യുവാക്കള്‍ക്ക് ആവേശമാകാന്‍ 3ഡി പ്രിന്റഡ് ബൈക്ക് എത്തി

ഹോളിവുഡ് സിനിമകളില്‍ നിന്ന് ഇറങ്ങിവന്നതുപോലൊരു രൂപം. യുവാക്കളെ ആകര്‍ഷിക്കുന്ന ഡിസൈന്‍. നേറ എന്ന 3ഡി പ്രിന്റഡ് ബൈക്ക് കണ്ടാല്‍ ആരുമൊന്ന് ശ്രദ്ധിക്കും.

പ്രിന്റ് ചെയ്‌തെടുത്ത വാഹനങ്ങള്‍ നമ്മുടെ നിരത്തുകളില്‍ വ്യാപകമാകുന്ന കാലം വിദൂരമല്ലെന്ന് ശക്തമായ സൂചന നല്‍കിക്കൊണ്ട് ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ബൈക്ക് അവതരിപ്പിച്ചു. സംശയിക്കേണ്ട, മറ്റു ബൈക്കുകളെപ്പോലെ ഓടുന്ന ഇലക്ട്രിക് ബൈക്ക് ആണിത്.

പ്രമുഖ 3ഡി ഇന്‍ഡസ്ട്രിയല്‍ പ്രിന്റര്‍ നിര്‍മാതാക്കളായ ബിഗ്‌റെപ്പ് എന്ന ബെര്‍ളിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് 3ഡി പ്രിന്റഡ് ബൈക്കിന്റെ സൃഷ്ടാക്കള്‍. ലോകത്തെ ആദ്യത്തെയെന്ന് അവകാശപ്പെടുന്ന ബൈക്ക് ഉണ്ടാക്കാന്‍ കമ്പനി മൂന്ന് ദിവസമാണ് എടുത്തത്.

ഇലക്ട്രിക്കല്‍ ഘടങ്ങളൊഴിച്ച് ടയറും ഫ്രെയിമും ഉള്‍പ്പടെ എല്ലാ ഭാഗങ്ങളും പ്രിന്റ് ചെയ്ത് എടുത്തതാണ്. 60 കിലോ ഭാരമുള്ള ബൈക്കില്‍ നിരവധി ഫ്യൂച്വറിസ്റ്റിക് ഫീച്ചറുകളുണ്ട്.

കസ്റ്റമൈസബില്‍ ട്രെഡ് ഉള്ള എയര്‍ലസ് ടയറുകള്‍, പ്രോഗ്രാമബിള്‍ എല്‍ഇഡി ലൈറ്റുകള്‍, കസ്റ്റമൈസ് ചെയ്യാവുന്ന സീറ്റുകളും ചെസ്റ്റ് റെസ്റ്റും ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. 2600 ഡോളറാണ് ബൈക്കുണ്ടാക്കാന്‍ ചെലവായ തുക.

കണ്‍സപ്റ്റ് മോഡലായി ഇറക്കിയിരിക്കുന്ന ബൈക്ക് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ല. 3ഡി പ്രിന്റിംഗിന്റെ അനന്തസാധ്യതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it