ഹ്യുണ്ടായ് കോനയുമായി മല്‍സരിക്കാന്‍ എംജിയുടെ ഇലക്ട്രിക് എസ്.യു.വി

വരുന്ന ജൂണില്‍ ഹെക്ടര്‍ എന്ന എസ്.യു.വിയുമായി ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്ന എംജി മോട്ടോഴ്‌സ് രണ്ടാമതായി അവതരിപ്പിക്കുന്നത് ഒരു ഇലക്ട്രിക് എസ്.യു.വി. ഹ്യുണ്ടായ് കോനയുമായി മല്‍സരിക്കാന്‍ എത്തുന്ന eZS എന്ന എസ്.യു.വിയുടെ വില 25 ലക്ഷം രൂപയില്‍ താഴെയായിരിക്കും. ഈ വര്‍ഷം അവസാനത്തോടെയാണ് ഇതിന്റെ വരവ് പ്രതീക്ഷിക്കുന്നത്.

മുഴുവനായി ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിവുള്ളവ മോഡലാണിത്. 52.5കിലോവാട്ട് ശേഷിയുള്ള ശക്തിയേറിയ ലിഥിയം അയണ്‍ ബാറ്ററിയാണ് ഇതിലുണ്ടാവുക. മുഴുവനായി ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂറാണ് എടുക്കുക.

ഓവര്‍ ദി എയര്‍ അഥവാ ഒറ്റിഎ സാങ്കേതിക വിദ്യയോടെയാണ് എംജിയുടെ ഇലക്ട്രിക് വാഹനം വരുന്നത്. ഈ സാങ്കേതികവിദ്യ വഴി വാഹനനിര്‍മാതാവിന് വാഹനത്തിന്റെ ഓപ്പറേറ്റിംഗ് സംവിധാനം നിരന്തരം നവീകരിക്കാനും എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങളില്‍ അടക്കം മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇന്ത്യയെ സംബന്ധിച്ചടത്തോളം പുതിയൊരു ടെക്‌നോളജിയാണിത്.

ഈ മോഡല്‍ ആദ്യം അവതരിപ്പിക്കുന്ന വിപണികളില്‍ ഒന്നായിരിക്കും ഇന്ത്യ. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (സിബിയു) ആയിട്ടായിരിക്കും ഈ ഇലക്ട്രിക് വാഹനം ഇന്ത്യയിലെത്തുന്നത്. ഈ വര്‍ഷം നാലാം പാദത്തില്‍ വാഹനം വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. തെരഞ്ഞെടുത്ത നഗരങ്ങളിലാണ് ആദ്യം എത്തുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it