മാന്ദ്യ കാലത്തും പാസഞ്ചര്‍ വാഹന കയറ്റുമതി ഉയര്‍ന്നു; റീട്ടെയില്‍ വില്‍പ്പന താഴെ
രാജ്യത്തു നിന്നുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയില്‍ പുരോഗതി. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 5.89 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.
ആഭ്യന്തര വാഹന വിപണിയില്‍ കനത്ത ഇടിവ് നിലനിന്ന സമയത്താണ് കയറ്റുമതിയില്‍ കുതിപ്പുണ്ടായതെന്നത് ശ്രദ്ധേയമാണ്. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയാണ് കയറ്റുമതിയില്‍ ഒന്നാമത്.
ഇക്കാലയളവില്‍ 5.4 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 2018-ല്‍ 5.10 ലക്ഷം യൂണിറ്റായിരുന്നു ഇക്കാലയളവിലെ കയറ്റുമതി. കാര്‍ കയറ്റുമതി 4.44 ശതമാനം വര്‍ധിച്ച് 4.04 ലക്ഷം യൂണിറ്റിലെത്തിയപ്പോള്‍ ഇതേ കാലയളവില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി 11.14% ഉയര്‍ന്ന് 1,33,511 യൂണിറ്റായി. എന്നാല്‍, വാനുകളുടെ കയറ്റുമതി ഇക്കാലയളവില്‍ 17.4 ശതമാനം ഇടിഞ്ഞു. 2018-ലെ 2,810 യൂണിറ്റുകളുടെ സ്ഥാനത്ത് 2019-ല്‍ 2,321 യൂണിറ്റുകള്‍ മാത്രമാണ് കയറ്റുമതി ചെയ്തത്.
1.44 ലക്ഷം യൂണിറ്റുകളാണ് ഹ്യുണ്ടായി കടല്‍ കടത്തിയത്. കയറ്റുമതിയില്‍ 15.17% വളര്‍ച്ച.ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ പസഫിക് എന്നിവിടങ്ങളിലായി ഏകദേശം 90 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കയറ്റുമതിയില്‍ 1.06 ലക്ഷം യൂണിറ്റുകളുമായി ഫോര്‍ഡ് ഇന്ത്യ രണ്ടാമതും 75,948 യൂണിറ്റുകളുമായി മാരുതി സുസുക്കി ഇന്ത്യ മൂന്നാമതുമാണ്.
നിസാന്‍ മോട്ടോഴ്സ് ഇന്ത്യ, ഫോക്സ്വാഗണ്‍ ഇന്ത്യ, കിയാ മോട്ടോര്‍സ് ഇന്ത്യ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനവുണ്ടായിട്ടുണ്ട്. നിസാന്‍ മോട്ടോഴ്സ് 60,739 യൂണിറ്റ്, ഫോക്സ്വാഗണ്‍ 47,021, കിയ മോട്ടോഴ്സ് 12,496 യൂണിറ്റ്, റെനോ 12,096 യൂണിറ്റ്, മഹീന്ദ്ര 10,017 യൂണിറ്റ്, ടൊയോട്ട 8422 യൂണിറ്റ്, ഹോണ്ട കാര്‍സ് 3316 യൂണിറ്റ് എന്നിങ്ങനെയാണ് കയറ്റുമതി ചെയ്തിട്ടുള്ളത്. എഫ്സിഎ, ടാറ്റ മോട്ടോഴ്സ് എന്നിവര്‍ യഥാക്രമം 2391 യൂണിറ്റും 1842 യൂണിറ്റും കയറ്റുമതി ചെയ്തു. ഇന്ത്യയില്‍ വ്യാപാരം അവസാനിപ്പിച്ച ജനറല്‍ മോട്ടോഴ്സ് 54,863 വാഹനങ്ങള്‍ കയറ്റുമതി ചെയ്തതായാണ് റിപ്പോര്‍ട്ട്.
അതേസമയം, 2019 ഡിസംബറില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 9 ശതമാനം കുറഞ്ഞ് 2,15,716 യൂണിറ്റായെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ അറിയിച്ചു.2019 ഡിസംബറില്‍ മൊത്തം വില്‍പ്പന 15 ശതമാനം ഇടിഞ്ഞ് 16,06,002 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 18,80,995 യൂണിറ്റായിരുന്നു.
വില്‍പ്പനാ വളര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെന്ന് ഫാഡാ പ്രസിഡന്റ് ആശിഷ് ഹര്‍ഷരാജ് കേലെ പറഞ്ഞു. മാസത്തിലുടനീളം ഉപയോക്താക്കളില്‍ നിന്നുള്ള അന്വേഷണ നിലവാരം ശക്തമായിരുന്നു. മികച്ച ഓഫറുകളുമുണ്ടായിരുന്നു. പക്ഷേ, ഉപയോക്താക്കള്‍ വാങ്ങലിനെക്കുറിച്ച് തീരുമാനമെടുക്കുന്നില്ല. ഇതുമൂലം ഡീലര്‍മാര്‍ക്ക് ബിഎസ്- നാല് വാഹനങ്ങളുടെ എണ്ണം കുറച്ച് ബിഎസ്-ആറിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും കേലെ ചൂണ്ടിക്കാട്ടി.
ഇരുചക്രവാഹന വില്‍പ്പന 16 ശതമാനം ഇടിഞ്ഞ് 12,64,169 യൂണിറ്റായി. 2018 ഡിസംബറില്‍ ഇത് 15,00,545 യൂണിറ്റായിരുന്നു. അതേസമയം, ത്രീ-വീലര്‍ വില്‍പ്പന കഴിഞ്ഞ മാസം ഒരു ശതമാനം ഉയര്‍ന്ന് 58,324 യൂണിറ്റായി. വാണിജ്യ വാഹന വില്‍പ്പന 2018 ഡിസംബറില്‍ 85,833 യൂണിറ്റിനെ അപേക്ഷിച്ച് 21 ശതമാനം ഇടിഞ്ഞ് 67,793 യൂണിറ്റായി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline