കാര്‍ വിപണിക്ക് പ്രതീക്ഷ, മാരുതിയുടെ വില്‍പ്പന കൂടി

രാജ്യത്തെ ഓട്ടോമൊബീല്‍ വിപണി തിരിച്ചു വരവിന്റെ സൂചന കാട്ടി, മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ കാര്‍ വില്‍പ്പനയില്‍ ആറുമാസത്തിനിടയില്‍ ഇതാദ്യമായി വര്‍ധന.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി ജൂലൈയില്‍ വിറ്റഴിച്ചത് 97768 കാറുകളാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ വിറ്റ 96478 കാറുകളേക്കാള്‍ 1.3 ശതമാനം കൂടുതല്‍.
ഈ വര്‍ഷം ജനുവരിയിലാണ് നേരിയ തോതിലെങ്കിലും കാര്‍ വില്‍പ്പനയില്‍ വളര്‍ച്ച കണ്ടിരുന്നത്. 2019 ജനുവരിയെ അപേക്ഷിച്ച് 0.1 ശതമാനം വര്‍ധനയാണ് ഉണ്ടായിരുന്നത്. അതിനു ശേഷം ആറുമാസമായി വില്‍പ്പന കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മാരുതിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വില്‍പ്പന കുറഞ്ഞ കാലഘട്ടമായിരുന്നു നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദം. 81 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഉണ്ടായതെന്നാണ് കമ്പനി കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ 76599 കാറുകളാണ് ആകെ വിറ്റു പോയത്. മാത്രമല്ല, 249 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി.
എന്‍ട്രി ലെവല്‍ കാറുകളുടെ വിഭാഗത്തിലാണ് കഴിഞ്ഞ മാസം കൂടുതല്‍ വില്‍പ്പനയുണ്ടായത്. 49.1 ശതമാനം വളര്‍ച്ച ഈ വിഭാഗത്തിലുണ്ടായി. 17258 യൂണിറ്റുകളാണ് ഓള്‍ട്ടോ, ഡി പ്രസോ കാറുകള്‍ക്ക് ഉണ്ടായത്. എര്‍ട്ടിഗ, എസ് ക്രോസ്, ബ്രെസ തുടങ്ങിയ യുട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന 26.3 ശതമാനവും വര്‍ധിച്ചു. അതേസമയം മറ്റു മോഡലുകളുടെ വില്‍പ്പനയില്‍ 10.4 ശതമാനം ഇടിവുണ്ടാകുകയും ചെയ്തിട്ടുണ്ട്.
മാരുതിയുടെ ഇന്ത്യയിലെ മുഖ്യ എതിരാളിയായ ഹ്യൂണ്ടായുടെ വില്‍പ്പനയും കൂടി വരുന്നുണ്ടെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 39,010 യൂണിറ്റ് വിറ്റ കമ്പനി 2020 ജൂലൈയില്‍ 38,200 യൂണിറ്റുകളാണ് വിറ്റഴിച്ചത്. രാജ്യത്ത് കാര്‍ വില്‍പ്പന സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline