ഉത്സവകാലത്ത് പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 0.28 ശതമാനം നേട്ടം

നവരാത്രി - ദീപാവലി ഉത്സവകാലത്തിന്റെ പിന്‍ബലത്തോടെ പതിനൊന്ന് മാസത്തെ നഷ്ടക്കണക്കില്‍ നേരിയ തിരുത്തല്‍ സാധ്യമാക്കി ഒക്ടോബറില്‍ പാസഞ്ചര്‍ വാഹന വിപണി നേട്ടമുണ്ടാക്കി. 0.28 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ മാസം വില്പനയിലുണ്ടായത്.

2018 ഒക്ടോബറിലെ 2.84 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 2.85 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസം വില്പന ഉയര്‍ന്നതെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (സിയാം) വ്യക്തമാക്കി .

അതേസമയം, നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ പാസഞ്ചര്‍ വാഹന വില്പന നഷ്ടം 20 ശതമാനമാണ്. കഴിഞ്ഞമാസം പാസഞ്ചര്‍ വാഹന ഉത്പാദനം 21.14 ശതമാനവും കയറ്റുമതി 2.18 ശതമാനവും ഇടിഞ്ഞു. എല്ലാവിഭാഗം ശ്രേണികളിലുമായി വാഹന ഉത്പാദനത്തില്‍ ഒക്ടോബറിലുണ്ടായ ഇടിവ് 26.22 ശതമാനമാണ്. ഒക്ടോബറില്‍ എല്ലാ വിഭാഗം ശ്രേണികളിലുമായി മൊത്തം വാഹന വില്പന 12.76 ശതമാനം ഇടിഞ്ഞു. 24.94 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 21.76 ലക്ഷത്തിലേക്കാണ് വില്പന കുറഞ്ഞത്.

ആഭ്യന്തര കാര്‍ വില്പന ഒക്ടോബറില്‍ 6.34 ശതമാനം താഴ്ന്നു. കഴിഞ്ഞമാസം വിറ്റുപോയത് 1.73 ലക്ഷം കാറുകള്‍.അതേസമയം, യൂട്ടിലിറ്റി വാഹന വില്പന ഒക്ടോബറില്‍ 22.22 ശതമാനം ഉയര്‍ന്നു.

കഴിഞ്ഞമാസം മൊത്തം ടൂവീലര്‍ വില്പന 14.43 ശതമാനവും മോട്ടോര്‍സൈക്കിള്‍ വില്പന 15.88 ശതമാനവും ഇടിഞ്ഞു. വാണിജ്യ വാഹന വില്പനയില്‍ വന്ന കുറവ് 23.31 ശതമാനവും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it