ഓടിച്ചിട്ട് പിടിക്കില്ല; ട്രാഫിക് നിയമലംഘകരെ പോലീസ് 'ആപ്പ്' വച്ച് കുരുക്കും
ഗതാഗത നിയമ ലംഘനത്തിന്റെ പേരില്‍ ബൈക്ക് യാത്രികരെ പോലീസ് ഓടിച്ചിട്ട് പിടിക്കരുതെന്ന കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം നടപ്പാകാന്‍ കളമൊരുങ്ങുന്നു. ' ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് 'എന്ന ആത്യാധുനിക സംവിധാനമാണ് ഇതിനായി പോലീസിനു സഹായകരമാകുന്നത്.
പോലീസുകാരുടെ മാബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷന്‍ ആണിത്. ഇതിലൂടെ നിയമലംഘനം കണ്ടെത്തി പിഴയിടുന്നത് നിര്‍മ്മിത ബുദ്ധിയുടെ പിന്‍ബലത്തോടെയാണ്. അടുത്ത മാസം പകുതിയോടെ സംവിധാനം നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍ഫൊമാറ്റിക്സ് (എന്‍ ഐ സി) തയ്യാറാക്കുന്ന ആപ്പാണ് കേരള പോലീസ് ഉപയോഗിക്കുക. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വിവരശേഖരവുമായി ആപ്പിനെ ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുന്നത്.
എല്ലാ പോലീസുകാരുടെയും ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യും. ഇതിലൂടെ നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകര്‍ത്തും. പകര്‍ത്തുന്ന ചിത്രത്തില്‍ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉള്‍പ്പെടെ രേഖപ്പെടുത്തി ഡിജിറ്റല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അയയ്്ക്കും. ചിത്രം വിശകലനം ചെയ്ത് പിഴത്തുക നിശ്ചയിച്ച് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കും.
ഓട്ടോമാറ്റിക്കായി നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാനും ഹെല്‍മറ്റില്ലാത്തവരെയും സിഗ്‌നല്‍ അവഗണിക്കുന്നവരെയും കണ്ടെത്താനും നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളും സ്ഥാപിക്കും. ഇവ ചിത്രങ്ങളെടുത്ത് സ്മാര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്കയയ്ക്കും. ഈ പദ്ധതിക്ക് 180 കോടിയാണ് ചെലവ്.
എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഡിജിറ്റല്‍ സംവിധാനത്തിന് കഴിയില്ല. അതിനാല്‍ പഴയരീതിയില്‍ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം തത്സമയ സംപ്രേഷണമുള്ള ക്യാമറയില്‍ പകര്‍ത്തുമെന്നതിനാല്‍ അതിക്രമങ്ങള്‍ക്കുള്ള സാധ്യത കുറയുമെന്നാണു പ്രതീക്ഷ.ഹെല്‍മറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്നും റോഡിലേക്ക് കയറിനിന്ന് ഗതാഗതം തടയുന്ന സമ്പ്രദായം ഒഴിവാക്കണമെന്നും പോലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline