന സംരംഭകരാണ്
ലംബോര്‍ഗിനി പോലുള്ള സൂപ്പര്‍കാറുകളുടെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബംഗലരു, ചെന്നൈ,
ഹൈദരാബാദ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന
ഒട്ടനവധി സംരംഭങ്ങള്‍, പ്രധാനമായും ഐ ടി രംഗത്തുള്ളത്, ആഡംബര,
സൂപ്പര്‍കാര്‍ വിപണിക്ക് കരുത്തേകുന്നുണ്ട്.
ഡെല്‍ഹി, മുംബൈ, ബംഗലരു എന്നിവിടങ്ങളിലാണ് ലംബോര്‍ഗിനിയുടെ ഇന്ത്യ
ഷോറൂമുകള്‍. 2019ല്‍ രാജ്യത്തെ ആഡംബര കാര്‍ വിപണിയില്‍ 20 ശതമാനം
ഇടിവുണ്ടായെങ്കിലും ലംബോര്‍ഗിനി ഇരട്ടയക്ക വളര്‍ച്ച നേടിയെന്നും കമ്പനി
അധികൃതര്‍ പറയുന്നു.
ലംബോര്‍ഗിനിയുടെ എല്ലാ മോഡലുകളും ഇറ്റലിയിലെ ഏക ഫാക്ടറിയിലാണ്
നിര്‍മിക്കുന്നത്. പൂര്‍ണമായും നിര്‍മിച്ച മോഡലുകളാണ് ലോക വിപണിയിലേക്ക്
ഇവര്‍ കയറ്റി അയക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ ലംബോര്‍ഗിനിയുടെ വില തുടങ്ങുന്നത് 3.10 കോടി
രൂപയിലാണ്. മോഡലും കസ്റ്റമൈസേഷനും അനുസരിച്ച് വില അഞ്ച് കോടിക്ക്
മുകളില്‍ പോകും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline