ഇന്ത്യയില്‍ ടെസ്‌ല വില്‍ക്കാന്‍ മസ്‌കിന് അധികം ബുദ്ധിമുട്ടേണ്ടി വരില്ല, എന്ത്‌കൊണ്ട്?

ബജറ്റില്‍ ഇലക്ട്രിക് വാഹന വ്യവസായം തകര്‍പ്പന്‍ വാഗ്ദാനങ്ങളാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും, അത് എങ്ങും എത്താതെയായി. ഇത് വ്യവസായത്തില്‍ സമ്മിശ്ര വികാരങ്ങള്‍ക്ക് കാരണമായി. മാത്രമല്ല ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ടുള്ള ചില ഓട്ടോ വിഭാഗങ്ങളില്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. മറുവശത്ത്, കൂടുതല്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വാഹന സ്‌ക്രാപ്പേജ് പോളിസിയും പ്രോത്സാഹിപ്പിച്ചു. 15-20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഏതെങ്കിലും വാണിജ്യ വാഹനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ മൂന്ന് പ്രധാന പ്രതീക്ഷകളാണ് ബജറ്റ് ഇല്ലാതാക്കിയത്:
- ജിഎസ്ടി കുറയ്ക്കുകയും ഇറക്കുമതി തീരുവ കുറയ്ക്കുകയും ചെയ്യുക
- ഇവികള്‍ക്കായി ധനകാര്യ പരിഹാരങ്ങളും അവബോധവും സൃഷ്ടിക്കുക
- FAME II ലെ പരിഷ്‌കാരങ്ങള്‍
എന്നിരുന്നാലും, ഇതൊന്നും ഇല്ക്ട്രിക് വാഹന വ്യവസായത്തെ സാരമായി ബാധിച്ചിട്ടില്ല. വ്യവസായം ഇപ്പോഴും ഒരു പ്രധാന മുന്നേറ്റത്തിലാണെന്നാണ് വിപണിയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഉപഭോക്തൃ ഡിമാന്‍ഡ് പ്രകടമാണ് എന്നത് തന്നെ ഇലക്ട്രിക് കാര്‍ വ്യവസായത്തിനെ പിടിച്ചു നിര്‍ത്തുന്നു. ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇപ്പോള്‍ ഈ വര്‍ഷം ഇന്ത്യയില്‍ കാറുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.
ടെസ്ലയെപോലൊരു ടെക് ഭീമന്റെ വരവ് രാജ്യത്ത് ഇവി വ്യവസായം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇലക്ട്രിക് വാഹന വിപണിയില്‍ വരാനിരിക്കുന്ന വിപ്ലവം തന്നെയായി കാണാം ഈ സമാരംഭമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത് വരും വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ ജിഡിപി 25 ശതമാനം വര്‍ധിപ്പിക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.
ഇവി അഡോപ്ഷന്‍ ക്യാമ്പെയ്‌നുകള്‍
ഇ-മൊബിലിറ്റിയുടെ കാതല്‍ ഇവി തന്നെയാണെന്നതാണ് വസ്തുത. ഡല്‍ഹി കൊല്‍ക്കത്ത എന്നിവിടങ്ങള്‍ വളരെ മുമ്പ് തന്നെ ഇ മൊബിലിറ്റിക്ക് വഴി ഒരുക്കിയിട്ടുണ്ട്. പ്രവര്‍ത്തന ലാഭത്തിനും സാമ്പത്തിക ചെലവുകള്‍ കുറയ്ക്കാനും ഇവിടങ്ങളിലെ ഇ-റിക്ഷകളുടെ ഉപയോഗം ഏറെ അവരം സഹായിച്ചിട്ടുണ്ട്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഒരു ലക്ഷത്തിലധികം ഇ- റിക്ഷകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ വികസനം ഇലക്ട്രിക് വാഹനങ്ങളുടെ വ്യക്തിഗത ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നു.
പുതുതായി ആരംഭിച്ച 'സ്വിച്ച് ഡല്‍ഹി' കാമ്പെയ്ന് ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇത് ഇവി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന അടയാളമാണ്. അതിന്റെ വിജയത്തെത്തുടര്‍ന്ന്, ചില പ്രമുഖ ഇരുചക്ര വാഹന കമ്പനികള്‍ രാജ്യ തലസ്ഥാനത്ത് പുതിയ ഇവി മോഡലുകള്‍ അവതരിപ്പിക്കുമെന്നും പ്രസ്താവിച്ചു.
പ്രചരണം ആരംഭിച്ചതു മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വര്‍ദ്ധിച്ചതായി ഡല്‍ഹി ഗതാഗത മന്ത്രി അറിയിച്ചു. ഇവികളിലേക്ക് മാറുന്നതിന്റെ പ്രയോജനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എട്ട് ആഴ്ചത്തെ ബോധവല്‍ക്കരണമാണ് കാമ്പെയ്ന്‍.
ഇ- പൊതുഗതാഗത മാര്‍ഗം തെരഞ്ഞെടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കായി സ്വീകാര്യത സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കാമ്പയിന്‍ ലക്ഷ്യമിടുന്നു.

ഡെലിവറികളും ഇലക്ട്രിക് ആകുന്നു
ഇന്ത്യയുടെ ഡെലിവറി ഇക്കോസിസ്റ്റത്തില്‍ ട്രക്കുകള്‍ക്കായിരുന്നു ആധിപത്യം. വലുതും ചെറുതുമായ സാധനങ്ങള്‍ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരേയൊരു മാര്‍ഗം അവയായിരുന്നു. ബൈക്കുകള്‍, വാനുകള്‍, ചെറിയ ഗതാഗത മാര്‍ഗങ്ങള്‍ എന്നിവ മുഴുവന്‍ ഡെലിവറി സിസ്റ്റത്തെയും മാറ്റിമറിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യകതയുമായി ഈ സംഭവവികാസങ്ങള്‍ വ്യവസായത്തില്‍ വന്‍ വളര്‍ച്ചയ്ക്ക് കാരണമായി.
ഓണ്‍ലൈന്‍ ഡെലിവറികള്‍ ഉള്‍പ്പെടെ ഡെലിവറി ആവശ്യകതകളഉം കൂടി. അന്തരീക്ഷത്തിലെ വര്‍ധിച്ച കാര്‍ബണ്‍ അളവ് ഇതിന്റെ പരിണിത ഫലമായിരുന്നു. ഇത് പരിസ്ഥിതിയെയും ജനങ്ങളുടെ പൊതു ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ജനസാന്ദ്രതയുള്ള ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തെളിവുകള്‍ വ്യക്തമാണ്. പലചരക്ക്, ഭക്ഷ്യ വിതരണ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇ-കൊമേഴ്സ് വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍, ഇലക്ട്രിക്
വാഹനനിരയില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കാന്‍ ചില ഡെലിവറി കമ്പനികള്‍ തീരുമാനമെടുത്തിട്ടുണ്ട്. മറ്റുള്ളവരും ഈ മോഡല്‍ പിന്തുടരാന്‍ തുടങ്ങിയിട്ടുമുണ്ട്.

ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍
ഇവികള്‍ ഡെലിവറി സംവിധാനം ഏറ്റെടുക്കുമ്പോള്‍, വേഗത നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഒരു ഇവിക്കുള്ള ബാറ്ററി ചാര്‍ജിംഗ് പ്രക്രിയ സാധാരണയായി കുറച്ച് മണിക്കൂറുകള്‍ വരെ എടുക്കും, ഡെലിവറി ഉദ്യോഗസ്ഥര്‍ ചാര്‍ജ് പൂര്‍ത്തിയാകുന്നതിന് നിരന്തരം കാത്തിരിക്കേണ്ടിവന്നാല്‍ ഇത് ഒരു പ്രശ്നമാകും.
ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കാതെ കഴിഞ്ഞ ബാറ്ററികള്‍ മാറ്റി ചാര്‍ജ് ചെയ്ത ബാറ്ററികള്‍ എളുപ്പത്തില്‍ സ്ഥാപിക്കുന്നതിന് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത് രക്ഷയായി. ഈ അവബോധം വ്യക്തിഗത ഉപഭോക്താക്കളിലേക്ക് വ്യാപിച്ചിട്ടില്ല. ഇത്തരം സ്റ്റേഷനുകള്‍ ഇവി ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് ഹ്രസ്വവും സൗകര്യപ്രദവുമായ പരിഹാരം നല്‍കുന്നതിന് ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കും സ്വീകരിക്കാവുന്ന ഒരു പരിഹാരമാണ്.
മൊത്തത്തില്‍, വര്‍ധിച്ചുവരുന്ന അവബോധം, ചെലവ് കുറഞ്ഞ പരിഹാരങ്ങള്‍, ഇലക്ട്രിക് വാഹന അവതരണങ്ങളുമായുള്ള വാഹന കമ്പനികളുടെ പദ്ധതികള്‍, ഇവ നേടുന്ന സ്വീകാര്യത എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം പോസിറ്റീവ് ആയിരിക്കുമെന്ന് തന്നെ കണക്കാക്കാം.









Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it