വൈദ്യുത വിമാനം പ്രദര്‍ശിപ്പിച്ച് നാസ

വൈദ്യുത കാറുകളുടെ ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ വിവിധ രാജ്യങ്ങളില്‍ ശ്രമം ഊര്‍ജ്ജിതമാകുന്നതിനു സമാന്തരമായി ഏവിയേഷന്‍ ഫ്യൂവലിനു പകരം വൈദ്യുതി ഉപയോഗിച്ച് വിമാനം പറത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ നാസ നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷത്തോടെ വിമാനം പറത്താനാണ് നാസ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായുള്ള അവസാനഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ പ്രദര്‍ശിപ്പിച്ചു. എക്‌സ് 57 മാക്‌സ് വെല്‍ വിമാനമാണ് കാലിഫോര്‍ണിയിലെ എയറോനോട്ടിക്‌സ് ലാബില്‍ പ്രദര്‍ശിപ്പിച്ചത്.
വിമാനത്തിന്റെ ചിറകുകള്‍ ഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. വിമാനത്തിന്റെ ഭാരം കുറഞ്ഞ ഇരു ചിറകുകളിലും 14 ഇലക്ട്രിക് എഞ്ചിനുകള്‍ ഉണ്ടാകും. നിലവില്‍ ബാറ്ററിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയാണ് നാസ നേരിടുന്ന വെല്ലുവിളി.
2015 മുതല്‍ ഇറ്റാലിയന്‍ നിര്‍മ്മിത ടെക്‌നാം പി 2006 ടി ഇരട്ട എന്‍ജിന്‍ പ്രൊപ്പെല്ലര്‍ വിമാനത്തില്‍ നിന്നും സ്വീകരിച്ച എക്‌സ്-57 എന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു നാസയിലെ വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷം എഡ്വേര്‍ഡ് എയര്‍ ഫോഴ്‌സ് ബേസില്‍ നിന്നും എക്‌സ്-57 സാങ്കേതിക വിദ്യ ഉപയോഗിച്ച് വിമാനത്തിന്റെ പരീക്ഷണം നടത്തിയിരുന്നു.
പിന്നീട് രണ്ട് വലിയ ഇലക്ട്രിക് മോട്ടോറുകള്‍ക്കൊപ്പം പ്രത്യേകം രൂപ കല്‍പന ചെയ്ത ലിഥിയം ബാറ്ററികള്‍ കൂടി വിമാനത്തില്‍ ഉള്‍പ്പെടുത്തി. ഇതിന് ശേഷമാണ് വിമാനം ആദ്യമായി പ്രദര്‍ശനത്തിന് എത്തിച്ചത്.
വാണിജ്യ ആവശ്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മാക്‌സ് വെല്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി സുരക്ഷാ മാനദണ്ഡങ്ങളും വിമാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.