വോക്‌സ്‌വാഗന്റെ പുത്തന്‍ എസ് യു വി ടൈഗണിന് മുമ്പ് എത്തുമോ?

വോക്‌സ്‌വാഗന്റെ ടൈഗണ്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നതിന് മുന്‍പ് തന്നെ കമ്പനിയുടെ പുതിയ എസ് യു വി രംഗപ്രവേശനം ചെയ്യുമെന്ന് സൂചന. വോക്‌സ്‌വാഗന്റെ ഇന്ത്യന്‍ വിഭാഗം തലവനായ ആശിഷ് ഗുപ്ത ഒരു മാധ്യമ പരിപാടിയിലാണ് പുത്തന്‍ എസ് യു വിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതോടെ വോക്‌സ്‌വാഗന്റെ നാലാമത്തെ പുതിയ എസ് യു വിയുടെ വരവ് സ്ഥിരീകരിച്ചു.

നിലവില്‍ എസ് യു വി വിപണിയില്‍ ഒരുപാട് അവസരമാണ് വാഹന നിര്‍മാതാക്കള്‍ക്കുള്ളത്. 2020 ല്‍, എല്ലാ വാഹന നിര്‍മാതാക്കളുടെയും പോര്‍ട്ട്ഫോളിയോയില്‍ എസ് യു വിയായിരുന്നു മുന്നിലുണ്ടായിരുന്നത്. 2021 ലും വാഹന വിപണിയില്‍ എസ് യു വി ആധിപത്യം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വോക്‌സ്‌വാഗണ്‍ നിലവില്‍ ഈ വര്‍ഷം രണ്ട് എസ് യു വി പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ടൈഗണ്‍, ടിഗുവാന്‍ എന്നിവയാണ് പുറത്തിറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ വിവരമനുസരിച്ച്‌ വോക്‌സ്‌വാഗണ്‍ ഇന്ത്യ മാര്‍ച്ചില്‍ പുതിയ എസ് യു വി പുറത്തിറക്കിയേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം വോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ക്രോസായിരിക്കും മാര്‍ച്ചില്‍ ഇന്ത്യയിലേക്ക് രംഗപ്രവേശനം ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ചടങ്ങിനിടെ കവര്‍ ചെയ്ത രീതിയിലാണ് ആശിഷ് ഗുപ്ത ചിത്രങ്ങള്‍ പങ്കുവച്ചത്. വോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ക്രോസ് സ്പോര്‍ടിന് സമാനമായിരിക്കാം കാര്‍ എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ക്രോസ്ഓവര്‍ അറ്റ്‌ലസ് ക്രോസിന്റെ ചെറിയ പതിപ്പാണ് അറ്റ്‌ലസ് ക്രോസ് സ്‌പോര്‍ട്.
ചൈന, മിഡില്‍ ഈസ്റ്റ് തുടങ്ങിയ വിപണികളില്‍ വില്‍പ്പന നടത്തിയിരിക്കുന്നതിനാല്‍ വോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ക്രോസ് സ്‌പോര്‍ട് വാഹന നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്ക് എളുപ്പത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. വോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ക്രോസ് സ്പോര്‍ടിന് നിലവില്‍ 30,855 ഡോളര്‍ (ഏകദേശം 22.59 ലക്ഷം രൂപ) വിലയുണ്ട്. മഹീന്ദ്ര എക്സ് യു വി 500, ടാറ്റ സഫാരി എന്നിവയും വിപണിയിലേക്ക് മികച്ച തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട്. ഇതിനിടെയാണ് വോക്‌സവാഗന്റെ പുത്തന്‍മോഡലിന്റെ രംഗപ്രവേശം.
2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടി എസ് ഐ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ക്രോസ് സ്പോര്‍ടിന്റെ കരുത്ത്. 238 എന്‍ എം പവറും 349 എന്‍ എം ടോര്‍ക്കുമാണ് ഇത് നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ വോക്‌സ്‌വാഗണ്‍ അറ്റ്‌ലസ് ക്രോസ് സ്‌പോര്‍ടാണ് ഇന്ത്യയിലെത്തിക്കുന്നതെങ്കില്‍ ഇന്ത്യന്‍ പതിപ്പിനായി നിരവധി മാറ്റങ്ങള്‍ വരുത്തേണ്ടിവരില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it