എസ്-പ്രെസോ: മാരുതിയുടെ പുതിയ കുഞ്ഞൻ എസ് യുവി വരുന്നു
യുവതലമുറയെ ലക്ഷ്യമിട്ട് മാരുതിയുടെ പുതിയ കുഞ്ഞൻ എസ് യുവി എത്തുന്നു. എസ്-പ്രെസോ (S-Presso) എന്ന് പേരിട്ടിരിക്കുന്ന കാർ അറീന ഔട്ട് ലെറ്റുകൾ വഴിയായിരിക്കും വിപണിയിലെത്തിക്കുക. മുൻപ് ഫ്യൂച്ചർ-എസ് എന്ന പേരിൽ കമ്പനി അവതരിപ്പിച്ച കൺസെപ്റ്റ് കാറാണ് എസ്-പ്രെസോ.
ഏഴുവർഷത്തിന് ശേഷമാണ് മുഖ്യധാരാ വിപണിയെ ലക്ഷ്യമിട്ട് മാരുതി ഒരു ചെറു വാഹനം അവതരിപ്പിക്കുന്നത്. ബ്രെസയ്ക്ക് ശേഷം പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച മോഡലാണിത്.
ആൾട്ടോയ്ക്ക് ബദലായല്ല, മറിച്ച് എൻട്രി-ലെവലിൽ തന്നെ അല്പം ഉയർന്ന മാർക്കറ്റ് സെഗ്മെന്റിലാണ് മാരുതി എസ്-പ്രെസോയെ പൊസിഷൻ ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഏകദേശം 4.5 മുതൽ 5 ലക്ഷം രൂപ വരെയായിരിക്കും വില. 1 ലിറ്റർ-3 സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ഇതിനും. അതേസമയം ബിഎസ്-6 ചട്ടങ്ങൾ അനുസരിച്ചുള്ളതുമായിരിക്കും. ഇതിന്റെ ഓട്ടോമാറ്റിക് പതിപ്പും ഉണ്ടാകും.
ബോൾഡായുള്ള ഡിസൈനും മികച്ച ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായ വില്പനയിടിവിന് തടയിടാൻ എസ്-പ്രെസോയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.