ആധിപത്യം സ്ഥാപിക്കാന്‍ എം.ജി, ഹെക്ടറിനെക്കാള്‍ വലിയ എസ്.യു.വി വരുന്നു

ഇന്ത്യയിലെ എസ്.യു.വി വിപണിയില്‍ ആധിപത്യംസ്ഥാപിക്കാനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് എംജി മോട്ടോര്‍. എംജി ഹെക്ടറിന്റെ വന്‍ വിജയത്തിനുശേഷം eZS എന്ന കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്.യു.വി വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണിവര്‍. ഇതോടൊപ്പം തന്നെ വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കാനുള്ള പുതിയ വാഹനങ്ങള്‍ക്കുള്ള ഗവേഷണവും പുരോഗമിക്കുന്നു. ഇപ്പോള്‍ എംജി മാക്‌സസ് ഡി90 എന്ന മോഡല്‍ 2020ല്‍ വിപണിയിലിറക്കാനുള്ള ശ്രമങ്ങളും നടത്തുന്നു.
മൂന്ന് നിരകളിലായി സീറ്റുകളുള്ള വലിയ എസ്.യു.വിയാണ് എംജി മാക്‌സസ് D90. ടോയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയായിരിക്കും വിപണിയില്‍ ഇതിന്റെ പ്രധാന എതിരാളികള്‍. രാജ്യാന്തരവിപണികളില്‍ രണ്ട് ലിറ്റര്‍ പെട്രോള്‍ മോട്ടറുകളാണ് ഇതിനുള്ളത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വെര്‍ട്ടര്‍ ബേസ്ഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള വകഭേദങ്ങളാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുണ്ടാകും.
നിരവധി പുതു ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കും ഈ മോഡല്‍. ഏഴ് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, എട്ടിഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വലിയ സണ്‍റൂഫ്, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ടായേക്കും.
2020ല്‍ എത്തുന്ന ഇതിന്റെ വില 30 ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline