സുപ്രീം കോടതി തുണയ്ക്കുമോ? ബിഎസ് 4 വാഹനങ്ങള്‍ വിറ്റുതീര്‍ക്കാനാകാതെ വാഹനനിര്‍മാതാക്കള്‍

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യം മുഴുവന്‍ നിശ്ചലമായപ്പോള്‍ കനത്ത പ്രഹരമാണ് വാഹനനിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഉണ്ടായിരിക്കുന്നത്. ബിഎസ് നാല് വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയപരിധി അവസാനിക്കുമ്പോള്‍ 7,20,000 ബിഎസ് 4 വാഹനങ്ങളാണ് രാജ്യത്ത് വില്‍ക്കാനാകാതെ കെട്ടിക്കിടക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇവ വില്‍ക്കാനാകില്ലെന്ന നിയമത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഡീലര്‍മാരുടെ സംഘടന.

''കാറുകളെക്കാള്‍ നിരവധി ബിഎസ് 4 ഇരുചക്രവാഹനങ്ങളാണ് ഇനിയും വിറ്റുതീരാത്തത്. മാരുതിക്ക് രാജ്യത്താകമാനം 200ഓളം ബിഎസ് കാറുകളാണ് വിറ്റുതീരാനുള്ളത്. എന്നാല്‍ ഇതല്ല ഇരുചക്രവാഹന ഡീലര്‍മാരുടെ അവസ്ഥ. അനുകൂലമായ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിസന്ധിക്കായിരിക്കും ഇത് വഴിതെളിക്കുന്നത്.'' ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍സ് ഡീലേഴ്‌സ് അസോസിയേഷന്റെ (FADA) മുന്‍ പ്രസിഡന്റും പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്ററുമായ ജോണ്‍ കെ.പോള്‍ പറയുന്നു.

ഏഴ് ലക്ഷം ഇരുചക്രവാഹനങ്ങളും 12,000 പാസഞ്ചര്‍ വാഹനങ്ങളും 8000 കൊമേഴ്‌സ്യല്‍ വാഹനങ്ങളുമാണ് ഇനിയും വിറ്റുതീരാതെ ഇന്ത്യയിലെ വിവിധ ഡീലര്‍ഷിപ്പുകളിലായി കെട്ടിക്കിടക്കുന്നത്. എന്നാല്‍ അവശ്യോപയോഗ സേവനങ്ങളില്‍ ഉള്‍പ്പെടുന്നില്ലാത്തതിനാല്‍ ഡീലര്‍ഷിപ്പുകള്‍ അടച്ചുകഴിഞ്ഞു. ഇതോടെ ബിഎസ് 4 സ്‌റ്റോക്കുകള്‍ ഈ സമയപരിധിക്കുള്ളില്‍ വിറ്റുതീര്‍ക്കുക അസാധ്യമായി മാറിയിരിക്കുകയാണ്.

ഹീറോ മോട്ടോര്‍കോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ് മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ മുന്‍നിര ഇരുചക്രവാഹനനിര്‍മാതാക്കളാണ് ഏറ്റവും പ്രതിസന്ധിയില്‍പ്പെടുന്നത്. കനത്ത ഓഫറുകള്‍ കൊടുത്ത് പാസഞ്ചര്‍ കാറുകള്‍ പരമാവധി വിറ്റുതീര്‍ക്കാനായെങ്കിലും ബാക്കിയുള്ള സ്റ്റോക്കുകള്‍ ഡീലര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കും.

രാജ്യത്തെ 26,000 ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടുന്ന സംഘടനായ FADA ഇത് മുന്നില്‍ക്കണ്ട് സുപ്രീം കോടതിയില്‍ ഈ സമയപരിധി മെയ് അവസാനം വരെ നീട്ടണമെന്ന് നിവേദനം കൊടുത്തിരിക്കുകയാണ്. രാജ്യം മൊത്തത്തില്‍ അടച്ചുപൂട്ടിയ, ആര്‍ക്കും പുറത്തിറങ്ങാനാകാത്ത അവസ്ഥയുള്ളപ്പോള്‍ എങ്ങനെയാണ് ഈ സമയപരിധി പാലിക്കുകയെന്ന് കേരളത്തിലെ ഡീലര്‍മാരും ചോദിക്കുകയാണ്. കൊറോണ ഭീതി തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഷോറൂമുകളില്‍ നിന്ന് ഉപഭോക്താക്കള്‍ അകന്നുതുടങ്ങിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it